2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

മുങ്ങാംകുഴിയിട്ട കുളിരോർമകൾ - അജേഷ്.പി



മുങ്ങാംകുഴിയിട്ട
കുളിരോർമകൾ
അജേഷ്.പി



കുട്ടിക്കാലത്ത് നാട്ടിൻ പുറങ്ങളുണരുന്നത്
കോഴി കൂവലും, അമ്പലത്തിലെ പാട്ടും, ബാങ്കും, പിന്നെ റേഡിയോയുടെ താളവുമനുസരിച്ചായിരുന്നു. വന്ദേമാതരവും സുഭാഷിതവും സംസ്കൃത വാർത്തയും.... ഗ്രാമത്തിന്റെ പുലർകാല താളത്തിന് ആസ്വാദ്യത കൂട്ടിയിട്ടെയൊള്ളു. രാവിലെ പ്രാദേശിക വാർത്ത കേട്ടു കഴിയുമ്പോഴാണ് പല്ലു തേക്കാനുള്ള ഉമിക്കരി ചെമ്പരത്തിയിലയിൽ പൊതിഞ്ഞ് എണ്ണയും തേച്ച് സോപ്പുപ്പെട്ടിയും തോർത്തുമെടുത്ത് കുളിക്കാനിറങ്ങുക.   കുളത്തിലാണ്  കുളി അമ്മുംക്കുന്നത്തെ കുളത്തിലെത്താൻ നിമിഷങ്ങളെ വേണ്ടു റോഡിറങ്ങി പാടം മുറിച്ചു കടന്നാൽ കുളമായി. കുളത്തിലെത്തിയാൽ പല്ലുതേപ്പാണ് തുടക്കം, കഥ പറഞ്ഞ് നീട്ടിയൊരു കറുത്ത തുപ്പൽ . പോകുന്ന വഴിയിൽ താഴ്ന്നു കിടക്കുന്ന തെങ്ങിൻ പട്ടയിൽ നിന്ന് ഊർന്നെടുത്ത ഈർക്കില ചെവിയിൽ നിന്നെടുത്ത് നാവും വടിച്ച് നിവരുമ്പോഴേക്ക് കുളം നിറയും സ്ത്രീപുരുഷ ഭേദമന്യെ കുറേപ്പേർ അലക്കും കുളിയും നീന്തലുമായി ഒരു ചെറിയ കുളത്തിൽ.
ചിലർ വലിയ വായിൽ വിളിച്ചു പറയും
കുളം കലക്കേല്ലെടാ
കുറെ തുണികളുണ്ട്...
ഒന്നു വേഗം കുളിക്കടാ....
മറ്റു ചിലർ.
പല്ലുതേപ്പു കഴിഞ്ഞാൽ അടുത്ത പണി വി.കെ.സി ചെരിപ്പ് നന്നായി തേച്ചൊരച്ച് വെളിപ്പിക്കുക എന്നതാണ്.
അന്നത്തെ ഹീറേ വി.കെ.സി ചെരിപ്പാണ്, ബ്ലേഡ് പോലെ ആയാലുമത് വെട്ടിത്തിളങ്ങും.
അമ്മുംക്കുന്നത്തെകുളവും, അതിലെ ബഹളങ്ങളും ആരു മറക്കില്ല, ഇന്നതൊരു ചവറ്റു കൂട്ടയായ് മാറിയെങ്കിലും, ' പല തലമുറകളെ നീന്താൻ പഠിപ്പിച്ച കുളമാണത്. ഏറെ കഥകൾ ഇനിയും പറയാനുണ്ട് ആ കുളത്തിന്.


       ഇനി രണ്ടുകണ്ടം താഴോട്ട് ഇറങ്ങിയാൽ കിണറു പോലെ കുണ്ടുള്ള അടുത്ത കുളമായി കളത്തിൽ പള്ള്യാൽ കുളം, കിണറുപോലെ കുണ്ടുള്ള കുളം, വേനൽകാലത്ത് വെള്ളം കോരി കുളിയും, തുണിയലക്കലും നടക്കുന്ന ഒരു കുളമാണത്, അതിനകത്താണ് ഒരു ദിവസം കുളവക്കത്ത് വിളക്ക് കത്തിച്ചു വെച്ച് കുറുമ്പമ്മായി മരിച്ചു കിടന്നത്. തൊട്ടപ്പുറത്തുള്ള പാറക്കൂട്ടം അതായിരുന്നു ഒരു ഗ്രാമത്തിന്റെ വെളിയിടം.
       ഇനിയും രണ്ടുകണ്ടം അപ്പുറത്ത് ചാടിയാൽ തലയണകുണ്ടെന്ന കൊച്ചു കുളമായി.കുളം കലക്കാതെ കുളിക്കണം തലയണക്കുണ്ടിൽ. കണ്ടത്തോടും തോടിനോടും ചേർന്നു കിടക്കുന്നതിനാൽ ചിലപ്പോൾ നല്ല ഏറ്റുമീനുമുണ്ടാവും  തലയണക്കുണ്ടിൽ,
                     അപ്പുറത്തെ പറമ്പിലാണ് ശിവക്ഷേത്രത്തിനോട് ചേർന്ന് പായലും, ആമ്പലും ധാരാളം നിറഞ്ഞ അമ്പലക്കുളം,
ശിവക്ഷേത്രത്തിന് നല്ല പഴക്കമുണ്ട് കേരളത്തിലെ അപൂർവം ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രം,  ഉച്ച സമയത്ത് തണുത്ത വെള്ളത്തിലങ്ങനെ മുങ്ങി നിവരാൻ എന്തു രസമാണെന്നോ....! ഇടയ്ക്കൊന്നു മുങ്ങി നിവരുമ്പോൾ  ആമ്പലിന്റെ രസകരമായ കിഴങ്ങു വായിലുണ്ടാവും, പണ്ട് ശബരിമലക്ക് മാലയിട്ട സമയത്ത് പുലർച്ചെ നാലുമണിക്കെഴുന്നേറ്റു പോയി ഒരു കുളിയുണ്ട്, തണുത്ത് മരവിച്ച് മഞ്ഞിന്റെ കുളിരിൽ മുങ്ങി നിവരുമ്പോൾ, ഹാ...! ഇന്നുമാ തണുപ്പ് ദേഹത്തുണ്ട്, കുളക്കടവിൽ തീ കാഞ്ഞു കളഞ്ഞ തണുപ്പ് ഇന്നുമാ കുളക്കരയിൽ ചെന്നിരിക്കുമ്പോൾ അനുഭവിക്കുന്നു.
 
 ഇനി നേരെ നടന്നാൽ പൊരിക്കക്കുളമാണ് അൽപം നടക്കണം വരമ്പിലൂടെ തീവണ്ടിയായങ്ങനെ ചുണ്ടലും ചേമ്പിലയിൽ ഞാഞ്ഞാലും പിടിച്ച് ഞങ്ങളങ്ങനെ ചല്ലിയിൽ (ശല്ലിയിൽ മന) മനക്കാരുടെ പൊരിക്കക്കുളത്തിലെത്താൻ കായൽക്കണ്ടം മുറിച്ച് കടക്കണം, ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞാൽ കായൽക്കണ്ടമുൾപ്പെടുന്ന   പാടത്തും വെള്ളം കയറും, പൊരിക്കക്കുളത്തിലെത്തിയാൽ മഴയും വെയിലും നോക്കാതെ ചൂണ്ടയിട്ട് പൊരിക്കകളെ പിടിച്ചക്കാലം എന്തു രസമായിരുന്നു.
 
    അമ്പലക്കുളത്തിനു മുന്നിലെ രണ്ടു കണ്ടം ചാടിയാൽ ഇരട്ടക്കുളമായി, ശങ്കരമംഗലം ശിവക്ഷേത്രത്തിന്റെ കുളം, പായലും ആമ്പലും ... മൊയ്ക്കളും, കടുവും.... മീനുകൾ നിറയെ. ഇരട്ടക്കുളത്തിൽ നിന്നു ഭൂമിക്കടിയിലൂടെ ഒരു തുരങ്കമുണ്ട് വള്ളൂരമ്പലക്കുളത്തിലേക്ക് എന്ന് പഴമൊഴിയുണ്ട്. ഒരു പ്രദേശത്തിനാകെ കുടിനീരു കിട്ടാൻ ഇരട്ടകുളം എന്ന എർട്ടക്കുളം കാരണമായിട്ടുണ്ട്.
      അതിനപ്പുറത്താണ് ഇരുപത്തെഞ്ചന്ന് പേരുള്ള ചെറിയ കിണർ, കിണറെങ്കിലും നിറഞ്ഞാൽ ചാടി കുളിക്കാം,
   തോട്ടുങ്ങൽ സിറ്റി റോഡ് മുറിഞ്ഞു നടന്നാൽ അധികാരിക്കുളമായി, ഇന്ന് കിണറായി രൂപാന്തരപ്പെട്ടുവെങ്കിലും ഒരു കാലത്ത് ആളുകൾ ചാടിമദിച്ചു കുളിച്ച കുളം ഒരു പാടത്തെ കൃഷിക്ക് കാലഭേദമില്ലാതെ കുടിനീരു നൽകിയ നീരുറവ.
   കുറച്ചങ്ങു മുന്നോട്ട് നടന്നാൽ മൂതൂര് കൊറ്റോളി കുളം കാണാം അവിടെയും ഇന്ന് കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ബഹളങ്ങളായിരുന്നു കുളം നിറയെ.,,,
      റോഡുവക്കത്താണ് പുഞ്ചപ്പാടത്തെ പൈങ്കുളം, വളക്കിലുക്കങ്ങൾ ഏറെ കേട്ടൊരു കുളം, റോഡിലൂടെ പോകുമ്പോൾ തുണിയും കല്ലും നടത്തുന്ന മേളപ്പെരുക്കങ്ങൾ കാതിൽ കേൾക്കാം, വേനൽകാലത്തുപോലും ഗ്രാമത്തിന് കുളിരു തന്ന കുളം. അതും കൊട്ടിയടക്കപ്പെട്ട കിണറായി മാറിയിരിക്കുന്നു. എത്ര മീനുകളായിരുന്നു പയംകുളത്തിൽ ( പൈങ്കുളം) വേനൽകാലത്ത് വെള്ളം കുറയുമ്പോൾ ഒരു മീൻപിടുത്തമുണ്ട്, നാടിനു നഷ്ടമായവയിൽ ആ മീൻപിടുത്തവും

   ഇനി ഒരു കിലോമീറ്റർ മാറിയാണ് വള്ളൂരെ അമ്പലക്കുളം കുളത്തുങ്ങൽ ഭഗവതി കാവിനു തൊട്ട് പാടത്തിന്റെ നടുവിൽ വിശാലമായ കുളം ഒരറ്റത്തു നിന്നും മറ്റെ അറ്റത്തേക്കു നീന്തിയെത്തുവാൻ കുറച്ച് പാടാണ്. എങ്കിലും അനേകം പേർ നീന്തി തുടിച്ച കുളം. ഇന്നും തെളിനീരു നിറച്ച് ഒരു നാടിന്റെയാകെ ജീവജലമാകുന്നു.
    ഇനിയുള്ളത് രാമൻ കുഴിയിലെ ക്വാറികളാണ് വേനലിലും വറ്റാതെയങ്ങനെ കിടക്കുമവ. താഴെ താരവേട്ടന്റെ ക്വാറി നഷ്ടപ്രതാപങ്ങളെയോർത്ത് പച്ച പിടിച്ച് കിടപ്പുണ്ട്. വേനലിൽ കുഴികുത്തി കുളിച്ചു ഉപ്പുഴിയും ഓർമയായി.....

    കുളങ്ങളും, തോടുകളും,  വരമ്പുകളും. കാലവർഷമെത്തിയാൽ നിറഞ്ഞൊഴുകുന്ന പാടങ്ങൾ....
കാരകളിച്ചും, മീൻ പിടിച്ചും, ഞവുഞ്ഞി തിരഞ്ഞും നടന്ന നാളുകൾ.,,,,
കന്നുപൂട്ടിന്റെ താളത്തിൽ
ഏറ്റുമീൻ തപ്പിയ മഴ ദിനങ്ങൾ.....
മഴ നനഞ്ഞ്, വെയിലേറ്റ്, മഞ്ഞണിഞ്ഞ്
കുളം ചാടിയ നാളുകൾ,
അതെ,
കുളത്തിൽ മുങ്ങാംകുഴിയിടണം,
വെള്ളത്തിനടിയിൽ പോയി കൈ നിറച്ച് മണ്ണു വാരി കൊണ്ടു വന്ന് തിരഞ്ഞു നോക്കണം
ഒരു വളപ്പൊട്ട്,
ഒരു ചില്ലറത്തുട്ട്
ഒരുവളുടെ
അഴിഞ്ഞു പോയ മൂക്കുത്തി....
കൈവെള്ളയിലങ്ങനെ ഇവയെല്ലാം മിന്നും.
കുളത്തിന്റെ കുളിരിൽ
ഊളിയിടുക....
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളിട്ട്
വീട്ടിലേക്കോടുക,
ആരുമറിയാതെ
ഒരു കാറ്റ് വന്ന് ഓർമകളാൽ അകം തണുപ്പിച്ച്
നിങ്ങളെ കടന്നു പോകും
അതെ
കുളങ്ങളിൽ
മുങ്ങി നിവർന്ന ഓർമകൾ
എത്ര മനോഹരം....

തുടരും....

അജേഷ്.പി
ajeshptb@gmail.com

2020 ഏപ്രിൽ 18, ശനിയാഴ്‌ച

ആകാശവാണി തെരഞ്ഞെടുപ്പ് വാർത്തകൾ


ആകാശവാണി
തെരഞ്ഞെടുപ്പ് വാർത്തകൾ
അജേഷ് പി

ഏതൊരു ഗ്രാമത്തിലും
ഒരു ചായ പീടികയുണ്ടാവും.
അതെ
ഞങ്ങടെ നാട്ടിലുമുണ്ടായിരുന്നു
ഒരു ചായ പീടിക
നാട്ടിലെ ചെറിയ രഹസ്യങ്ങൾ പോലും മേമ്പൊടി ചേർത്ത് വലിയ പരസ്യങ്ങളായി ഫലിതത്തിൽ ചാലിച്ച് അവിടെ അവതരിപ്പിക്കപ്പെടും.
സമോവറിലെ വെള്ളം തിളയ്ക്കുന്നതിന്റെ താളത്തിൽ രാഷ്ട്രീയ ചർച്ചകൾ അവിടെ പുരോഗമിക്കും.
വെള്ളപ്പം
പൊറോട്ട
ദേശ
പുട്ടും കടലയും
പരിപ്പുവട
നെയ്യപ്പം
സുഖിയൻ
കൊക്കവട (പൊക്കവട)
പപ്പടവട
ചില്ലല്ലമാരയിൽ വഴിയാത്രക്കാരെ  നോക്കി എത്ര പലഹാരങ്ങൾ.
പണ്ട് അത്താണിക്കലും ( ശങ്കരമംഗലം) പിന്നീട് തോട്ടുൽസിറ്റിയിലേക്കും പറിച്ചുനടപ്പെട്ട ഈ ചായക്കട നടത്തിയിരുന്നത് കുട്ടി മാനുവേട്ടനാണ്. ഉയരം കുറഞ്ഞ കുട്ടി മാനുവേട്ടന്റെ വലിപ്പം അറിയണമോ?
അദ്ദേഹം
വലിയ വിപ്ലവകാരിയായിരുന്നു.
സഖാവ്
പണ്ട് ഭൂസമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചയാളാണ്.
അത്താണിക്കൽ ആകുമ്പോൾ ഈ ചായക്കടയുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ആകെ ചായക്കടയിലേക്കുള്ള വരവ് റേഷൻ കടയിലേക്ക് അമ്മയുടെ കൂടെ പോകുമ്പോഴാണ് അപ്പോൾ ഒരു ചായയും ഒരു കടിയും, മറ്റൊന്ന് ആരുടെയെങ്കിലും ചായക്കുറി ഉണ്ടാവും, അന്ന് അച്ഛനും കൊണ്ടു പോകും.
ചായക്കുറി എന്താന്നല്ലെ,
പണ്ട് ആളുകൾ മറ്റുള്ളവർക്ക് കൊടുത്തിട്ട പൈസ ബുദ്ധിമുട്ട് വരുമ്പോൾ തിരിച്ചു കിട്ടാൻ നടത്തുന്ന പരിപാടിയാണിത്. നോട്ടീസടിച്ച് ക്ഷണിച്ച് ഒരു പാട്ടൊക്കെ വെച്ച് ചായ പീടികയിലാവും ഇത് നടത്തുക, വൈകുന്നേരങ്ങളിലായോണ്ട് അധികവും നെയ്യപ്പവും ചായയുമാകും സൽക്കാരം. നാട്ടിൽ നിന്ന് ചായക്കുറി വിസ്മൃതിയിലാണ്ടു  'പോയെങ്കിലും കൂട്ടായ്മയുടെ വലിയ സന്ദേശങ്ങളാണ് ഇത്തരം നാട്ടു പരിപാടികളൊക്കെ തന്നിരുന്നത്.
കുട്ടി മാനുവേട്ടന്റെ ചായപീടിക തോട്ടുങ്ങൽ സിറ്റിയിലേക്ക് മാറ്റപ്പെട്ടതോടെയാണ് ചായ പീടികയുമായി സമ്പർക്കം കൂടുന്നത്, തോട്ടുങ്ങൽ സിറ്റിയിൽ അന്ന് അഞ്ച് കടകളുണ്ട്
അലവിക്കാന്റെ പലച്ചരക്ക്, അബ്ദുക്കാന്റെ മിഠായിക്കട, മൊയ്തീൻ കുട്ടിക്കാന്റെ മുറക്കാനും കാലിചായയും(ഇന്നും ഇതവിടെ ഉണ്ട് ), ചൊകില്ലായിക്കാന്റെ ബീഡി തുരുപ്പ് കട. വേനൽക്കാലമാകുമ്പോൾ പറങ്കിയണ്ടി പൊടിച്ച് വിറ്റു കിട്ടുന്ന കാശു കൊണ്ട് കൊക്കവട (പൊക്കവട) വാങ്ങാൻ അങ്ങോട്ടാണ് ഓടുക.
ഈ ചായക്കട ഒരു സർവ്വ രാഷ്ട്രീയ പാർട്ടി സംഗമ വേദിയാണ്, ചായയും കുടിച്ച് പത്രം വായിച്ച്, റേഡിയോ വാർത്തകൾ കേട്ട് രാഷ്ട്രീയ വാദങ്ങളങ്ങനെ കൊഴുക്കും.
ഇ.എം.എസും, ഏ.കെ.ജിയും, നായനാരും
കരുണാകരനും, ആന്റണിയും, ഇന്ദിരാഗാന്ധിയും, എൽ.കെ.അദ്വാനിയുമൊക്കെ ചർച്ചയിൽ പരസ്പരം ഏറ്റുമുട്ടും. മുൻതൂക്കം ഇടതിനു തന്നെ, വാഗ്വാദങ്ങൾ മൂർച്ചിക്കുമ്പോൾ പട്ടാള ഭരണത്തെ കുറിച്ച് പറഞ്ഞ് യു.പി.ക്ക ചർച്ചയിൽ ചിരിക്ക് തിരികൊളുത്തും.
ഇടതിനും
കോൺഗ്രസിനുമാണ്
ഞങ്ങടെ നാട്ടിൽ അന്നു വേരോട്ടമുള്ളും, ഇന്നും അന്നും ബി ജെ പി ക്ക് നാട്ടിൽ വലിയ സ്വാധീനമൊന്നുമില്ല.
തെരഞ്ഞെടുപ്പ് കാലവും ഇങ്ങനെ തന്നെ,
ആവേശം വാനോളമാണ്.
വോട്ടവകാശമില്ലെങ്കില്ലും ബാഡ്ജും കുത്തി ഞങ്ങളുമിറങ്ങും പ്രവർത്തനത്തിന്.
അങ്ങനെ തെരഞ്ഞെടുപ്പ് ആവേശത്തോടെ വാശിയോടെ നടക്കും.
വോട്ടെണ്ണൽ ദിവസം
എല്ലാവരും ബൂത്ത് കമ്മറ്റി ആപ്പീസിൽ ഹാജരാകും തൊട്ടടുത്താണ് ചായപ്പീടികയും,
റേഡിയോക്ക്  മുന്നിൽ ജാഗ്രതയോടെ ഒരു പറ്റം ജനങ്ങൾ, ടി.വി.അന്ന് നാട്ടിൽ അത്രകണ്ട് പ്രചാരത്തിലില്ല, ഉണ്ടെങ്കിലും മലയാള സംപ്രേഷണം ദൂരദർശനിൽ പരിമിതവും. വലിയ നേതാക്കാൾ ലീഡ് നില എഴുതി വെയ്ക്കാൻ പേനയും പേപ്പറും എടുത്ത് ഗൗരവത്തോടെ റേഡിയോയുടെ അടുത്ത് കാതുകൂർപ്പിച്ചിരിക്കും.

അകാശവാണി
തെരഞ്ഞെടുപ്പ് വാർത്തകൾ
വായിക്കുന്നത്....

എന്നു റേഡിയോയിൽ കേട്ടൽ പിന്നെ ആകെയൊരു നിശബ്ദത പടരും.
ലീഡ് നിലയ്ക്കുനുസരിച്ച് മുഖഭാവങ്ങൾ മാറി വരും.
ഓരോ മണിക്കൂർ ഇടവിട്ടാണ് തെരഞ്ഞെടുപ്പ് വാർത്തകൾ, വാ എഴുതി കൂട്ടിയ പേപ്പറുകൾ വെച്ച് ഇടവേളകളിൽ വിശകലനവും ചർച്ചകളുമായി ഒരു വാർത്തയിൽ നിന്ന് അടുത്ത വാർത്തയിലേക്കും ദൂരം താണ്ടി തീർക്കും.
അന്തിമയങ്ങിയാൽ
ഞങ്ങൾ കുട്ടികൾ
പാതിയായ വോട്ടെണ്ണൽ നിലയും അവിടെവിട്ട് വീടണയും.
അർദ്ധരാത്രിയിൽ
ഉറക്കത്തെ ഞെട്ടിച്ച്
പടക്കത്തിന്റെ കാതടപ്പിക്കുന്ന ഒച്ചയും,
പൊട്ടിച്ചെ പൊട്ടിച്ചെ....
കാണല്യേ കാണാല്യേ
തുടങ്ങിയ രസികൻ മുദ്രാവാക്യങ്ങളും നിറച്ച് പന്തം കൊളുത്തിയ പ്രകടനം കടന്നു പോകുമ്പോളാണ് ആരാണ് ജയിച്ചെതെന്ന തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയുക.

അങ്ങനെ
ആകാശവാണി കാലത്ത്
നടന്ന തെരഞ്ഞെടുപ്പുകൾ
എത്ര മനോഹരമായിരുന്നു.
ചായപീടിക ചർച്ചകളും.
ഇന്ന്
നാടാകെ മാറി,
നന്മ വിളമ്പിയിരുന്ന
ചായപീടികകൾ
പലതും മാറി,
ചിലത് മൺമറഞ്ഞു.
(നാട്ടിലിന്നും രാഷ്ട്രീയ ചർച്ചകളുണ്ട്)
പകരം ഹോട്ടലുകൾ
നിറമുള്ള ഭക്ഷണവുമായെത്തി,
തീൻമേശക്കു എതിരായി
ഇങ്ങനെ എഴുതി
ഒട്ടിച്ചിരിക്കുന്നു അവിടങ്ങളിൽ
" നിശബ്ദത പാലിക്കുക "
"രാഷ്ട്രീയം പറച്ചിൽ പാടില്ല "

എന്തു ചന്തമാണ്
പുലർച്ചയിലെ
കാലിച്ചായയും
ചൂടൊപ്പിച്ച
രാഷ്ട്രീയ സംവാദങ്ങളും....!

തുടരും..


അജേഷ്.പി
ajeshptb@gmail.com

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

തുമ്പപ്പൂവിൻ പുഞ്ചിരി പോലെ......

തുമ്പപ്പൂവിൻ
പുഞ്ചിരി പോലെ......
അജേഷ്.പി



ഓണക്കാലത്തെ കുറിച്ച് ഓർക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്...! ബാല്യത്തിലെ ഓണക്കാലങ്ങളാണെങ്കിൽ ഓർമകളിൽ ഒരു പൂവിളി ഉയരും... ബാല്യത്തിലെ ഓരോ ഓണവും അത്രമേൽ മനോഹരമാണ്. 
എല്ലാ വീടുകളിലും തറയിട്ട് ചാണകമെഴുകി ഞങ്ങൾ കുട്ടികൾ അത്തം മുതൽ തിരുവോണം വരെ ചിലപ്പോൾ പതിനാറാം മകം വരെ വരെ നീളുന്ന പൂവിടൽ. 
പൂവിടൽ എന്നാൽ ഇന്നത്തേതുപോലെ തമിഴന്റെ ചെണ്ടുമല്ലിയുടെയും ജമന്തിയുടെയും വാടാമല്ലിയുടെയും മണമുള്ളതല്ല.
നാട്ടുപൂക്കളുടെ  മണവും സൗന്ദര്യവും നിറഞ്ഞത്. കുന്നും പാടവും തോടും പറമ്പും കടന്ന് പൂക്കളെ തേടിയുള്ള യാത്ര എത്ര മനോഹരമായിരുന്നു.
          
            സ്കൂൾ വിട്ടു വന്നാൽ എല്ലാവരും പള്ളിയാലിൽ ഹാജരാണ്, കൈയിൽ അഞ്ചോ ആറോ തേക്കിൻ കുമ്പിളുകൾ. സംഘത്തിൽ കുറേപ്പേരുണ്ട് മധു , കണ്ണൻ, ഉണ്ണിക്കുട്ടൻ, രാജു, പ്രേമൻ, പ്രവീൺ, ബൈജു, ബബിത, അജിത, അഭിലാഷ്, സുധി, സുബിത, ഉണ്ണി, സ്കൂൾ പൂട്ടിയാൽ കൊളത്തൂരിൽ നിന്ന് അടുത്ത കാരാടൻ ബസ് പിടിക്കുന്ന മനു പിന്നെ ഞാൻ.അതിൽ പെൺകുട്ടികളും ചെറിയ കുട്ടികളും നാട്ടിലെ പൂവറുക്കാൻ നിയോഗിക്കപ്പെട്ടവരാണ്. അവർ വഴിയരികിലെ ചെമ്പരത്തിയും, കാശിത്തുമ്പയും കുമ്പിളിലാക്കും.

    ഞങ്ങൾ മുതിർന്നവരുടെ  അന്വേഷണയാത്ര രാമൻ കുഴിയും സീതാപറമ്പും ഉപ്പുഴിയും അമ്പലപ്പറമ്പും കടന്ന് മുന്നേറും. ഇതിൽ ആദ്യം രാമൻ കുഴിയിലേക്കും പിന്നീട് സീതാ പറമ്പിലേക്കുമാണ്  പച്ചിലകൾക്കിടയിലേക്കു നൂഴ്ന്നു കയറുക. തൊട്ടുരുമ്മി കിടക്കുന്ന  ചെറിയ രണ്ടു കുന്നുകൾക്ക് രാമന്റെയും സീതയുടെയും പേരുകളെങ്ങനെ വന്നു എന്നത് ഇന്നും അത്ഭുതമാണ്.
 കുന്നിൻ ചെരുവകൾക്ക് പച്ചിലകൾ ചേർന്നൊരു ഗന്ധമുണ്ട്, കുറ്റിച്ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്കുകൂടി ആ മണം ചേക്കേറും ; അതെ പ്രകൃതിയുടെ മണം. ആ വാസനയോടൊപ്പം കുന്നിൻ ചെരുവിൽ ആദ്യം ഞങ്ങളെ വരവേൽക്കുന്നത് വെൺ പുഞ്ചിരിയുമായി നിൽക്കുന്ന തുമ്പപ്പൂക്കളാണ്. തുമ്പപ്പൂ ഒരു കുമ്പിളാവാൻ കുറേ സമയം പിടിക്കും. 
"അതു ഞാൻ കണ്ടത്,
ഇതെന്റെ 
എന്നു പറഞ്ഞ്  ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അങ്ങനെ മാറികൊണ്ടിരിക്കും. വശ്യമായി പുഞ്ചിരിച്ച് കുമ്പിളുകളെ മാടി വിളിച്ച് ഓരോ കൂട്ടായ് തെവിടിച്ചിപ്പൂ, തേവിടിശ്ശിപ്പൂ, അരിപ്പൂ എന്നിങ്ങനെ പേരുകളുണ്ടെങ്കിലും ചുണ്ടു ചുവപ്പിച്ച് പുഞ്ചിരിച്ച് കാറ്റത്തിളകിയാടി നിൽക്കുന്ന ആ ചെടി ഞങ്ങൾക്ക് സ്വന്തം തെവിടിച്ചിയാണ്. തെവിടിച്ചിപ്പൂ കുമ്പിൾ വേഗം നിറയും.പിന്നെ നേരെ ഓടുന്നത് പൊരുവിന്റെ പൂക്കൾ തേടിയാണ്. നല്ല മണമുള്ള വെളുത്തപ്പൂ ഇറുക്കാനും നല്ല രസമാണ്.പിന്നെ പതിയെ കയറുന്നത് കാട്ടു തെച്ചി പറിക്കനാണ്, തെച്ചിപ്പൂ പറിക്കുന്നതോടൊപ്പം തെച്ചിപ്പഴത്തിന്റെ ചവർപ്പുള്ള മധുരം എല്ലാവരുടെ നാവിൻ തുമ്പത്തുമുണ്ടാവും. അഞ്ചു തരം പൂവിനാൽ രാമനും സീതയും ഞങ്ങളുടെ കുമ്പിൾ സമൃദ്ധമാക്കും, ഓരോ മുഖത്തും കൈയിലെ കുമ്പിളുകളിലും പുഞ്ചിരിയുടെ പൂക്കളങ്ങൾ വിടരും.
പിന്നെ രാമൻകുഴിയിലെ ചെറിയ പാറയിൽ എല്ലാവരും കൂട്ടമായി ഇരുത്തമാണ്.
പാറയിടുക്കിൽ ഉറവപ്പെട്ടി വരുന്ന തെളനീരിൽ കളിച്ച് മുഖം കഴുകും (ഇന്ന് ആ പാറയിടുക്കും തെളിനീരുറവയും അവിടില്ല ക്വാറി വന്നതോടെ അതും വിസ്മൃതിയിലാണ്ടു). തൊട്ടപ്പുറത്ത് മണ്ണിൽ കുഴികുത്തി ഉറവപ്പൊട്ടുന്ന വെള്ളം ആവോളം കുടിച്ച് ക്ഷീണം തീർത്ത് എല്ലാവരും ചേർന്നൊരു പൂവിളിയാണ് 

പൂവേ പൊലി പൂവേ...
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു....


അങ്ങനെ പൂവിളിച്ച്  കുന്നിറങ്ങി നേരെ ഉപ്പുഴി പാടത്തേക്ക്.... (പണ്ട് പാടം പൂട്ടുമ്പോൾ ഉപ്പുഴിയിൽ രണ്ടു പോത്തുകളും പൂട്ടുന്നയാളും താഴ്ന്നു പോയിട്ടുണ്ട് എന്നു മുതിർന്നവർ കഥ പറയുന്നത് കേട്ടിട്ടുണ്ട്)
നെല്ലിനിടയിൽ പൊങ്ങി നിൽക്കുന്ന രാഖിപുല്ലിന്റെ വിത്തും പറിച്ച്, അമ്പലക്കുളത്തിലിറങ്ങി ആമ്പൽമൊട്ടും പറിച്ച് അമ്പലപ്പറമ്പിലെ  മണമുള്ള മഞ്ഞകോളമ്പി പൂവറുത്ത്  അന്തിക്കതിർ ഇരുട്ടിന്റെ കുപ്പായമിട്ടു തുടങ്ങുമ്പോൾ വീട്ടിലേക്ക് തിരിച്ചൊരു നടത്തമാണ്.
എത്രയെത്ര കഥകൾ
വർത്തമാനങ്ങൾ
പിണക്കങ്ങൾ പിറന്നിരിക്കുന്നു 
ആ നടത്തത്തിനിടയിൽ,
ഓണക്കോടിയെടുത്തത്, വാഴക്കുല വാങ്ങിയത്, വിരുന്നു പോകുന്നത്, റേഡിയോയിലെ ഓണക്കാലത്തെ പുതിയ 'സിനിമാ ശബ്ദരേഖകളെ പറ്റി,
ബാബു ടാക്കീസിൽ ഓണത്തിനു വരുന്ന സിനിമയെപ്പറ്റി, 
നാളെ ഇടാൻ പോകുന്ന പൂക്കളത്തെപ്പറ്റി,
മാളു അമ്മായിയും കല്യാണിയേടത്തിയും
ചാത്തൻകുട്ടിയേട്ടനും
കുഞ്ഞാടിയമ്മാവനും
കുഞ്ഞാളുയേടത്തിയും
കുഞ്ഞുട്ടേട്ടനും
കുഞ്ഞുട്ടിയേട്ടനും
പാടി കളിക്കാൻ പോകുന്ന
പാട്ടുകളെ കുറിച്ച്....
വഴികൾ പലതായ് തിരിഞ്ഞ് ഒറ്റയാകുമ്പോൾ നാളെ ഇടാൻ പോകുന്ന പൂക്കളം മനസ്സിൽ വിടരും
തുമ്പയും, മുക്കുറ്റിയും, തെവിടിച്ചിയും, ചെമ്പരത്തിയും, മത്തൻ പ്പൂവും, പെരുവിൻ പൂവും ആമ്പലും തുടങ്ങി പല പൂക്കൾ നിറയുന്ന നമ്മുടെ പൂക്കളം.
ഓർമകളിൽ ഇതൊല്ലാം നിറയുമ്പോഴും ഇന്ന് ഓണക്കാലത്ത് ഞാനും വാങ്ങുന്നു ഒരു പ്ലാസ്റ്റിക് കൂട് ചെണ്ടുമല്ലിയും വാടാമല്ലിയും.
      
എങ്കിലും ഇന്നും ആരുമറിയാതെ രണ്ടു പൂ കുമ്പിളിൽ പറിച്ചെടുത്ത് വരുമ്പോൾ മനസ്സിൽ കുട്ടിക്കാലം നിറയും.
അതെ,
ഓണക്കാലങ്ങളെല്ലാം
മനോഹരമായിരുന്നു,
തിരിഞ്ഞു നോക്കുമ്പോൾ
ഇല്ലായ്മകളിലും
സമ്പന്നമായിരുന്നു
ഓണവും
പൂക്കളങ്ങളും.....


തുടരും......


അജേഷ്.പി
ajeshptb@gmail.com

2020 ഏപ്രിൽ 4, ശനിയാഴ്‌ച

ഓർമകളുടെ സിക്സർ



ഓർമകളുടെ സിക്സർ
അജേഷ്.പി


വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ സഞ്ചി ഒരേറാണ് വൈക്കോൽ പുരയുടെ ചാണകമെഴുകിയ കോലായിലേക്ക്,
കൃത്യമായി സഞ്ചി വീഴുന്ന ശബ്ദം കേട്ടാൽ അമ്മയുടെ ചീത്ത തുടങ്ങുകയായി
വന്നു.,,,,
ഓടി,
എടാ ചായ കുടിച്ചിട്ട് പോടാ....
അച്ഛൻ വന്നാൽ ഞാൻ പറയും....
അതു കേട്ടാൽ മുന്നോട്ടടുത്ത വണ്ടി 
പടിക്കൽ സ്റ്റോപാകും.
പതിയെ അടുക്കളയിൽ
കയറി പലകയിട്ട് ഇരുന്ന്
ഒരു ചായകുടിയുണ്ട്
നാലു മണി ചായക്ക്
അവിലൊ, ചോറു കൊണ്ടുള്ള ഉപ്പു മാവോ അങ്ങനെ എതെങ്കിലുമൊന്ന് റെഡി.
പകുതിയായാൽ വായയിൽ കുത്തിനിറച്ച് ഒരോട്ടമാണ്.
ഉണ്ണിക്കുട്ടാ.,,,
രാജൂ...
ഫഹദേ....
ടാ മധും പ്രേമനും വന്നൊ,
കണ്ണൻ അമ്പലപ്പറമ്പിലുണ്ടാവും,
അതെ 
അമ്പലപ്പറമ്പാണ് ഞങ്ങളുടെ
കളിയിടം.
എളുപ്പത്തിന് അമ്പലാറമ്പ് എന്നു പറയും.
മരം കൊണ്ടുണ്ടാക്കിയ ബാറ്റും, ശീമക്കൊന്ന സ്റ്റമ്പും ടെന്നീസ്ബാളും പിടിച്ച് പിന്നെ ഒരു നടത്തമാണ്. നടത്തത്തിനിടയിൽ സച്ചിനും ദ്രാവിഡും ഗംഗുലിയും,ലക്ഷ്മണും ഞങ്ങളുടെ ഇടയിലുണ്ടാവും. അമ്മുംക്കുന്നത്തെ കുളവും കടന്ന് കയറ്റം കയറി ഞങ്ങളങ്ങനെ അമ്പലാറമ്പിലേക്ക്....
ഇനി പേരിടലാണ്
സച്ചിൻ വേണോ, ഗാംഗുലി വേണോ., ?
മമ്മുട്ടി വേണോ, മോഹൻലാൽ വേണോ?
ഇന്ത്യവേണോ ഇംഗ്ലണ്ട് വേണോ.,,,,
അങ്ങനെ പല പേരുകളാൽ അതങ്ങനെ കഴിയും. പിന്നെ കളിയാണ്  ഓടിയും ചാടിയും ഡൈവ് ചെയ്തു സിക്സറിടിച്ചും വിക്കറ്റെടുത്തും കളിയങ്ങനെ തുടരും വെയിൽ പോയി ഇരുട്ടു പരക്കുന്നതു വരെ.
ഇരുട്ടായാൽ  കുറച്ചു നേരം പറമ്പിലിരുന്ന് വർത്തമാനമാണ്
സ്കൂളിൽ അടി കിട്ടിയത്
ബാബു ടാക്കീസിൽ പോയി കണ്ട സിനിമകൾ
പൂരങ്ങൾ വർത്തമാനത്തിന് വിഷയങ്ങളേറെ, പിന്നീട് വീട്ടിലോട്ടുള്ള നടത്തം.

             അവധി ദിനമാണെങ്കിൽ കളി രാവിലെ തുടങ്ങും അയൽപ്രദേശങ്ങളുമായുള്ള മാച്ചുകളാണ് പ്രധാനം സ്കൂളുപടിക്കാരും,വള്ളൂക്കാരുമായി ആണ് സ്ഥിരം മാച്ചുകൾ, പിന്നെ നേരെ വന്ന് അമ്മുംകുളത്തിലൊരു ചാട്ടമാണ് നീന്തൽ,പൊന്തു വെച്ച്കളി,തലകുത്തിമറയൽ, ബെൽറ്റടി. കുളിച്ച് തിമർക്കുമ്പോഴാവും കുഞ്ഞാപ്പാപ്ല (കു ളത്തിന്റെ ഉടമസ്ഥൻ) യുടെ വരവ് പിന്നെ ചീത്തയാണ് അവിടുന്നൊരു ഓട്ടമാണ് തലതോർത്താതെ, നനഞ്ഞൊട്ടി, കണ്ണു ചുവന്ന്....
വീട്ടിലെത്തിയാൽ ചീത്തയുടെ പൊടിപൂരം അച്ഛനുണ്ടെങ്കിൽ പുളിവാറൽ തുടയിലങ്ങനെ ചിത്രമെഴുതും.

       എങ്കിലും മഴയും വെയിലും ഒന്നുമില്ലാതെ ആ കുട്ടിക്കാലം എന്റെ ഗ്രാമത്തിന്റെ നന്മയിലങ്ങനെ ഓടി നടക്കും.
ഓർമകളിനിയും കഥകൾ കിനിയുന്നുണ്ട്, നാട്ടിലെ പ്രധാനപ്പെട്ട കുറെ കഥാപാത്രങ്ങൾ, ചിരികൾ അങ്ങനെ നിരവധി...
ഇന്ന് എന്റെ ഗ്രാമമാകെ മാറി അമ്മുംകുന്നത്ത് കുളം വെറുമൊരു കുണ്ടായി അവശേഷിക്കുന്നു. കുഴിച്ചാൽ ഇനിയും ഓർമകളുടെ തെളിനീരുറവപ്പെട്ടുമവിടെ,
അമ്പലാറമ്പും ഹൗസിംഗ് കോളനിയായി എങ്കിലും ചില ആർപ്പുവിളികൾ ഉയരുന്നുണ്ടവിടെ ഇന്നും ഓർമകളിൽ ആ വീടുകൾക്കു മുകളിലൂടെ സിക്സറുകൾ പറക്കുന്നുണ്ട്.
ഓർമകളുടെ ചുരുക്കെഴുത്തിൽ ഈ ക്യാൻവാസ് നിറഞ്ഞു. ഇനിയുമുണ്ടേറെ അവയിൽ വീണ്ടും മഷി പടർത്തും.
    പട്ടാമ്പിയിലെ ശങ്കരമംഗലമെന്ന പ്രദേശത്തെ എന്റെ ഗ്രാമത്തെ ഞാനന്നും വരച്ചിടും.ഓർമകളിൽ വന്നു തിരക്കു കൂട്ടുന്നവയെ വീണ്ടും ചേർത്തുവെയ്ക്കും....'
(തുടരും)

അജേഷ്.പി
ajeshptb@gmail.com

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...