
ഒരു റേഡിയോ കഥ
വീട്ടിൽ റേഡിയോ വാങ്ങാൻ ഞാൻ കാരണക്കാരനായ കഥ അമ്മ ഇടയ്ക്കിടെ ഇപ്പോഴും ഓർമ്മയിൽ നിന്നെടുത്ത് പറയാറുണ്ട്. മുകളിലെ ബന്ധുവീട്ടിലാണ് ആദ്യമായി ഞങ്ങളുടെ പ്രദേശത്ത് റേഡിയോ വരുന്നത്. വലിയ കൗതുകമായിരുന്നു റേഡിയോ കേൾക്കാൻ. ആദ്യമായി റേഡിയോ എന്ന അത്ഭുതപ്പെട്ടി കണ്ടപ്പോൾ വലിയ വിസ്മയമായിരുന്നു. റേഡിയോ പരിപാടികളുടെ സമയത്ത് കൃത്യമായി എല്ലാവരും വൈകുന്നേരങ്ങളിലെ പണികൾ കഴിഞ്ഞ് അവിടെ ഹാജരാകും. മുതിർന്നവരും കുട്ടികളുമെല്ലാം ഉണ്ടാകും ഹാജരായവരുടെ കൂട്ടത്തിൽ.
ഒരിക്കൽ റേഡിയോ കേൾക്കാൻ വേണ്ടി വേണ്ടി പോയ സമയത്ത് റേഡിയോ ശബ്ദം കൂട്ടാൻ വേണ്ടി അറിയാതെ റേഡിയോയുടെ നോബ് ഞാൻ പിടിച്ചു തിരിക്കുകയുണ്ടായത്രെ, അന്നെനിക്ക് നാല് വയസാണെത്രെ പ്രായം. അതിനവിടെ നിന്ന് കുറേ വഴക്ക് കേട്ടു ഞാൻ കരഞ്ഞു വീട്ടിലേക്കോടി. ആ കരച്ചിൽ വൈകിട്ട് പണി കഴിഞ്ഞു വന്ന അച്ഛനറിഞ്ഞു. ആദ്യം എന്നെക്കുറിച്ച് വഴക്ക് പറഞ്ഞെങ്കിലും, അവർ എന്നെ വഴക്ക് പറഞ്ഞത് അച്ഛനു സഹിച്ചില്ല.അന്ന് രാത്രി ആരുടെയൊക്കെയോ കയ്യിൽ നിന്ന് കാശ് കടം വാങ്ങി ഒരു പുതിയ റേഡിയോ വീട്ടിലെത്തി..
റേഡിയോ വന്നതിനുശേഷം അതായി വീട്ടിലെ സമയപെട്ടിയും എന്നു പറയാം. അന്ന് ക്ലോക്കൊന്നും വീട്ടിലില്ല. രാവിലത്തെ പ്രാദേശിക വാർത്തയും, സംസ്കൃത വാർത്തയും, സുഭാഷിതവുമെല്ലാം ദിനചര്യകളെ കൂടി ഓർമിപ്പിക്കാനുള്ള പരിപാടികളായിരുന്നു. രാവിലെ സുഭാഷിതം കേട്ടാണ് കവുങ്ങിന്റെ പാളകുത്തിയുണ്ടാക്കിയ പാത്രത്തിൽ നിന്ന് ഉമിക്കരിയും' വാരി തിണ്ടത്തിരിക്കുന്ന സോപ്പും എടുത്ത് കുളത്തിലേക്ക് കുളിക്കാനോടുക.
ഇന്നത്തെ പോലെ എല്ലായിപ്പോഴും ഒന്നും പ്രക്ഷേപണമില്ലാത്ത ആകാശവാണി സ്റ്റേഷൻ സമയബന്ധിതമായ പരിപാടികൾ കേൾക്കാൻ വേണ്ടി സമയത്തെ കാത്തിരിക്കും രാവിലത്തെ പരിപാടികൾ എട്ടുമണിക്ക് അവസാനിച്ചാൽ പിന്നീട് 12 മണിക്കാണ് സ്റ്റേഷൻ തുറക്കുക. കൃഷിഫാമിൽ നിന്നുള്ള സൈറനാണ് ഉച്ചക്ക് റേഡിയോ ഓണാക്കാനുള്ള നേരം കേൾപ്പിക്കുക ഒരു പ്രത്യേക താളത്തോത്തോടെ സ്റ്റേഷൻ തുറക്കും പിന്നീട് വാർത്തകളും മാപ്പിളപ്പാട്ടും ആദിതാ ഇവും ചലച്ചിത്ര ഗാനങ്ങളുമായിആയി രണ്ടു മണിവരെ പരിപാടികൾ.
നാലു മണിയായാൽ സിലോൺ സ്റ്റേഷനുവേണ്ടി സൂചി അഡ്ജസ്റ്റ് ചെയ്തു തുടങ്ങും ചെറിയ ആൻറണിയിൽ ഒരു വയറു കഷണം തൂക്കി വീടിൻ്റെ ഇറയത്ത് മൂലയിൽ തൂക്കം. വേണോ വേണ്ടയോ എന്ന തരത്തിൽ സ്റ്റേഷനിൽ നിന്ന് പാട്ടുകൾ ഒഴുകിയെത്തും
പിന്നീട് രാത്രിയാണ് റേഡിയോ തുറക്കുക, കൃഷിപാഠവും യുവവാണിയും ചലച്ചിത്ര ഗാനങ്ങളും, വാർത്തയും നാടകവും അങ്ങനെ മനോഹരമായ റേഡിയോ പരിപാടികൾ.
ഓണത്തിനും വിഷുവിനും ഇടക്ക് ഞായറാഴ്ചകളിലും ചലച്ചിത്ര ശബ്ദരേഖകൾ കേൾക്കാം. ഒരു സിനിമ കാണുന്നതുപോലെ ആ ശബ്ദരേഖ കേൾക്കാൻ റേഡിയോക്കു ചുറ്റുമിരിക്കും, സിനിമാ രംഗങ്ങൾ മനസിൽ തളിയും.
തെരഞ്ഞെടുപ്പ് കാലത്ത് ഫലം അറിയുന്ന ദിവസമായാൽ രാവിലെ മുതൽ പിറ്റേന്ന് പുലർച്ചെ വരെ റേഡിയോക്കു മുന്നിലായിരിക്കും. മണിക്കൂറുകൾ ഇടവിട്ട് ഇടവിട്ട് വരുന്ന തെരഞ്ഞെടുപ്പ് വാർത്തകൾ കേൾക്കാൻ. അത്രയും കൗതുകമായിരുന്നു എനിക്കും എൻറെ നാട്ടുകാർക്കും റേഡിയോ .
റേഡിയോയിലേക്ക് കത്തയച്ച് കത്ത് വായിക്കുന്ന സമയത്ത് പേരുകൾ കേൾക്കാൻ കാത്തിരുന്ന നിമിഷങ്ങൾ സ്വന്തം പേര് കേൾക്കുമ്പോൾ ഉള്ള അതിയായ സന്തോഷം. എല്ലാ ആഴ്ചയിലും റേഡിയോയിൽ കത്തുകൾ വായിക്കുമ്പോൾ ആവർത്തിച്ചു കേട്ട ഒരു പേര് കുഞ്ഞിപ്പ പന്താവൂർ എന്ന പേരായിരുന്നു. എത്ര മനോഹരമായിരുന്നു റേഡിയോ കാലം.
പറയുന്നത് കേട്ടിട്ടുണ്ട് റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് വേണമായിരുന്ന ഒരു പഴയ കാലത്തെക്കുറിച്ച്. എംടിയുടെയും മറ്റും കഥകളിലും എഴുത്തുകളിലും റേഡിയോയെക്കുറിച്ച് എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്.
പുത്തൻ മാധ്യങ്ങൾക്ക് വഴിമാറിയിട്ടും വാർത്തകൾ കേൾക്കാൻ, തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക്, കൗതുക വാർത്തകൾ അറിയാൻ, പാട്ടു കേൾക്കാൻ, കഥ കേൾക്കാൻ, കവിത കേൾക്കാൻ ,തീവണ്ടി സമയമറിയാൻ.... എത്രയോ കാലം നമുക്കിടയിൽ റേഡിയോ ഉണ്ടായിരുന്നു.....
ഒരിക്കൽ മലയാളിയുടെ ദിനചര്യയുടെ ഭാഗം തന്നെയായിരുന്നു മാർക്കോണിയുടെ റേഡിയോ......
©️ അജേഷ് പി ajeshptb@gmail.com