2022 ഒക്‌ടോബർ 16, ഞായറാഴ്‌ച

മഴയ്ക്കു വഴിയുണ്ടാക്കുന്നത്

 




മഴയ്ക്ക് വഴിയുണ്ടാക്കുന്നത്

ബിന്ദു പത്മകുമാർ

കവിതാസ്വാദനം


ശ്രീ അജേഷ് .പി. എഴുതിയ 

"മഴയ്ക്ക് വഴിയുണ്ടാക്കുന്നത് " എന്ന

കവിതയ്ക്ക് ഒരാസ്വാദനം:


പ്രളയം,

പ്രകൃതിയുടെ വിനോദമാണെന്ന്‌

പൊതുവിൽ പറഞ്ഞു നാം ആശ്വസിക്കുന്നു.

എന്നാലതാണോ യാഥാർത്ഥ്യം?

അല്ലെന്നുള്ള വസ്തുത 

ബോദ്ധ്യമാക്കി തരുന്ന മനോഹരമായൊരു രചനയാണ്

ശ്രീ പി.അജേഷിൻ്റെ 

"മഴയ്ക്ക് വഴിയുണ്ടാക്കുന്നത് "

എന്ന കവിത


ഉരുൾപൊട്ടിയിറങ്ങുന്ന

മലവിടവിലൂടെ,

മഴ, പ്രളയമായി ഒഴുകി 

പുഴയുടെ വറ്റിപ്പോയ ആഴമില്ലാത്ത വഴികളിലൂടെ ഒഴുകി

മറയുന്നതിനെയാണ്

കവി, തൻ്റെ കവിതയിൽ 

അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.


കാലം,

പുഴയേയും മലയേയും

രണ്ടപരിചിത മുഖങ്ങളാക്കി

മാറ്റിയിരിക്കുന്ന പുതിയ കാലത്തിൻ്റെ

ഏതോ പകലിൽ,

മേഘങ്ങളുടെ ചിറകുതുന്നി,

കാറ്റിൻ്റെ താളത്തിൽ,

മഴ, മലയിൽ വന്നിറങ്ങുമ്പോൾ

അവർ പറഞ്ഞു പങ്കുവയ്ക്കുന്ന

ചില സത്യങ്ങളിലൂടെ,

ഇത് പ്രകൃതിയുടെ വിനോദമല്ലെന്നും,

പ്രകൃതിയുടെ നിസ്സഹായതയിൽ നിന്നും

പിറവിയെടുക്കുന്ന

രക്ഷയുടെ വഴിതിരയലാണ്

പ്രളയവഴികളെന്നും പഠിപ്പിച്ചുതരുന്ന

കവിതയാണ് ശ്രീ പി. അജേഷിൻ്റെ

"മഴയ്ക്ക് വഴിയുണ്ടാക്കുന്നത് "


മഴയും മലയും

രണ്ടപരിചിതരായി തീർന്നിരിക്കുന്നു എന്ന ദു:ഖകരമായ സത്യത്തെ

കവി, ഇവിടെ അവതരിപ്പിച്ചു കൊണ്ടാണ്

ഈ മനോഹര കവിതയുടെ

വരികളിൽ വാക്കുകളെ വിളയിക്കുന്നതും,

അത് നമ്മെ പൊള്ളിക്കുന്നതും.


പ്രകൃതിയിൽ നിന്ന്

മനുഷ്യൻ മാറി സഞ്ചരിക്കുന്നതുകൊണ്ടാണ്

തെറ്റുന്ന ഋതുക്കൾക്കും,

വറ്റിയ പുഴകൾക്കും,

നിറയുന്ന മഴനീർച്ചാലുകൾക്കും,

പൊട്ടുന്ന മലകളുടെ വിള്ളലുകളിൽ

കുടുങ്ങി നിലവിളിക്കുന്ന

നിരാലംബ ജീവിതങ്ങൾക്കും,

കാരണമാകുന്നതെന്ന പാഠം

ഈ കവിതയുടെ ഇടവഴികളിൽ

കോർത്തിട്ട വാക്കുകൾകൊണ്ട്

നിറച്ചുവയ്ക്കുന്നു.


മനോഹരമാകുന്നു

ഈ കവിതയുടെ ചില്ലകളിൽ 

പൂക്കുന്ന ചിന്തകൾ.


കാലിക പ്രസക്തമായ ചില സത്യങ്ങളെ

തൻ്റെ ചിന്തകളുടെ കനലുകളിൽ

പൊള്ളിച്ചെഴുതിയ

ഈ കവിതയിൽനിന്ന്,

പ്രകൃതിസ്നേഹിയായ

ഒരു മനീഷിയുടെ വിഹ്വലതകളാണ്

പ്രതിധ്വനിക്കുന്നത്.


മേഘങ്ങളുടെ ചിറകുവിടർത്തി,

കാറ്റിൻ്റെ താളത്തിലാടി,

പെയ്തിറങ്ങി,

മഴ, മലയിൽ 

നൃത്തം വയ്ക്കുമ്പോൾ,

മഴയറിയുന്നു,

മല, അപരിചിതനാകുന്നുവെന്ന സത്യം .

മലകളൊക്കെയും

മാറിയിരിക്കുന്നുവെന്ന നേര്.

അവയൊക്കെയും

ചെറു മൺതുരുത്തുകളാക്കി

മനുഷ്യൻ തൻ്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായി

മാറ്റിയിരിക്കുന്ന കാഴ്ച

മഴ തിരിച്ചറിയുന്നു.


മലയും മഴയും

അപരിചിത വ്യക്തികളായി

ഈ മണ്ണിൽ പരിവർത്തിക്കപ്പെട്ടിരിക്കുന്ന

വിചിത്രകാലത്തിൻ്റെ നടുവിലാണ്

അവർ പരസ്പരം

പരിചയപ്പെടുത്തുന്നത്.


"ഞാൻ മല"


"ഞാൻ മഴ"


മലയുടെ നാടായ നാട്ടിൽ

മലകൾ അപരിചിതരായി മാറുന്ന,

മലകൾ അന്യമായി 

തീരുന്ന ദു:ഖകരമായ പ്രതിസന്ധികളിലൂടെയാണ്

നാം കടന്നുപോകുന്നതെന്ന

തിരിച്ചറിവിനെ, വാക്കിൻ്റെ 

കൂർത്തമുനകളിൽ കോർത്തിട്ട്

വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്ന

ആഴത്തിലാണ്ടെഴുതിയ

കവിതയാകുന്നു ഇത്.


മല,

മഴയോട് കഥകൾ മെനയുന്നു.

മേഘങ്ങളെ ചുംബിച്ച്

ആകാശം മുട്ടെ ഉയർന്നുനിന്ന

കാലത്തെ ഓർമ്മിപ്പിക്കുന്നു.

മഞ്ഞിനെ പ്രണയിച്ച്,

മഞ്ഞിൽ ലയിച്ച്,

മഞ്ഞിനെ ഭോഗിച്ച്, അനുഭവിച്ച് 

ജീവിച്ച കാലത്തിൻ്റെ 

സൗന്ദര്യവും, നിർവൃതിയും മല , 

മഴയോട് പങ്കുവയ്ക്കുന്നു.


മാനംമുട്ടി നിന്ന

ഞാനിന്ന് നിലം തൊട്ടുനിൽക്കുന്നു.

മഞ്ഞിൻ്റെ കുളിര് 

ചോർന്നുപോയിരിക്കുന്നു.

മേഘങ്ങൾ തഴുകിയിറങ്ങാത്ത

ചെറുകുന്നായി മാറിപ്പോയ

എൻ്റെ ദുരിതകാലത്തിൻ്റെ പകലിലാണ്

നീ എന്നിലേയ്ക്ക് പെയ്തിറങ്ങിയത്.


ഗൃഹാതുരത്വമാർന്ന ചിന്തകളും

ഓർമ്മകളും ബാക്കിവച്ച്

ഞാനിവിടെ ഒറ്റയാകുന്നു.

എൻ്റെ ഉയരങ്ങളിടിഞ്ഞ്

നിലം തൊട്ട് ഞാനിവിടെ ഏകനാകുന്നു

പ്രിയ സഹോദരാ ..


മല പറഞ്ഞ കഥകളിൽ

ചെവി ചേർത്തുവച്ച്,

ചെടികൾക്കിടയിൽ  

മഴ ചേർന്നിരുന്നു.


മലയൊരു കഥയായി,

മലയൊരു ഓർമ്മയായിതീർന്ന കഥയറിഞ്ഞ മഴ,

താനുമിതുപോലൊരു 

കഥയായി തീരുന്നതിൻമുമ്പ്,

താനൊരു ഓർമ്മച്ചിത്രമായി മാറുന്നതിൻമുമ്പ്,

പുഴവെള്ളത്തിൽ ലയിക്കുന്നതിനുള്ള

വഴിതിരയുകയാണ് മഴയപ്പോൾ വേദനയോടെ ചെയ്തത്.


പ്രകൃതിയിൽ നിന്ന്

മനുഷ്യൻ  ബലമായി പലതും

പറിച്ചെടുക്കുമ്പോൾ, 

നമുക്ക് നഷ്ടമാകുന്ന പലതും

ഓർമ്മയായി മാറുന്ന

കാഴ്ചയാകുന്നു

കവിയെ, ഈ വരികൾ

കോറാൻ പ്രേരിപ്പിച്ചത്.


മഴ,

കരഞ്ഞു കൊണ്ടേയിരുന്നു.

രാത്രിയുടെ യാമങ്ങൾ

പലതും കൊഴിയുംവരെ.

ഒടുവിൽ, മല കനിഞ്ഞ്

വഴിയൊരുക്കി

മഴയെ പുഴയിലേയ്ക്ക് ഒഴുക്കിയതാണ്

ഇരുട്ടിവെളുത്തപ്പോൾ

ഒരു ദേശം ഓർമ്മയിൽനിന്ന്

ഒലിച്ചുപോയതെന്ന് കുറിച്ചിട്ട്,

കവി കാലത്തിൻ്റെ മുമ്പിൽ

കൈകൂപ്പി നിൽക്കുന്നു.


മനുഷ്യത്വത്തിൻ്റെ

അടിസ്ഥാനശിലകൾ

മനുഷ്യനിൽനിന്ന് നഷ്ടമാകുമ്പോൾ,

പ്രകൃതി, നമുക്കന്യമായിത്തീരുന്നുവെന്ന

പാഠം ഈ കവിതയുടെ വരികളിൽ

കവി ചേർത്തുവച്ച്

നമ്മെ വായിപ്പിക്കുന്നു.


മഴയും മലയും,

മഞ്ഞും മഴക്കാറും,

ഇരുളും നിലാവും,

മരങ്ങളും പാറക്കെട്ടുകളും,

ചളിയും പുതുവഴിച്ചാലും

കവിതയിൽ ഇണക്കിച്ചേർത്തുവച്ച്,

പ്രകൃതിയുടെ സൗന്ദര്യത്തെ

കൂട്ടിവച്ചാസ്വദിപ്പിക്കുമ്പോൾ,

കവി ഓർമ്മിപ്പിക്കുന്നു:

സ്വാർത്ഥ മോഹിയായിതീർന്ന നാം

പ്രകൃതിക്കുമേൽ 

സൃഷ്ടിക്കുന്ന പ്രഹരങ്ങളുടെ

ഭയാനക വിപത്തിനെ...


പ്രകൃതി സ്വതന്ത്രമാണ്.

പ്രകൃതിയിൽ പിറവി

കൊള്ളുന്നതൊക്കെയും സ്വതന്ത്രമാകുന്നു.

അവയ്ക്ക്, സ്വതന്ത്രമായി സഞ്ചരിക്കുവാനും

ജീവിക്കുവാനുമുള്ള വഴികൾ

പ്രകൃതി തുറന്നുവച്ചിട്ടുണ്ടിവിടെ.


ആ വഴികൾ

ഒരുവനടയ്ക്കുമ്പോൾ

സ്വാതന്ത്ര്യം എന്ന 

പ്രകൃതിയുടെ നീതി

പുതുവഴി തുറന്നു സഞ്ചരിക്കുമെന്ന

നിയമത്തെയാണ്

ഈ കവിതയിലൂടെ കവി

വെളിപ്പെടുത്തുന്നത്.


അത്,

മഴയായാലും മലയായാലും,

മനുഷ്യനായാലും മൃഗങ്ങളായാലും,

പുഴയായാലും കടലായാലും

പുഴുവായാലും പറവയായാലും

അവരുടെ സ്വതന്ത്രസഞ്ചാരം

തടയപ്പെട്ടാൽ മറ്റൊരുവഴി 

അവർ സൃഷ്ടിക്കുമെന്ന സത്യം വിസ്മരിക്കരുതെന്ന്

ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.


കാലമിത്തിരി വൈകിയാലും,

അത് സംഭവിക്കുമെന്നതിന്

പ്രകൃതി തരുന്ന മുന്നറിയിപ്പാണ്

മഴയുടെ നീണ്ട 

കരച്ചിലിനൊടുവിൽ,

പ്രളയമായി, ഉരുൾപൊട്ടി,

മലപൊട്ടി പുഴയിലേയ്ക്കുള്ള വഴി

മല ,മഴയ്ക്കായി തുറന്നുകൊടുക്കുന്നത്.


പ്രകൃതിയെ പ്രണയിക്കുന്ന കവി,

പ്രകൃതിനാശത്തിൻ്റെ 

ഇരുൾവീണ കാഴ്ചകളിൽനിന്ന് പ്രചോദിതനായി

വേദനയോടെ കുറിച്ചിട്ട

ഈ വരികളിൽ നിറയുന്ന

കവിതയുടെ ആഴം

അളന്നെടുക്കാനാവാത്തതാണെന്ന

തിരിച്ചറിവോടെ,

ഇനിയും മനോഹരങ്ങളായ 

കവിതകൾ രചിക്കുന്നതിന്,

പ്രിയ കവിയുടെ തൂലികയ്ക്ക് 

കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്,

ഈ ആസ്വാദനകുറിപ്പ്

പ്രിയ വായനക്കാർക്കു മുമ്പിൽ

വിനയത്തോടെ സമർപ്പിക്കുന്നു.


           ബിന്ദു പത്മകുമാർ



കവിത -

 മഴയ്ക്ക് വഴിയുണ്ടാക്കുന്നത്.

................ ............................


മേഘങ്ങളുടെ ചിറകുതുന്നി

കാറ്റിൻ്റെ താളത്തിൽ

മഴ, മലയിൽ വന്നിറങ്ങുന്നു.


രണ്ട് അപരിചിതർ !

പേരെന്താണ്?

"മഴ"

"ഞാൻ മല"


മല ,

കഥകൾ മെനയുന്നു.

മേഘത്തെ ചുംബിച്ച

മഞ്ഞിനെ ഭോഗിച്ച

കഥകൾ ഓർത്തെടുക്കുന്നു.


മഴ, 

ചെടികളിൽ ചേർന്നിരുന്നു

കഥ കേൾക്കുന്നു.

നേരം ഇരുളുന്ന രാത്രി,

പരവതാനി വിരിക്കുന്നു.


മഴ:

"ഈ പുഴയിലേയ്ക്കുള്ള വഴി ?

ഞാനൊരു 

കഥയാകുന്നതിന് മുമ്പ്

വഴി തിരഞ്ഞില്ലെങ്കിൽ

പുഴയിൽ ലയിക്കുവതെങ്ങനെ?"


മഴയുടെ 

നിർത്താതെയുള്ള

കരച്ചിൽ കേട്ട്,

മലയാണ്

മരത്തെ പുഴക്കി,

പാറകളുരുട്ടി,

മണ്ണിളക്കി,

മഴയ്ക്ക് താഴേയ്ക്ക് 

വഴി വെട്ടിയത്.


പാറകളിൽ പിടിച്ച്

ചളിയിൽ കളിച്ച്,

മഴ, പുതുവഴിയെ

മലയിറങ്ങുന്നു.


ഇങ്ങനെയാവണം

ഒരു ദേശം

ഇരുട്ടിവെളുത്തപ്പോൾ,

ഓർമ്മയിൽനിന്ന്

ഒലിച്ചുപോയത്.


           അജേഷ്.പി.

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...