2024 മാർച്ച് 13, ബുധനാഴ്‌ച
സൂരജിൻ്റെ അത്ഭുത യാത്ര
2024 മാർച്ച് 5, ചൊവ്വാഴ്ച
അടപടലമീ ഓർമ്മക്കാറ്റ്
അടപടലമീ ഓർമ്മക്കാറ്റ്
അജേഷ് പി
''അടപടലം പൂഴിക്കാറ്" കവി രാജേഷ് നന്ദിയംകോടിൻ്റെ ഓർമ്മകളുടെ പുസ്തകമാണിത്. ഈ ഓർമ്മകൾ ഇടതടവില്ലാതെ വായിച്ചു പോകുമ്പോൾ നമ്മളും പഴയകാലത്തിൻ്റെ ചിത്രങ്ങളിലേക്ക് പതിയെ നടന്നു കയറും.
ഈ പുസ്തകം വായിക്കുമ്പോൾ തന്നെയറിയാം തൻ്റെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരു എഴുത്തുകാരനെ. ഓർമ്മകളെഴുത്ത് ജീവിതത്തിൽ നടത്തിയ സമരങ്ങളുടെയും മുദ്രകുത്തലാണ്. ആ അടയാളം ഓരോ അധ്യായങ്ങൾ നടന്നു കയറുമ്പോഴും നമ്മുക്ക് കണ്ടെത്താവുന്നതാണ്.
സാധാരണക്കാരാനാണ് രാജേഷ് നന്ദിയംകോടെന്ന എഴുത്തുകാരൻ, അതു കൊണ്ട് തന്നെ അയാൾ എഴുതി വെക്കുന്ന ഓരോ അക്ഷരങ്ങൾക്കും നാടിൻ്റെ ചൂരുണ്ടെന്ന് ഈ പുസ്തകം വായിക്കുമ്പോൾ അറിയാം....
വീടും, നന്ദിയംകോടെന്ന ഗ്രാമവും, തെൻ്റെ തൊഴിലായ മരപ്പണിയും, നാടകവും ഈ എഴുത്തിൽ ചിന്തേരിട്ട മരം പോലെ തെളിച്ചമുള്ള ഓർമകളായി ഈ പുസ്തകത്തിലുണ്ട്.
ഒന്നാമത്തെ അധ്യായം തുടങ്ങുന്നതു തന്നെ എത്ര മനോഹരമായാണ് "നല്ല വേനലാണ് ശീമക്കൊന്ന കായകൾ പൊട്ടുന്ന ഒച്ച. ഇടക്കിടെ ചില അപ്പൂപ്പൻ താടികൾ മേലുരുമ്മി കടന്നു പോയി " ഈ അപ്പൂപ്പൻ താടികൾ വന്നിരിക്കുന്നത് ഗൃഹാതുരമായ നമ്മുടെ മനസ്സിൽ തന്നെയാണ്.
തൻ്റെ പണിക്കിടയിൽ അയാൾ എത്ര സൂക്ഷ്മമായാണ് എലികളെയും അണ്ണാൻ മാരെയും നിരീക്ഷിക്കുന്നത്. വേനൽകാലത്തെ പ്രധാന പണികളിലൊന്ന് ഓടിട്ട വീടുകൾ പൊളിച്ചു മേയലാണ് ഓരോ വീടുകൾ പൊളിച്ചുമാറ്റുമ്പോഴും ഈ ജീവികൾ ഒളിച്ചു കടത്തിയ പല സാധനങ്ങളും മേൽക്കൂരയിൽ കണ്ടെത്തുന്നു, വളകൾ ഷഡ്ഡികൾ കൺമഷിപാത്രങ്ങൾ അങ്ങനെ നീളുന്നു ആ സാധനങ്ങൾ....കാറ്റിന് കശുമാങ്ങേടെ ഗന്ധമുണ്ട് എന്ന ഭാഗം വായിച്ചെടുക്കുമ്പോൾ സ്വന്തം കുട്ടിക്കാലത്തേക്ക് നമ്മളും യാത്ര പോകും. പറങ്കുച്ചി (കശുമാവ്) കാടുകൾ താണ്ടി കശുവണ്ടി തെരഞ്ഞ് കണ്ടെത്തി വിറ്റ് കാശുകാരനായ ആ പഴയ കാലം എന്നിലേക്കും കടന്നു വരുന്നു....
ശരാശരി മലയാളിയുടെ വീട് എന്ന സങ്കൽപ്പത്തെ കുറിച്ച് നമുക്കറിവുള്ളതാണ്. കടമാണെങ്കിലും രണ്ടു നില വേണം, ജീവിതകാലം മുഴുവൻ തലമുറകൾ കടത്തിലാവണം എന്ന തരത്തിലാണ് വീടുവെയ്പ്പ് ആ സങ്കൽപ്പത്തെ എത്ര മനോഹരമായാണ് എഴുത്തുകാരൻ പൊളിച്ചെഴുതുന്നത്. വയൽക്കരയിലെ ഓടിട്ട ചെറിയ വീട് തനിക്കും കുടുംബത്തിനും താമസിക്കാൻ ധാരാളം എന്നദ്ദേഹം പറയുന്നു.
ഒപ്പം ഇങ്ങനെയും ഉറുമ്പുകളുടെ മണ്ണിനടിയിലെ കൊട്ടാരങ്ങൾ, മരക്കൊമ്പത്തെ കിളി വീടുകൾ അതെല്ലാം കാണുവാനും ചിന്തിക്കുവാനും നമുക്ക് ഇടം നൽകുന്നു.
നന്ദിയംകോട്ടെയും, കൂറ്റനാട്ടേയും, പെരിങ്ങോട്ടെയും, വാ വന്നൂരിലെയും പല മനുഷ്യജീവിതങ്ങളെ നമുക്ക് മുന്നിൽ ഈ പുസ്തകം വരച്ചുകാട്ടുന്നു.
പറയുവാൻ ഒത്തിരി പേരും ഒത്തിരി കാര്യങ്ങളുമുണ്ട്..
കല്യാണ വീടുകൾ ,പണിയിടങ്ങൾ, ഭാരതപ്പുഴ, മദ്യ മണക്കുന്ന രാത്രികൾ, ചക്കക്കുരു മുളച്ചുപൊന്തിയ അടുക്കള, അങ്ങനെയങ്ങനെ ഓർമ്മകളുടെ ദേശങ്ങൾ പലതായി വരച്ചു ചേർക്കുന്നു.
വിനു എന്ന കൂട്ടുകാരനും ഞാവൽ പഴവും ഓർമ്മകളിൽ മായാതെ നിൽക്കും, സുധാകരേട്ടനും അമ്മയും ഭാര്യയും ഇന്നും ഓരോ ഗ്രാമത്തിലുമുണ്ട്. ഉണ്ണിക്കൃഷ്ണനളിയൻ ഗ്രാമത്തിലെ ദുബായ് ക്കാരുടെ പ്രതിനിധിയാണ്. xxx സിഗരറ്റും സ്പ്രേമണക്കുന്ന ദേഹവും. ടേപ്പ് റെക്കോർഡറും കൊണ്ട് നടക്കുന്ന ഗൾഫുക്കാർ ഇന്നലെയെന്ന പോലെ ഓർമകളിൽ ഓടിയെത്തുന്നു.
ബ്രേക്ക് സുരയും കൂട്ടരും, വേശു ചേച്ചിയും മണിയേട്ടനും,ആരോരുമില്ലാതെ കൂറ്റനാട് അങ്ങാടിയിൽ നടന്നിരുന്ന രാമുവും, മംഗലാപുരത്തെ കോൺട്രാക്ടറും നാട്ടിൽ ഒരാളും അംഗീകരിക്കാത്തയാളുമായ മാനുവേട്ടനും, അക്ഷരത്തോടൊപ്പം അന്നവും പാകം ചെയ്ത് തൻ്റെ കുട്ടികൾക്ക് നൽകുന്ന പേരറിയാ മാഷും, തെരുവു സർക്കസുക്കാരും, അവിൽ വിൽപ്പനക്കാരൻ വേലുവും തുടങ്ങി പല ആളുകളും നമുക്കു ചുറ്റും ജീവിച്ചിരുന്നവരോട് സാമ്യം തോന്നും.
പലപ്പോഴും പറ്റിക്കപ്പെട്ട പണിക്കാരനാവുന്നു കവി. കവിതയെഴുത്തും, തൻ്റെ ആദ്യ കാവ്യസമാഹാരത്തെയും ഓർത്തെടുക്കുന്നു പല ഭാഗങ്ങളിൽ....
ജീവിതം ഒരു സമരമാണ് രാജേഷ് നന്ദിയംകോട് എന്ന എഴുത്തുകാരന്, തൻ്റെ തൊഴിൽ ആയുധങ്ങൾ പോലെ എഴുത്തും ആ സമരത്തെ മുന്നോട്ട് നയിക്കാനുള്ള ഉപകരണമാണ്.
വായിക്കുക ഈ ഓർമ്മപ്പുസ്തകം. നിങ്ങളും ഞാനും നടന്നു വന്ന വഴികളിലെ ഇന്നലെകളുടെ തനിപ്പകർപ്പുകൾ കൂടിയാണത്......
©️ അജേഷ് പി ajeshptb@gmail.com
പച്ച മനുഷ്യന്റെ കഥകൾ
പച്ച മനുഷ്യന്റെ കഥകൾ. അജേഷ് പി. (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന) ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...
-
തുമ്പപ്പൂവിൻ പുഞ്ചിരി പോലെ...... അജേഷ്.പി ഓണക്കാലത്തെ കുറിച്ച് ഓർക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്...! ബാല്യത്തിലെ ഓണക...



