കഥാകാരിയുടെ ആദ്യ കഥാസമാഹാരമാണ് "നാട്ടുവഴികളിലൂടെ" എന്ന ഈ പുസ്തകം. 25 മനോഹരമായ കഥകളുടെ ഈ സമാഹാരത്തിൽ കഥാകാരിയുടെ നാട്ടുവഴികളിൽ തളിർത്ത സ്വപ്നങ്ങളും. നാഗരിക ജീവിത സംഘർഷങ്ങളും തെളിമകളുമുണ്ട്..
മലയാളത്തിന്റെ പ്രിയ കവി പി രാമാൻ അവതാരികയിൽ ഈ കഥകളെ വിലയിരുത്തുന്നത് "മനുഷ്യ ബന്ധങ്ങളിൽ നിന്ന് കണ്ടെടുത്ത കഥകളെന്നാണ്". ഈ സമാഹാരത്തിന് ആമുഖമെഴുതിയത് കഥാകാരിയുടെ അധ്യാപകൻ കൂടിയായ അച്യുതൻ മാഷാണ്.
കാവിലെ താലപ്പൊലിക്ക് പൂതൻ കെട്ടാൻ കഴിയാതെ, പണിക്കിടയിൽ കാലൊടിഞ്ഞ് കിടക്കുന്ന സാധാരണ തൊഴിലാളിയാണ് കുഞ്ഞൂട്ടൻ. അയാൾക്ക് എല്ലാം പാരമ്പര്യമായി കിട്ടിയ കലാരൂപമാണ്. പൂതൻ കെട്ടാൻ തുടങ്ങിയ കാലം മുതൽ അയാൾ അതിന് മുടക്കം വരുത്തിയിട്ടില്ല. ആദ്യമായി അതിനു കഴിയാതെ വരുന്ന അവസ്ഥ അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. ഭാര്യ സുമതി ഒരു കുഞ്ഞില്ലാത്തത്തിന്റെ വേദനയിലും ആധിയിലുമാണ്. ജീവിത യാത്രയിൽ പച്ച തൊടാതെ നിസഹായരായി പോകുന്ന മനുഷ്യരാണ് "കുഞ്ഞൂട്ടന്റെ വ്യഥയിലെ" കഥപ്രാത്രങ്ങൾ. ജീവിതത്തിൽ ആവോളം ബുദ്ധിമുട്ടാണ് കുഞ്ഞുട്ടനുള്ളത്.
"അവസ്ഥ"ഒരു കുഞ്ഞു കഥയാണ്. എന്നാൽ കുന്നോളം ചിന്തിക്കാനുള്ളത്. അച്ഛന്റെ മരണത്തോടെ ഒറ്റയായി പോകുന്ന രേവൂട്ടി... മരണ അറിയിപ്പ് എല്ലാവരേയും ആ വീട്ടിൽ കൊണ്ടുവരുന്നു. പക്ഷെ ഇനിയുള്ള ജീവിതത്തിൽ തനിച്ചാണെന്ന യാത്ഥാർഥ്യം അറിയാതെ പോകുന്നു രേവൂട്ടി....
"അയനം"എന്ന കഥ അപ്പു മാഷിന്റെതാണ്. ജീവിത സായാഹ്നത്തിൽ മകന്റെ അടുത്തേക്ക് കൽക്കത്തയിലേക്ക് വണ്ടി കയറാൻ തയ്യാറെടുക്കുന്ന മാഷ് തന്റെ തൊടിയിലെ മരങ്ങളോടും കിണറിനോടുമാണ് യാത്ര ചോദിക്കുന്നത്. മാവിനും പ്ലാവിനും മുല്ലയ്ക്കും കിണറിനും മാഷ് പേരിട്ടുണ്ട്... മാഷിനും അവയ്ക്കുമറിയുന്ന ഏതോ ഭാഷയിലാണ് യാത്രചോദിപ്പ്, എങ്കിലും മാഷിന് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോക വയ്യ. ഒടുവിൽ ഉമ്മറത്തെ ചാരു കസേരയിൽ മാഷ് തണുത്തുറയുന്നു. അപ്പുമാഷും ജീവിത പരിസരവും പരുതൂർ നൽകിയ ഓർമകൾ തന്നെ തീർച്ച. അവിടെ അങ്ങനൊരു അപ്പു മാഷ് ജീവിക്കുന്നുണ്ടാവാം (ജീവിച്ചിട്ടുണ്ടാകാം ). സ്വന്തം ഇടത്തു നിന്നും പറിഞ്ഞ് പോകാൻ മാഷിന് കഴിയില്ലായിരിക്കാം...
"മുറിവുകൾ"എന്ന കഥ ബാല്യത്തിൽ ശരത്തിന് ഹൃദയത്തിലേറ്റ വലിയ മുറിവ് തന്നെയാണ്. ജാനകിയെന്ന തന്റെ കളിക്കൂട്ടുകാരിയുടെ ഓർമ്മകൾ, കുട്ടിക്കാലത്ത് ഒന്നായിരുന്ന കൂട്ടുകാർ ശരത്തും അപ്പുവും അപ്പുവിന്റെ പെങ്ങൾ ജാനകിയും. മുങ്ങാംകുഴിയിട്ട് കുളത്തിൽ എണ്ണി കളിക്കുന്നതിനിടയിൽ കുളത്തിന്റെ ആഴങ്ങളിൽ പോയി ഒളിച്ചിരുന്നവൾ. അവളെ ശരത്തു തന്നെയാണ് കുളത്തിനടിയിൽ കല്ലുകൾക്കിടയിൽ നിന്ന് കണ്ടെത്തുന്നത്, ചേതനയറ്റ ആ ശരീരം മുങ്ങിയെടുത്ത് കൊണ്ടു വന്നതും അവനാണ്. കാലം ഏറെ കഴിഞ്ഞെങ്കിലും, ആ ഗ്രാമം വിട്ട് നഗരത്തിൽ ചേക്കേറിയെങ്കിലും ഫ്ലാറ്റിന്റെ ചുവരുകൾക്കുള്ളിലും ശരത്തിനെ ആ. ഓർമ്മകൾ ചുട്ടുപ്പൊള്ളിക്കുന്നു.
ആർക്കും മറ്റൊരാൾക്ക് പകരമാകാനാവില്ല എന്ന യാഥാർത്ഥ്യം ജീവിത സായാഹ്നത്തിലിരുന്നു രണ്ടാം വിവാഹക്കാരായ ദീപക് നമ്പ്യാരും സുലേഖ നായരും "വ്യർത്ഥ"മെന്ന കഥയിൽ നമ്മെ ബോധ്യപ്പെടുത്തുന്നു.
"വിഹിതം"എന്നും നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ്. നന്ദിനിയും അപ്പുവും മാധവൻ നായരും ഗോപാലൻ നായരും അതിലെ ചില കഥാപാത്രങ്ങളാണെന്നു മാത്രം.
പിശുക്കൻ കേളപ്പന്റെ കഥ ഒരു ഗുണപാഠ കഥകൂടിയാണ്. മരിച്ചാലും തീരാത്ത മനുഷ്യന്റെ ആർത്തി തന്നെയാണ് അല്പം ഹാസ്യരൂപത്തിൽ എഴുതിയ "സമ്പാദ്യപ്പെട്ടി".
ഏഷണിയും, കുശുമ്പും കുറച്ച് ഇല്ലാകഥകളും എല്ലാ നാട്ടിൻപുറങ്ങളിലും സാധാരണമാണ്. എണ്ണമറ്റ ഇത്തരം കഥകൾ പലർക്കും ആനന്ദത്തിനുള്ള ഉപാധി കൂടിയാണ്. കേട്ട കാര്യം ശരിയാണോ, തെറ്റാണോ എന്ന് നോക്കാതെ തീപ്പൊരി പോലെ അത് നാവിൽ നിന്ന്. നാവിലേക്ക് പടരും. പലപ്പോഴും ഇരകൾ ആ കഥയറിയുമ്പോഴേക്ക് അത് ലോകം പലതവണ ചുറ്റും. ഗംഗാറാമിന്റെ ഭാര്യ അല്ലിയെ കുറിച്ചും നാട്ടിൽ കഥ പരന്നത് അപ്രകാരമാണ്. സദാചാരത്തിന്റെ വികൃതമുഖം " തീപ്പൊരി" എന്ന കഥ അനാവരണം ചെയ്യുന്നു.
ഒറ്റപ്പെട്ട വാർദ്ധക്യത്തെ പറ്റിയാണ് 'ചിന്ത'എന്ന കഥയും. അമേരിക്കൻ പൗരത്വമുള്ള മകളുടെ അമ്മയാണ് റീത്താമ്മ.എന്നാൽ അവർ 209 ബി ബ്ലോക്കിൽ ഒറ്റക്ക് കഴിയുന്നു. മറ്റൊരു ബ്ലോക്കിൽ നിന്നും ബ്ലോക്കിൽ നിന്നും ടുട്ടു എന്ന പൂച്ചയെ കാണാതായതിൽ ആ വീട്ടുകാരുടെ സങ്കടം കാണുമ്പോൾ തൻറെ നിർഭാഗ്യത്തെ പറ്റിയും ടുട്ടു പൂച്ചയുടെ ഭാഗ്യത്തെ പറ്റിയും ചിന്തിക്കുകയാണ് റീത്താമ. വാർദ്ധക്യങ്ങൾ ആരും കടന്നു ചെല്ലാത്ത തുരുത്തുകളാണ്.
"കാലചക്രം" ശാന്തി അക്ക എന്ന വേലക്കാരിയുടെ കഥയാണ്. നന്നായി പഠിക്കാൻ ആഗ്രഹിച്ച അവൾ, പക്ഷെ ചെറുപ്രായത്തിൽ മുറൈമാമന്റെ .ഭാര്യയായി ആകേണ്ടി വന്ന ദുരിതം'. കല്യാണത്തോടൊപ്പം സ്വന്തം വീടും കടയും കൈക്കലാക്കിയ ഭർത്താവ് രണ്ടാം ഭാര്യയെ കൊണ്ടുവന്നപ്പോൾ അവൾ സ്വന്തം വീട്ടിൽ നിന്ന് പുറത്താകുന്നു പിന്നീട് മകനുവേണ്ടി ജീവിച്ച ശാന്തി അക്ക മകന്റെ വഴി പിഴച്ച കൂട്ടുകെട്ടിലും ഗുണ്ട ജീവിതത്തിലും സങ്കടത്തിലാവുന്നു. ഒടുവിൽ ആരുടെയോ കൈകളാൽ. മകൻ കൊലചെയ്യപ്പെടുകയും ചെയ്യുന്നു. വീണ്ടും ഒറ്റയാകുന്ന അവർ വീട്ടുജോലിക്കാരിയായി മാറുന്നു. ഒടുവിൽ രണ്ടാം ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ടവനും രോഗിയുമായ ഭർത്താവ് അവളിൽ അഭയം തേടി വരുന്നു. എന്നാൽ തന്നെ ഇത്രത്തോളം വേദന തീറ്റിച്ച അയാളെ ശാന്തി അക്ക ധീരമായി അവഗണിക്കുന്നു. മിടുക്കരായി വളർന്ന് സാഹചര്യത്താൽ ദുരിതം അനുഭവിക്കേണ്ടിവന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ ശാന്തി അക്കൻ ഒടുവിൽ ധീരമായ നിലപാടുള്ളവളാകുന്നു.
"ദേവൂട്ടിയുടെ വര"എന്ന കഥയിൽ, അറിവല്ല തിരിച്ചറിവാണ് പ്രധാനമന്ന് പറഞ്ഞു വെക്കുന്നു. നമ്മുക്കുള്ള കവചം തീർക്കേണ്ടത് നമ്മളാണ് മറ്റൊരാളല്ല, അവരുടെ വാക്കുകളല്ല എന്ന് ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
നഗര ജീവിതത്തിൻറെ വേഗതയും ധൃതിയും യാന്ത്രികതയും ഒറ്റപ്പെടലും വരച്ചുവയ്ക്കുന്ന കഥയാണ് മുംബൈയുടെ പശ്ചാത്തലത്തിൽ പറയുന്ന "രാധികയുടെ വനിതാദിനം" ജീവിതം കൂട്ടിമുട്ടിക്കാൻ പെടുന്നപാട് ഈ കഥ പറഞ്ഞു വെയ്ക്കുന്നു. മുംബൈ എന്ന നഗരത്തോളം തിരക്കാണ് മുംബൈയിൽ ഓടിത്തളരുന്ന ഓരോ ഇടത്തരക്കാരനും.
"വാപ്പച്ചിയുടെ പാച്ചു" ഉപ്പയുടെയും മകന്റെയും സ്നേഹത്തിന്റെ കഥയാണ്.
ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം ആരുമല്ലാത്തവരായി മാറുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് " അപർണ". കൂടെ ഉണ്ടാകുമെന്ന് കരുതിയവരെല്ലാം ഒരു ആപത് ഘട്ടത്തിൽ അവളെ കൈവിടുന്നു. ഒടുവിൽ നാടുവിട്ട് സ്വന്തം പ്രയത്നത്താൽ പ്രതിസന്ധികളെ മറികടന്ന് ഉയർച്ചയിൽ എത്തുന്ന കഥാപാത്രമാണ് "അപർണ"എന്ന കഥയിലെ അപർണ. ഒടുവിൽ അപർണക്ക് മുന്നിൽ ചെറുതായി പോകുന്ന മനുഷ്യരാകുന്നു കഥയിലെ മാലതി ടീച്ചറും മകൻ അഭിയും.
" കാണാക്കാഴ്ചകൾ" മനുഷ്യബന്ധങ്ങളിലെ ഊഷ്മളമായ സ്നേഹബന്ധങ്ങളെ കുറിച്ചുള്ള കഥയാണ് കോവിഡുകാലം ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച മനുവും ഭാര്യ രേവതിയും മകൻ ഉണ്ണിയും എത്രയോ തവണ തന്നെ കാണാൻ ആഗ്രഹിച്ച അമ്മയുടെ വിയോഗം
. ആ വിയോഗം അച്ഛനെന്ന തിരക്കുകാരനിൽ വരുത്തിയ മാറ്റം, തളർച്ച . മകനോടൊപ്പം ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറാകുന്ന അച്ഛൻ. സ്നേഹബന്ധങ്ങൾ ആവശ്യമുള്ളപ്പോൾ നൽകുവാൻ കഴിയുന്നതാവണം എന്നു കഥ വായനക്കാാരനെഓർമ്മ
പ്പെടുത്തുന്നു.
"മീശ" സമകാലിക ജീവിതത്തിൽ നിന്നുള്ള കാഴ്ചയാകുന്നു. ഭാർത്താവ് മരിച്ച് പ്രാരാബ്ധങ്ങൾ ഏറ്റെടുക്കേണ്ടി വന്ന അമ്മയെ എല്ലാവരും നിരുത്സാഹപെടുത്തുന്നു. അവരെ കുറ്റം പറയുന്നു. അവിടെ അമ്മക്കൊരു മീശയുണ്ടാകാൻ പ്രാർത്ഥിക്കുന്ന കുട്ടി. സ്ത്രീ -പുരുഷ ജീവിത വ്യത്യാസങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിന് തെളിവാണ് ഈ കഥ.
"മൗനി"നിസഹയായി പോകുന്ന ഒരുവളുടെ കഥയാണ്. തന്നെ കെട്ടാൻ വന്ന രണ്ടാം കെട്ടുകാരൻ ആണെന്ന് വെളിപ്പെടുത്തുന്നു. തന്നിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത് എന്നും പറയുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി തന്റെ വായാടിത്തവും സന്തോഷവും ജീവിതവും മാറ്റിവെച്ച് അവൾ മൗനിയായ ഒരു കഥയാണിത്.
ഇനിയും ഒട്ടേറെ കഥകൾ ഈ പുസ്തകത്തിനകത്തുണ്ട് പാഴ്ജന്മത്തിലെ കുട്ടേട്ടനും ഭരതൻ ഗുരുക്കളു, പറ്റുപുസ്തകത്തിലെ മറവിരോഗം വന്നു തുടങ്ങിയ പ്രഭാകരൻ അങ്കിൾ, പ്രഹേളികയിലെ മാലതി ടീച്ചറും വീണയും, നാട്ടുവഴികളിലെ ദർശനയും പരുതൂർ ഗ്രാമവും ചിറങ്കര ദേവിയും. ജാതകത്തിലെ ലക്ഷ്മിഅമ്മ അവരുടെ, സംശയങ്ങൾ, ഓർമ്മപ്പൂക്കളിലെ ചക്കിയും മീരയും മുത്തശ്ശിയും, ദാമ്പത്യത്തിൽ വേർപ്പെട്ടു പോയ അച്ഛനമ്മമാരുടെ മകൻ രാഹുൽ അവരോടൊപ്പം നിരവധി കഥാപാത്രങ്ങൾ. പലരേയും ഈ പുസ്തക വായനയിൽ പതിയെ തൊടാൻ , അവരോട് സംസാരിക്കുവാൻ തോന്നും. ഈ കഥാപാത്രങ്ങളെയെല്ലാം തന്റെ ജീവിത പരിസരത്തു നിന്നും കണ്ടെത്തിയതാവണം കഥാകാരി.
ഉഷ സുധാകരൻറെ കഥ ചുറ്റുമുള്ള ജീവിതങ്ങളെ പകർത്തി വയ്ക്കാൻ മാത്രമുള്ളതല്ല അദൃശ്യമായി ആ കഥകളിലൂടെ കഥാപാത്രങ്ങളോടൊപ്പം നടക്കാനുള്ളത് കൂടിയാണ്. ഒറ്റയാകുന്ന വാർദ്ധക്യത്തിന്റെ പലവിധ അവസ്ഥകൾ പല കഥകളിലായി കാണാൻ കഴിയും. അവിടെ ഒറ്റപ്പെടുന്നവരുണ്ട് മക്കളുടെ സ്നേഹം കിട്ടുന്നവരുണ്ട്. സ്നേഹത്തിനായി കെ കൊതിക്കുന്നവരുണ്ട് വാർദ്ധക്യത്തിലും സ്വന്തം നാടിനെയും വീടിനെയും കുറിച്ചുള്ള ആധികളുള്ളവരുണ്ട്. മുന്നെ പറഞ്ഞപോലെ കഥാകാരി ജനിച്ചുവളർന്ന പരുതൂർ എന്ന ഗ്രാമവും ഇപ്പോൾ ജീവിക്കുന്ന നഗരത്തിന്റെ ഇടപെടലും സങ്കീർണതകളും സംഘർഷങ്ങളുമുണ്ട് സ്നേഹവും തെളിച്ചവുമുണ്ട് ലളിതമായ ഭാഷയിൽ ആഖ്യാനം ചെയ്ത ഈ കഥകളിൽ. നഗരത്തിൽ നിന്ന് നാട്ടുവഴികളിലേക്കും നാട്ടുവഴികളിൽ നിന്ന് നഗരത്തിലേക്ക് ഉള്ള പ്രയാണം കൂടിയാണ് ഈ കഥാസമാഹാരം
©️അജേഷ് പി
ajeshptb@gmail.com

