2024 നവംബർ 29, വെള്ളിയാഴ്‌ച

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ. 
അജേഷ് പി. 

(താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)

 ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട് തന്റെ കഥകളെഴുതുന്നത്. താനൊരു പച്ച മനുഷ്യനാണ്, തനിക്കു ചുറ്റും നിരന്തരം ഇടപെടുന്നത് അതിസാധാരണ മനുഷ്യരാണ്, താൻ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികളാണ്. അവർക്കുളളതു കൂടിയായാണ് താജിഷിന്റെ ഓരോ രചനകളും. അതുകൊണ്ട് തന്റെ താജിഷ് എന്ന അധ്യാപകന്റെ എഴുത്തുകളെല്ലാം ജനപ്രിയമാണ്. 

ആ ലാളിത്യത്തിന്റെ ഭാഷയിൽ അയാൾ പറക്കുളം കുന്നിന്റെ ഉച്ചിയിലിരുന്ന് ജീവിതങ്ങളെ കാണുന്നു. തൻറെ ഹൃദയത്തെ മുറിക്കാൻ ശേഷിയുള്ള ജീവിതാനുഭവങ്ങളെ അയാൾ കഥകളും കവിതകളുമാക്കുന്നു. താജിഷ് ചേക്കോടിന്റെ ഏറ്റവും പുതിയ കഥാസാമാഹാരമാണ് ടീച്ചറമ്മ. ഇതു താൻ നിത്യ ജീവിതത്തിൽ കണ്ട ചില ജീവിതാനുഭവങ്ങൾ തന്നെയാണ്. കാഴ്ചയിൽ, മനസിലാക്കലിൽ ചില അനുഭവങ്ങളുണ്ട് മനസ്സിനെ പിടിച്ച് ഉലയ്ക്കുന്നത്, അത്തരം കാഴ്ചകൾ അനുഭവിക്കുമ്പോൾ മനസ് നീറുമ്പോൾ ആ നീറ്റൽ കഥകൾക്ക് തീവ്രത കൂട്ടും. അത്തരത്തിലുള്ള നാല് കഥകളുടെ സമാഹാരമാണ് ടീച്ചറമ്മ. നമ്മളിൽ ചിലർ നടന്നുപോയ വഴികളിലെ ചില കാഴ്ചകളും അനുഭവങ്ങളുമുണ്ടിതിൽ. പക്ഷേ അത് നമുക്ക് കഥകളാക്കാൻ കഴിഞ്ഞില്ല, താജിഷ് അവ ഹൃദയസ്പർശിയായ കഥകളാക്കി വായനക്കാരനു മുന്നിൽ കൊണ്ടുവന്നു വെയ്ക്കുന്നു. 

ഈ സമാഹാരത്തിലെ ആദ്യ കഥയാണ് "നേരവകാശികൾ" ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് ഒരു ഞണ്ടും, പണം കൊണ്ട് എല്ലാം നേടിയെടുക്കാം എന്നു കരുതുന്ന വൈശാഖനും. ഇതൊന്നാന്തരമൊരു പാരിസ്ഥി കഥയാണ്. സബ് രജിസ്ട്രാർ ഓഫീസിൽ പോയി മുദ്രപത്രത്തിൽ ആധാരം ചെയ്താൽ ആ മണ്ണ് തന്റെതുമാത്രമായി എന്നു വിശ്വസിക്കുന്ന ആർത്തിയുള്ള മനുഷ്യന്റെ മുഖത്തടിക്കുന്ന കഥയാണിത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി മതിലുകെട്ടി തിരിച്ചെടുത്താൽ തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന മനുഷ്യന്റെ മിഥ്യാ ബോധത്തിനു മുകളിലാണ് ഞണ്ട് പ്രളയ സമയത്ത് ഇരിപ്പുറപ്പിക്കുന്നത്. നമ്മളേക്കാൾ മുന്നേ മണ്ണിൽ പാർപ്പ് തുടങ്ങിയ മറ്റ് ജീവികളുണ്ടാവില്ലെ...? അവരുടേതല്ല ഭൂമി എന്ന് പറയാനാകുമോ..? വലിയ പരിസ്ഥിതി ചിന്തകളാണ് ഈ കഥ മുന്നോട്ട് വെയ്ക്കുന്നത്. പ്രളയവും  പ്രകൃതി ദുരന്തങ്ങളും മനുഷ്യന്റെ സൃഷ്ടികൾ തന്നെയെന്ന് ഈ കഥയും പറഞ്ഞു വെയ്ക്കുന്നു.

 "തേവർ" എന്ന കഥ, കണ്ടു മറന്ന ജീവിതങ്ങളിൽ നിന്ന് ഉരുക്കി തിളക്കം വെപ്പിച്ച കഥയാണ്. വിദ്യാലയങ്ങളിലെ ആഘാഷങ്ങളിലും, കലോത്സവങ്ങളിലും, പഠനയാത്രകൾക്കിടയിലും പാർശ്വവത്കരിക്കപ്പെട്ടു പോകുന്ന ഒരു വിഭാഗം കുട്ടികളുണ്ട്. അവരെ ഓർമ്മപ്പെടുത്തുന്നു ഈ കഥ. വീട്ടിലെ ദാരിദ്ര്യവും കഷ്ടപാടും, രക്ഷിതാവിന്റെ മദ്യപാനവും മറ്റും കുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്. അത്തരം കുട്ടികളെ ശങ്കരൻ മാഷും ഭാര്യ ശ്രീദേവി ടീച്ചറും ഇല്ലായ്മകളിലും മകൻ അപ്പുവിന്റെ ഓർമപെടുത്തലിലൂടെ ചേർത്തുപിടിക്കുന്നു. താജിഷ് എന്ന അധ്യാപകന്റെ സ്കൂൾ അനുഭവങ്ങളുടെ നേർക്കാഴ്ച തന്നെയാണീ കഥ. നാട്ടിൻ പുറത്തിന്റെ നന്മകളും, കളങ്കവും, അസൂയകളും, അവരുടേതായ നാട്ടു വിശ്വാസങ്ങളുമുണ്ട് ഈ കഥയിൽ. 
ജീവിതത്തിന്റെ ചൂടുള്ള കഥയാണ് പുളിപ്പൂമ്പാറ്റ.വളരെ ചെറിയ കഥ എന്നാൽ അതിന്റെ ആശയം കൊണ്ട്, കാലിക പ്രസക്തി കൊണ്ട് ഏറെ ഉയർന്നു നിൽക്കുന്ന കഥ. വർണ്ണചിറകുകൾ വീശി കൂട്ടുകാർക്കൊപ്പം സ്കൂൾ പൂന്തോപ്പിൽ പറന്നു നടന്ന മുംതാസിന്റെ കഥയാണിത്. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. നാടകങ്ങളിൽ അവൾക്ക് ഏറെ ഇഷ്ടം ഡോക്ടറുടെ വേഷമായിരുന്നു. അവൾ സ്വപ്നം കണ്ടതും ഒരു ഡോക്ടറാവാൻ തന്നെ. പത്താം ക്ലാസ് അവൾ ഫുൾ എ പ്ലസോടെ പാസ്സായി. എന്നിട്ടും.... അവൾക്ക് ചെറുപ്രായത്തിൽ തന്നെ വിധിച്ചത് രണ്ടാം കെട്ടുകാരന്റെ വീട്ടിലെ നാലു ചുവരുകൾക്കുള്ളിലെ ജീവിതമാണ്. ഒന്നാമതായിരുന്ന എത്ര പുള്ളിപ്പൂമ്പാറ്റകളാണ് വർണ്ണച്ചിറകുകൾ നഷ്ടപ്പെട്ട് ഇപ്പോഴും അദൃശ്യമായ ചരടുകളിൽ കുടുങ്ങി കിടക്കുന്നത്. കവി കുരീപ്പുഴയുടെ "പുയാപ്ല" എന്ന കവിതയോട് ചേർത്തു വായിക്കാവുന്ന കഥയാണിത്. 

നമ്മൾ പഠിച്ചയിടങ്ങളിൽ എവിടെ നിന്നെങ്കിലും സ്റ്റേഹത്തിന്റെ മണമുള്ള ടീച്ചറമ്മമാരെ നമ്മൾ കണ്ടറിഞ്ഞിട്ടുണ്ടാവും, അവരുടെ വാത്സല്യം നേരിട്ടനുഭവിച്ചിട്ടുണ്ടാവും. അത്തരത്തിലൊരു അധ്യാപികയെ "ടീച്ചറമ്മ " എന്ന കഥയിൽ കാണാം. 25 വർഷത്തെ അനുഭവമുള്ള ഒരു ടീച്ചർ ഒന്നാം ക്ലാസിലെ കുട്ടികളെ സഹിക്കാൻ കഴിയാഞ്ഞ് സ്ഥലം മാറി പോയ ഒഴിവിലേക്ക് വന്ന ലീല ടീച്ചറാണ് കഥയിലെ ടീച്ചറമ്മ. ടീച്ചർ അവരെ സ്നേഹിച്ചും കഥ പറഞ്ഞും അവരുടെ അമ്മയാകുന്നു. അമ്മയുപേക്ഷിച്ചു പോയ മധുവിന് ടീച്ചർ അമ്മയാകുന്നു. വിശന്ന് വലഞ്ഞ അവന് ടീച്ചർ നൽകിയ അടയുടെ സ്വാദ് മുതിർന്നിട്ടും മാഞ്ഞു പോകാതെയവൻ സൂക്ഷിക്കുന്നു… 

ചെറിയ നാലു കഥകളുടെ കൂട്ടാണ് ഈ പുസ്തകമെങ്കിലും, ഈ കഥകളെല്ലാം ഓരോ പാഠങ്ങളാണ്. മനസിൽ സൂക്ഷിക്കേണ്ട പാഠങ്ങൾ. ഈ കഥകളിൽ സ്നേഹമുണ്ട്, മധു അനുഭവിച്ച സ്നേഹമഴയുടെ കുളിരുണ്ട്, പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചറിവുകളുണ്ട്, നിസഹയരായി പോകുന്ന കുഞ്ഞു മനസുകളുടെ നെമ്പരമുണ്ട്, അധ്യാപകരുടെ നിറഞ്ഞ സ്നേഹമുണ്ട്..അയാൾ ഇനിയും പറക്കുളം കുന്നിന്റെ മുകളിലിരുന്ന് ജീവിതം കാണും. കഥകളിൽ കണ്ണാന്തളികളെ തിരയും, പരിസ്ഥിതി ചൂഷണങ്ങൾക്കെതിരെ നാവുയർത്തും, കഥകൾ കൊണ്ട് ക്ലാസ് മുറികളിൽ കുട്ടികളെ ചേർത്തു നിർത്തും, അതിസാധാരണക്കാരായ മനുഷ്യർക്കിടയിലെ വർത്തമാനങ്ങൾ കേൾപ്പിക്കും. ടീച്ചറമ്മ എല്ലാവർക്കും നല്ല വായനാനുഭവമാകട്ടെ…

2024 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം 
 യുദ്ധം മാനവരാശിക്ക് ആപത്ത്.... 
 അജേഷ് പി 

 1945 ആഗസ്റ്റ് ആറിനാണ് ലോകത്തെ നടുക്കിയ അണുബോംബ് പ്രയോഗം ജപ്പാനു മുകളിൽ അമേരിക്ക നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ പരാജയപ്പെടുത്താൻ മറ്റൊരു മാർഗം അമേരിക്ക തേടിയില്ല. 40,000 ത്തോളം വരുന്ന ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കന്റ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഹിരോഷിമയാണ് അതിനായി അമേരിക്ക ആദ്യമായി തെരഞ്ഞെടുത്തത്. 

 അമേരിക്കൻ ജനറൽ പോൾ ടിബറ്റ്സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി- 29 ബോംബർ വിമാനമായ "എനോള ഗേ " യിൽ നിന്നാണ് "ലിറ്റിൽ ബോയ്" എന്നു പേരുള്ള അണുബോംബ് ലോകത്താദ്യമായി ഹിരോഷിമയിൽ വർഷിക്കപ്പെടുന്നത്. യുറേനിയം 234 ഐസോടോപ്പിനെ ലെഡ്ഢുകൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ലിറ്റിൽ ബോയിക്ക് 12500 ടൺ ടി.എൻ.ടി യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷി നഗരത്തെ ചുട്ടു ചാമ്പലാക്കി. പുക കൂൺ ആകൃതിയിൽ 1000 അടിവരെ ഉയർന്നുപൊങ്ങി. അത്രയും തന്നെ ഉയരത്തിൽ പൊടിപടലങ്ങളും ഉയർന്നു പൊങ്ങി. ഹിരോഷിമയെ ഏതാണ്ട് പൂർണമായി. ഇല്ലാതാക്കിയ ഈ മഹാദുരന്തത്തിൽ 1,40000 ത്തോളം പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അണുബോംബ് വർഷത്തിന്റെ അണുവികിരണ പ്രസരണം അതിദാരുണമായി പതിറ്റാണ്ടുകളോളം ജാപ്പനീസ് ജനതയെ വേട്ടയാടി. അണു ബോംബിന്റെ അണുവികിരണ അതിപ്രസരത്തിൽ യുദ്ധാനന്തരം ഒന്നര ലക്ഷത്തിലധികം പേർക്കാണ് വീണ്ടും ജീവൻ നഷ്ടമായത്. ഇന്നും ഈ മഹാദുരന്തത്തിന്റെ ഇരകളായി ജപ്പാനിൽ അനേകങ്ങൾ ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നു. 

 ഹിരോഷിമ ദുരന്തത്തിന്റെ ഇരയാകേണ്ടി വന്ന "സഡാക്ക സസാക്കി"യുടെ കഥ നമ്മൾ കേട്ടിട്ടുള്ളതാണ്. ഹിരോഷിമയിൽ ബോംബ് വർഷിക്കുമ്പോൾ കേവലം രണ്ടര വയസ്സ് മാത്രമുണ്ടായിരുന്ന അവൾ അണുബോംബ് വർഷത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ലിറ്റിൽ ബോയിയുടെ അനന്തരഫലമായ തീവ്രമായ റേഡിയേഷൻ അവൾക്ക് രക്താർബുദമാണ് വരുത്തി വെച്ചത്. ജാപ്പനീസ് വിശ്വാസ പ്രകാരം ആയിരം കടലാസുകൊക്കുകളെ ഉണ്ടാക്കി പ്രാർത്ഥിച്ചാൽ രോഗം മാറുമെന്നാണ്. അതുപ്രകാരം ആശുപത്രി കിടക്കയിൽ അവൾ കൊക്കുകളെ ഉണ്ടാക്കാൻ ആരംഭിച്ചു. പക്ഷെ 644 എണ്ണത്തെ നിർമ്മിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ മരണത്തിന് കീഴടങ്ങി. പിന്നീട് സഡാക്കോയും കൊക്കുകളും ലോക സമാധാനത്തിന്റെ അടയാളമായി. 


 യുദ്ധം ഒന്നിന്റെയും തീർപ്പു കൽപ്പിക്കലോ, അവസാനമോ ആകുന്നില്ല... അതും വരും തലമുറകളെ വേട്ടയാടി കൊണ്ടേയിരിക്കും. ഒന്നുമറിയാത്ത പുതുതലമുറകൾ ദുരന്തത്തിന്റെ ഇരയായി മാറ്റിക്കൊണ്ടേയിരിക്കും. ഈ ദുരിതമനുഭവിക്കുന്നതിൽ ഏറെയും കുട്ടികളാണ്. നാളെയുടെ ഭാവികളായി ഉദിച്ചയുരേണ്ട ബാല്യത്തിനെ വലിയ ദുരിതങ്ങളിലേക്ക് യുദ്ധം തള്ളിയിടുന്നു. അനാഥത്വം, പട്ടിണി,രോഗങ്ങൾ അംഗവൈകല്യങ്ങൾ.. യുദ്ധത്തിൽ ദാരുണമായി മരിച്ചവരെ പോലെ തന്നെ ജീവിച്ചിരിക്കുന്നവരും രക്തസാക്ഷികളാണ്.. വർത്തമാനകാലത്ത് പലസ്തീനും ഉക്രൈനും നമുക്ക് മറക്കാതിരിക്കാം. അവിടങ്ങളിൽ വീണു പോയ പാവം മനുഷ്യരോട് ഐക്യപ്പെടാം, യുദ്ധങ്ങളുടെ. ഇരയാകേണ്ടി വരുന്ന നിരപരാധികളായ ജനതയെ ചേർത്തുപിടിക്കാം... ഉറക്കെ പറയാം ഇനിയൊരു യുദ്ധം വേണ്ട യുദ്ധം ലോകത്തിന് വിജയങ്ങളല്ല നൽകുന്നത്, ദുരിതങ്ങളും കഷ്ടതകളും പരാജയങ്ങളും മാത്രമാണ്... 

 ©️ അജേഷ് പി

2024 ജൂലൈ 24, ബുധനാഴ്‌ച

കഥകളുടെ നാട്ടുവഴികൾ

ഉഷാ സുധാകരന് താൻ കടന്നുവന്ന കാലത്തിലെ ജീവിതങ്ങളെ അടയാളപ്പെടുത്തലാണ് കഥ..ആ യാത്രയിൽ ജനിച്ചു വളർന്ന നാടും, അവിടെയുള്ള മനുഷ്യര്യം, ഇപ്പോൾ ജീവിക്കുന്ന നഗരവും കഥയുടെ ഭാഗങ്ങളാവുന്നു. ചിറങ്കരക്കാവും, കൊടിക്കുന്നത്തമ്മയും,കുളങ്ങളും, മാവും പ്ലാവും കായ്ക്കുന്ന തൊടികളും പച്ചവിരിച്ച പാടങ്ങളും പൂരങ്ങൾ കാവേറിയ നാട്ടുവഴികളുമുണ്ട് ആ എഴുത്തുവഴികളിൽ. 

കഥാകാരിയുടെ ആദ്യ കഥാസമാഹാരമാണ് "നാട്ടുവഴികളിലൂടെ" എന്ന ഈ പുസ്തകം. 25 മനോഹരമായ കഥകളുടെ ഈ സമാഹാരത്തിൽ കഥാകാരിയുടെ നാട്ടുവഴികളിൽ തളിർത്ത സ്വപ്നങ്ങളും. നാഗരിക ജീവിത സംഘർഷങ്ങളും തെളിമകളുമുണ്ട്.. 

 മലയാളത്തിന്റെ പ്രിയ കവി പി രാമാൻ അവതാരികയിൽ ഈ കഥകളെ വിലയിരുത്തുന്നത് "മനുഷ്യ ബന്ധങ്ങളിൽ നിന്ന് കണ്ടെടുത്ത കഥകളെന്നാണ്". ഈ സമാഹാരത്തിന് ആമുഖമെഴുതിയത് കഥാകാരിയുടെ അധ്യാപകൻ കൂടിയായ അച്യുതൻ മാഷാണ്. 

 കാവിലെ താലപ്പൊലിക്ക് പൂതൻ കെട്ടാൻ കഴിയാതെ, പണിക്കിടയിൽ കാലൊടിഞ്ഞ് കിടക്കുന്ന സാധാരണ തൊഴിലാളിയാണ് കുഞ്ഞൂട്ടൻ. അയാൾക്ക് എല്ലാം പാരമ്പര്യമായി കിട്ടിയ കലാരൂപമാണ്. പൂതൻ കെട്ടാൻ തുടങ്ങിയ കാലം മുതൽ അയാൾ അതിന് മുടക്കം വരുത്തിയിട്ടില്ല. ആദ്യമായി അതിനു കഴിയാതെ വരുന്ന അവസ്ഥ അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. ഭാര്യ സുമതി ഒരു കുഞ്ഞില്ലാത്തത്തിന്റെ വേദനയിലും ആധിയിലുമാണ്. ജീവിത യാത്രയിൽ പച്ച തൊടാതെ നിസഹായരായി പോകുന്ന മനുഷ്യരാണ് "കുഞ്ഞൂട്ടന്റെ വ്യഥയിലെ" കഥപ്രാത്രങ്ങൾ. ജീവിതത്തിൽ ആവോളം ബുദ്ധിമുട്ടാണ് കുഞ്ഞുട്ടനുള്ളത്. 

 "അവസ്ഥ"ഒരു കുഞ്ഞു കഥയാണ്. എന്നാൽ കുന്നോളം ചിന്തിക്കാനുള്ളത്. അച്ഛന്റെ മരണത്തോടെ ഒറ്റയായി പോകുന്ന രേവൂട്ടി... മരണ അറിയിപ്പ് എല്ലാവരേയും ആ വീട്ടിൽ കൊണ്ടുവരുന്നു. പക്ഷെ ഇനിയുള്ള ജീവിതത്തിൽ തനിച്ചാണെന്ന യാത്ഥാർഥ്യം അറിയാതെ പോകുന്നു രേവൂട്ടി.... 

 "അയനം"എന്ന കഥ അപ്പു മാഷിന്റെതാണ്. ജീവിത സായാഹ്നത്തിൽ മകന്റെ അടുത്തേക്ക് കൽക്കത്തയിലേക്ക് വണ്ടി കയറാൻ തയ്യാറെടുക്കുന്ന മാഷ് തന്റെ തൊടിയിലെ മരങ്ങളോടും കിണറിനോടുമാണ് യാത്ര ചോദിക്കുന്നത്. മാവിനും പ്ലാവിനും മുല്ലയ്ക്കും കിണറിനും മാഷ് പേരിട്ടുണ്ട്... മാഷിനും അവയ്ക്കുമറിയുന്ന ഏതോ ഭാഷയിലാണ് യാത്രചോദിപ്പ്‌, എങ്കിലും മാഷിന് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോക വയ്യ. ഒടുവിൽ ഉമ്മറത്തെ ചാരു കസേരയിൽ മാഷ് തണുത്തുറയുന്നു. അപ്പുമാഷും ജീവിത പരിസരവും പരുതൂർ നൽകിയ ഓർമകൾ തന്നെ തീർച്ച. അവിടെ അങ്ങനൊരു അപ്പു മാഷ് ജീവിക്കുന്നുണ്ടാവാം (ജീവിച്ചിട്ടുണ്ടാകാം ). സ്വന്തം ഇടത്തു നിന്നും പറിഞ്ഞ് പോകാൻ മാഷിന് കഴിയില്ലായിരിക്കാം...

 "മുറിവുകൾ"എന്ന കഥ ബാല്യത്തിൽ ശരത്തിന് ഹൃദയത്തിലേറ്റ വലിയ മുറിവ് തന്നെയാണ്. ജാനകിയെന്ന തന്റെ കളിക്കൂട്ടുകാരിയുടെ ഓർമ്മകൾ, കുട്ടിക്കാലത്ത് ഒന്നായിരുന്ന കൂട്ടുകാർ ശരത്തും അപ്പുവും അപ്പുവിന്റെ പെങ്ങൾ ജാനകിയും. മുങ്ങാംകുഴിയിട്ട് കുളത്തിൽ എണ്ണി കളിക്കുന്നതിനിടയിൽ കുളത്തിന്റെ ആഴങ്ങളിൽ പോയി ഒളിച്ചിരുന്നവൾ. അവളെ ശരത്തു തന്നെയാണ് കുളത്തിനടിയിൽ കല്ലുകൾക്കിടയിൽ നിന്ന് കണ്ടെത്തുന്നത്, ചേതനയറ്റ ആ ശരീരം  മുങ്ങിയെടുത്ത് കൊണ്ടു വന്നതും അവനാണ്. കാലം ഏറെ കഴിഞ്ഞെങ്കിലും, ആ ഗ്രാമം വിട്ട് നഗരത്തിൽ ചേക്കേറിയെങ്കിലും ഫ്ലാറ്റിന്റെ ചുവരുകൾക്കുള്ളിലും ശരത്തിനെ ആ. ഓർമ്മകൾ ചുട്ടുപ്പൊള്ളിക്കുന്നു. 

 ആർക്കും മറ്റൊരാൾക്ക് പകരമാകാനാവില്ല എന്ന യാഥാർത്ഥ്യം ജീവിത സായാഹ്നത്തിലിരുന്നു രണ്ടാം വിവാഹക്കാരായ ദീപക് നമ്പ്യാരും സുലേഖ നായരും "വ്യർത്ഥ"മെന്ന കഥയിൽ നമ്മെ ബോധ്യപ്പെടുത്തുന്നു.

"വിഹിതം"എന്നും നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ്. നന്ദിനിയും അപ്പുവും മാധവൻ നായരും ഗോപാലൻ നായരും അതിലെ ചില കഥാപാത്രങ്ങളാണെന്നു മാത്രം.

 പിശുക്കൻ കേളപ്പന്റെ കഥ ഒരു ഗുണപാഠ കഥകൂടിയാണ്. മരിച്ചാലും തീരാത്ത മനുഷ്യന്റെ ആർത്തി തന്നെയാണ് അല്പം ഹാസ്യരൂപത്തിൽ എഴുതിയ "സമ്പാദ്യപ്പെട്ടി". 

 ഏഷണിയും, കുശുമ്പും കുറച്ച് ഇല്ലാകഥകളും എല്ലാ നാട്ടിൻപുറങ്ങളിലും സാധാരണമാണ്. എണ്ണമറ്റ ഇത്തരം കഥകൾ പലർക്കും ആനന്ദത്തിനുള്ള ഉപാധി കൂടിയാണ്. കേട്ട കാര്യം ശരിയാണോ, തെറ്റാണോ എന്ന് നോക്കാതെ തീപ്പൊരി പോലെ അത് നാവിൽ നിന്ന്. നാവിലേക്ക് പടരും. പലപ്പോഴും ഇരകൾ ആ കഥയറിയുമ്പോഴേക്ക് അത് ലോകം പലതവണ ചുറ്റും. ഗംഗാറാമിന്റെ ഭാര്യ അല്ലിയെ കുറിച്ചും നാട്ടിൽ കഥ പരന്നത് അപ്രകാരമാണ്. സദാചാരത്തിന്റെ വികൃതമുഖം " തീപ്പൊരി" എന്ന കഥ അനാവരണം ചെയ്യുന്നു. 

 ഒറ്റപ്പെട്ട വാർദ്ധക്യത്തെ പറ്റിയാണ് 'ചിന്ത'എന്ന കഥയും. അമേരിക്കൻ പൗരത്വമുള്ള മകളുടെ അമ്മയാണ് റീത്താമ്മ.എന്നാൽ അവർ 209 ബി ബ്ലോക്കിൽ ഒറ്റക്ക് കഴിയുന്നു. മറ്റൊരു ബ്ലോക്കിൽ നിന്നും ബ്ലോക്കിൽ നിന്നും ടുട്ടു എന്ന പൂച്ചയെ കാണാതായതിൽ ആ വീട്ടുകാരുടെ സങ്കടം കാണുമ്പോൾ തൻറെ നിർഭാഗ്യത്തെ പറ്റിയും ടുട്ടു പൂച്ചയുടെ ഭാഗ്യത്തെ പറ്റിയും ചിന്തിക്കുകയാണ് റീത്താമ. വാർദ്ധക്യങ്ങൾ ആരും കടന്നു ചെല്ലാത്ത തുരുത്തുകളാണ്. 

 "കാലചക്രം" ശാന്തി അക്ക എന്ന വേലക്കാരിയുടെ കഥയാണ്. നന്നായി പഠിക്കാൻ ആഗ്രഹിച്ച അവൾ, പക്ഷെ ചെറുപ്രായത്തിൽ മുറൈമാമന്റെ .ഭാര്യയായി ആകേണ്ടി വന്ന ദുരിതം'. കല്യാണത്തോടൊപ്പം സ്വന്തം വീടും കടയും കൈക്കലാക്കിയ ഭർത്താവ് രണ്ടാം ഭാര്യയെ കൊണ്ടുവന്നപ്പോൾ അവൾ സ്വന്തം വീട്ടിൽ നിന്ന് പുറത്താകുന്നു പിന്നീട് മകനുവേണ്ടി ജീവിച്ച ശാന്തി അക്ക മകന്റെ വഴി പിഴച്ച കൂട്ടുകെട്ടിലും ഗുണ്ട ജീവിതത്തിലും സങ്കടത്തിലാവുന്നു. ഒടുവിൽ ആരുടെയോ കൈകളാൽ. മകൻ കൊലചെയ്യപ്പെടുകയും ചെയ്യുന്നു. വീണ്ടും ഒറ്റയാകുന്ന അവർ വീട്ടുജോലിക്കാരിയായി മാറുന്നു. ഒടുവിൽ രണ്ടാം ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ടവനും രോഗിയുമായ ഭർത്താവ് അവളിൽ അഭയം തേടി വരുന്നു. എന്നാൽ തന്നെ ഇത്രത്തോളം വേദന തീറ്റിച്ച അയാളെ ശാന്തി അക്ക ധീരമായി അവഗണിക്കുന്നു. മിടുക്കരായി വളർന്ന് സാഹചര്യത്താൽ ദുരിതം അനുഭവിക്കേണ്ടിവന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ ശാന്തി അക്കൻ ഒടുവിൽ ധീരമായ നിലപാടുള്ളവളാകുന്നു. 

 "ദേവൂട്ടിയുടെ വര"എന്ന കഥയിൽ, അറിവല്ല തിരിച്ചറിവാണ് പ്രധാനമന്ന് പറഞ്ഞു വെക്കുന്നു. നമ്മുക്കുള്ള കവചം തീർക്കേണ്ടത് നമ്മളാണ് മറ്റൊരാളല്ല, അവരുടെ വാക്കുകളല്ല എന്ന് ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു. 

 നഗര ജീവിതത്തിൻറെ വേഗതയും ധൃതിയും യാന്ത്രികതയും ഒറ്റപ്പെടലും വരച്ചുവയ്ക്കുന്ന കഥയാണ് മുംബൈയുടെ പശ്ചാത്തലത്തിൽ പറയുന്ന "രാധികയുടെ വനിതാദിനം" ജീവിതം കൂട്ടിമുട്ടിക്കാൻ പെടുന്നപാട് ഈ കഥ പറഞ്ഞു വെയ്ക്കുന്നു. മുംബൈ എന്ന നഗരത്തോളം തിരക്കാണ് മുംബൈയിൽ ഓടിത്തളരുന്ന ഓരോ ഇടത്തരക്കാരനും. 

"വാപ്പച്ചിയുടെ പാച്ചു" ഉപ്പയുടെയും മകന്റെയും സ്നേഹത്തിന്റെ കഥയാണ്.

 ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം ആരുമല്ലാത്തവരായി മാറുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് " അപർണ". കൂടെ ഉണ്ടാകുമെന്ന് കരുതിയവരെല്ലാം ഒരു ആപത് ഘട്ടത്തിൽ അവളെ  കൈവിടുന്നു. ഒടുവിൽ നാടുവിട്ട് സ്വന്തം പ്രയത്നത്താൽ പ്രതിസന്ധികളെ മറികടന്ന് ഉയർച്ചയിൽ എത്തുന്ന കഥാപാത്രമാണ് "അപർണ"എന്ന കഥയിലെ അപർണ. ഒടുവിൽ അപർണക്ക് മുന്നിൽ ചെറുതായി പോകുന്ന മനുഷ്യരാകുന്നു കഥയിലെ മാലതി ടീച്ചറും മകൻ അഭിയും. 

" കാണാക്കാഴ്ചകൾ" മനുഷ്യബന്ധങ്ങളിലെ ഊഷ്മളമായ സ്നേഹബന്ധങ്ങളെ കുറിച്ചുള്ള കഥയാണ് കോവിഡുകാലം ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച മനുവും ഭാര്യ രേവതിയും മകൻ ഉണ്ണിയും എത്രയോ തവണ തന്നെ കാണാൻ ആഗ്രഹിച്ച അമ്മയുടെ വിയോഗം . ആ വിയോഗം അച്ഛനെന്ന തിരക്കുകാരനിൽ വരുത്തിയ മാറ്റം, തളർച്ച . മകനോടൊപ്പം ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറാകുന്ന അച്ഛൻ. സ്നേഹബന്ധങ്ങൾ ആവശ്യമുള്ളപ്പോൾ നൽകുവാൻ കഴിയുന്നതാവണം എന്നു കഥ വായനക്കാാരനെഓർമ്മ
പ്പെടുത്തുന്നു.

"മീശ" സമകാലിക ജീവിതത്തിൽ നിന്നുള്ള കാഴ്ചയാകുന്നു. ഭാർത്താവ് മരിച്ച് പ്രാരാബ്ധങ്ങൾ ഏറ്റെടുക്കേണ്ടി വന്ന അമ്മയെ എല്ലാവരും നിരുത്സാഹപെടുത്തുന്നു. അവരെ കുറ്റം പറയുന്നു. അവിടെ അമ്മക്കൊരു മീശയുണ്ടാകാൻ പ്രാർത്ഥിക്കുന്ന കുട്ടി. സ്ത്രീ -പുരുഷ ജീവിത വ്യത്യാസങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിന് തെളിവാണ് ഈ കഥ.
"മൗനി"നിസഹയായി പോകുന്ന ഒരുവളുടെ കഥയാണ്. തന്നെ കെട്ടാൻ വന്ന രണ്ടാം കെട്ടുകാരൻ ആണെന്ന് വെളിപ്പെടുത്തുന്നു. തന്നിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത് എന്നും പറയുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി തന്റെ വായാടിത്തവും സന്തോഷവും ജീവിതവും മാറ്റിവെച്ച് അവൾ മൗനിയായ ഒരു കഥയാണിത്. 

 ഇനിയും ഒട്ടേറെ കഥകൾ ഈ പുസ്തകത്തിനകത്തുണ്ട്  പാഴ്ജന്മത്തിലെ കുട്ടേട്ടനും ഭരതൻ ഗുരുക്കളു, പറ്റുപുസ്തകത്തിലെ മറവിരോഗം വന്നു തുടങ്ങിയ പ്രഭാകരൻ അങ്കിൾ,  പ്രഹേളികയിലെ മാലതി ടീച്ചറും വീണയും, നാട്ടുവഴികളിലെ ദർശനയും പരുതൂർ ഗ്രാമവും ചിറങ്കര ദേവിയും. ജാതകത്തിലെ ലക്ഷ്മിഅമ്മ അവരുടെ, സംശയങ്ങൾ,  ഓർമ്മപ്പൂക്കളിലെ ചക്കിയും മീരയും മുത്തശ്ശിയും, ദാമ്പത്യത്തിൽ വേർപ്പെട്ടു പോയ അച്ഛനമ്മമാരുടെ മകൻ രാഹുൽ അവരോടൊപ്പം നിരവധി കഥാപാത്രങ്ങൾ. പലരേയും ഈ പുസ്തക വായനയിൽ പതിയെ തൊടാൻ , അവരോട് സംസാരിക്കുവാൻ തോന്നും. ഈ കഥാപാത്രങ്ങളെയെല്ലാം തന്റെ ജീവിത പരിസരത്തു നിന്നും കണ്ടെത്തിയതാവണം കഥാകാരി. 

 ഉഷ സുധാകരൻറെ കഥ ചുറ്റുമുള്ള ജീവിതങ്ങളെ പകർത്തി വയ്ക്കാൻ മാത്രമുള്ളതല്ല അദൃശ്യമായി ആ കഥകളിലൂടെ കഥാപാത്രങ്ങളോടൊപ്പം നടക്കാനുള്ളത് കൂടിയാണ്. ഒറ്റയാകുന്ന വാർദ്ധക്യത്തിന്റെ പലവിധ അവസ്ഥകൾ പല കഥകളിലായി കാണാൻ കഴിയും. അവിടെ ഒറ്റപ്പെടുന്നവരുണ്ട് മക്കളുടെ സ്നേഹം കിട്ടുന്നവരുണ്ട്.  സ്നേഹത്തിനായി കെ കൊതിക്കുന്നവരുണ്ട് വാർദ്ധക്യത്തിലും സ്വന്തം നാടിനെയും വീടിനെയും കുറിച്ചുള്ള ആധികളുള്ളവരുണ്ട്. മുന്നെ പറഞ്ഞപോലെ കഥാകാരി ജനിച്ചുവളർന്ന പരുതൂർ എന്ന ഗ്രാമവും ഇപ്പോൾ ജീവിക്കുന്ന നഗരത്തിന്റെ ഇടപെടലും സങ്കീർണതകളും സംഘർഷങ്ങളുമുണ്ട് സ്നേഹവും തെളിച്ചവുമുണ്ട് ലളിതമായ ഭാഷയിൽ ആഖ്യാനം ചെയ്ത ഈ കഥകളിൽ. നഗരത്തിൽ നിന്ന് നാട്ടുവഴികളിലേക്കും നാട്ടുവഴികളിൽ നിന്ന് നഗരത്തിലേക്ക് ഉള്ള പ്രയാണം കൂടിയാണ് ഈ കഥാസമാഹാരം
©️അജേഷ് പി ajeshptb@gmail.com

2024 മാർച്ച് 13, ബുധനാഴ്‌ച

സൂരജിൻ്റെ അത്ഭുത യാത്ര

സൂരജിൻ്റെ അത്ഭുത യാത്ര
അജേഷ് .പി


ഷാനവാസ് കുലുക്കല്ലൂരിൻ്റെ ബാലസാഹിത്യ നോവലാണ് "സൂരജ് കണ്ട അത്ഭുതലോകം" എന്ന കൃതി. സൂരജ് എന്ന കുട്ടി നരിപ്പാറ എന്ന മലമുകളിലേക്കും അവിടുത്തെ ഗുഹയിലേക്കും നടത്തുന്ന സാഹസിക യാത്രയും അവിടെ അനുഭവിക്കുന്ന അത്ഭുത കാഴ്ചകളുമാണ് ഈ നോവൽ. 

അമ്മയും അച്ഛനു കല്യാണത്തിനു പോയ ദിനമാണ് സൂരജ് നരിപ്പാറ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. തൻ്റെ സൈക്കിളിലിലാണ് വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള നരിപ്പാറയിലേക്ക് യാത്ര തിരിക്കുന്നത്. നരിപ്പാറയിൽ നിറയെ അപകടങ്ങളുണ്ട്, കാട്ടുമൃഗങ്ങളുണ്ട് എന്ന അമ്മയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സൂരജ് ഒറ്റയ്ക്ക് നരിപ്പാറ കയറിപ്പോകുന്നത്. ദൂരെ മലമുകളിൽ എത്തിയ സൂരജ് താഴേക്ക് നോക്കുമ്പോൾ കാണുന്നത് മനോഹരമായ പുഴയും ദൂരേക്ക് വഴികാട്ടി കിടക്കുന്ന റെയിൽപ്പാളങ്ങളും, മലകളും, ഗ്രാമത്തിൻ്റെ മനോഹാരിതയുമാണ്... 

പതിയെ നരിപ്പാറയിലെ ഗുഹയിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുന്ന അവൻ കാണുന്ന കാഴ്ച,
ഗുഹാമുഖത്ത് മുന്നേ വന്നു പോയ സഞ്ചാരികൾ  അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ്. ഇത് സൂരജിൻ്റെ മനസ്സിൽ വേദനയുണ്ടാക്കുന്നു. ഗുഹയിലേക്ക് ഇറങ്ങും മുൻപ് അവൻ ആ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഒരു കവറിൽ കെട്ടിവെക്കുന്നു. തിരിച്ചു പോകുമ്പോൾ ഹരിത കർമ്മസേനക്കു കൊണ്ടുപോയി കൊടുക്കുവാൻ. കുട്ടികൾ ചിലപ്പോൾ വലിയ കാര്യങ്ങൾ മുതിർന്നവരെ പഠിപ്പിക്കും എന്നതിന് വലിയ ഉദാഹരണമാണ് ഈ സന്ദർഭം. ഈ നോവൽ വായിക്കുന്നവരിൽ ഒരു വിഭാഗമെങ്കിലും ഈ  കാര്യത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കും, ചിലർ  മാതൃകയാക്കും തീർച്ച.

ഗുഹയിലേക്ക് കടന്നതും ചൂടിനു ശമനമെന്നോണം ഒരു തണുപ്പ് അവനെ വട്ടം പിടിക്കുന്നു. ബാഗിൽ കരുതിയ പെൻസിൽ ടോർച്ചു തെളിച്ച് ഗുഹയിലൂടെ മുന്നോട്ട് പോകുന്നു. ടോർച്ചിൻ്റെ മങ്ങിയ വെളിച്ചത്തിലവന് ഉറുമ്പുകളെയും, പാറ്റകളെയും, കോട്ടരെമകളെയും മാത്രം കൂട്ടിന് ലഭിക്കുന്നു. പതിയെ ഗുഹയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന സൂരജ്  ചെയ്യുന്നത് പുറത്ത് നിന്ന് ഒരു നൂൽ കെട്ടി വഴിയറയാനായി കൂടെ കൊണ്ടു പോകുന്നു എന്നതാണ് , ഓരോ അടി നടക്കുമ്പോഴും അവന് വീടുമായുള്ള ബന്ധം വേർപ്പെട്ട് വേറൊരു ലോകത്ത് താൻ അകപ്പെടുന്നതായി അനുഭവപ്പെടുന്നു.

ഒരു പോലെ തോന്നിക്കുന്ന പല വഴികൾ, നടുഭാഗം മാത്രം ഉയർന്നു നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ
ക്ഷീണം കൊണ്ട് അവൻ ഉറങ്ങി പോകുന്നു. ഉറക്കത്തിലവൻ ഒരു സ്വപ്നം കാണുന്നു.

സുന്ദരമായ വഴിയിലൂടെ നടന്ന് ഒരു തടാകത്തിൽ എത്തിച്ചേരുന്നത്.പാൽ പോലെ വെളുത്ത തടാകം. വീണ്ടും നടന്ന് അവൻ ഒരു ദ്വീപിലെത്തി ചേരുന്നു. അവിടുത്തെ മണൽ മുഴുവൻ സ്വർണമായിരുന്നു.പുന്തോട്ടങ്ങൾ, അരുമമൃഗങ്ങൾ, മനോഹരമായി ഒഴുകുന്ന നദികൾ, സുഗന്ധപൂരിതമായ കുളിർക്കാറ്റ്.....
ഒരു ദിവസം മുഴുവൻ അവൻ വിശപ്പും ദാഹവും അറിയാതെ അവിടം നടന്നു കാണുന്നു... സ്വപ്നത്തിലൊടുവിൽ ഒരു ഭീകരജീവിയവനെ പിടിക്കാൻ ഉയർന്നു വരുന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന അവൻ വീണ്ടും നടക്കുന്നു പുറത്തേക്കുള്ള വഴിയറിയാതെ ആ ഗുഹയിൽപെട്ടു പോകുന്നു. ഇടയിൽ വലിയൊരു അപകടം പിണയുന്നു. ആ അപകടലോകത്തു നിന്ന് അവനെ രക്ഷിച്ച് കൊണ്ടു പോകുന്നത് സുന്ദരനായ സുപുക്ഷരൻ എന്ന നന്മ പക്ഷത്തുള്ള മനുഷ്യനാണ്. വീണ്ടും നന്മയുടെ ലോകത്തെ അത്ഭുത കാഴ്ചകളാണ് അവനെ കാത്തിരിക്കുന്നത്.ആ മനോഹര രാജ്യം അവസാനിക്കുന്നിടത്തു നിന്ന് വീണ്ടും ഒരു ഭീകരജീവി അവനെ കൊത്തി പറക്കുന്നു. ഒടുവിൽ അപകടങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ട്  പുറത്തേക്കുള്ള വഴി കാണിക്കുന്നത് ചൂളം വിളിക്കുന്ന തീവണ്ടിയാണ്....

ബാലസാഹിത്യ കൃതികൾക്കുണ്ടാവേണ്ട ചില പ്രത്യേകതകളാണ് വായനക്കാരനെ ഫാൻ്റസിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോവുകയെന്നതും, അതുപോലെ വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കുകയെന്നതും . സൂരജിൻ്റെ ഈ യാത്രയിൽ ഇതുരണ്ടുമുണ്ട്.കൂടാതെ ലളിതമായ ഭാഷയിലെ ആഖ്യാനം ഈ കൃതിയിലേക്ക് നമ്മെ അടുപ്പിക്കുന്നു. ജീവിതത്തിൽ നാം പുലർത്തേണ്ട നല്ല മാതൃകകളുണ്ട് സന്ദേശങ്ങളുണ്ട് ഈ പുസ്തകത്തിൽ. .

സൂരജിൻ്റെ ഈ യാത്രയിൽ എഴുത്തുകാരൻ തൻ്റെ നാടിൻ്റെ മനോഹാരിത നിറച്ചു വെയ്ക്കുന്നുണ്ട്. റെയിലും,നിലമ്പൂരിലേക്കു പോകുന്ന തീവണ്ടിയും,രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കാൻ വന്ന റെയിൽവേഗേറ്റും, ഗ്രാമത്തിലെ സ്കൂളും, മണിയേട്ടൻ്റെ കടയിലെ നെയ്യപ്പത്തിൻ്റെ രുചിയും, എല്ലാം ഈ നോവലിൽ അനുഭവിച്ചറിയാം....

"വായന എന്നത് ഒരു ജോലിയായി അല്ലെങ്കിൽ കടമയായി കുട്ടികൾക്ക് നൽകരുത്. അത് സമ്മാനമായി നൽകണം."
അമേരിക്കൻ എഴുത്തുകാരിയായ കേറ്റ്ഡികാമില്ലോയുടെ ഈ  അഭിപ്രായം പോലെ തന്നെ കുട്ടികൾക്കുള്ള സമ്മാനമാണ് ഷാനവാസ് കുലുക്കല്ലൂരിൻ്റെ ഈ ബാലസാഹിത്യ നോവൽ. വായനക്കു ശേഷവും സൂരജും നരിപ്പാറകുന്നും, ആ ഗ്രാമവും നമ്മുടെ കൂടെ തന്നെയുണ്ടാവും.

©️അജേഷ് പി
ajeshptb@gmail.com

2024 മാർച്ച് 5, ചൊവ്വാഴ്ച

അടപടലമീ ഓർമ്മക്കാറ്റ്


 


അടപടലമീ  ഓർമ്മക്കാറ്റ് 

അജേഷ് പി


''അടപടലം പൂഴിക്കാറ്" കവി രാജേഷ് നന്ദിയംകോടിൻ്റെ ഓർമ്മകളുടെ പുസ്തകമാണിത്. ഈ ഓർമ്മകൾ ഇടതടവില്ലാതെ വായിച്ചു പോകുമ്പോൾ നമ്മളും പഴയകാലത്തിൻ്റെ ചിത്രങ്ങളിലേക്ക് പതിയെ നടന്നു കയറും.

ഈ പുസ്തകം വായിക്കുമ്പോൾ തന്നെയറിയാം തൻ്റെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരു എഴുത്തുകാരനെ. ഓർമ്മകളെഴുത്ത് ജീവിതത്തിൽ നടത്തിയ സമരങ്ങളുടെയും മുദ്രകുത്തലാണ്. ആ അടയാളം ഓരോ അധ്യായങ്ങൾ നടന്നു കയറുമ്പോഴും നമ്മുക്ക് കണ്ടെത്താവുന്നതാണ്.

സാധാരണക്കാരാനാണ് രാജേഷ് നന്ദിയംകോടെന്ന എഴുത്തുകാരൻ, അതു കൊണ്ട് തന്നെ അയാൾ എഴുതി വെക്കുന്ന ഓരോ അക്ഷരങ്ങൾക്കും നാടിൻ്റെ ചൂരുണ്ടെന്ന് ഈ പുസ്തകം വായിക്കുമ്പോൾ അറിയാം....

വീടും, നന്ദിയംകോടെന്ന ഗ്രാമവും, തെൻ്റെ തൊഴിലായ മരപ്പണിയും, നാടകവും ഈ എഴുത്തിൽ ചിന്തേരിട്ട മരം പോലെ തെളിച്ചമുള്ള ഓർമകളായി ഈ പുസ്തകത്തിലുണ്ട്.

ഒന്നാമത്തെ അധ്യായം തുടങ്ങുന്നതു തന്നെ എത്ര മനോഹരമായാണ് "നല്ല വേനലാണ് ശീമക്കൊന്ന കായകൾ പൊട്ടുന്ന ഒച്ച. ഇടക്കിടെ ചില അപ്പൂപ്പൻ താടികൾ മേലുരുമ്മി കടന്നു പോയി " ഈ അപ്പൂപ്പൻ താടികൾ വന്നിരിക്കുന്നത് ഗൃഹാതുരമായ നമ്മുടെ മനസ്സിൽ തന്നെയാണ്.

തൻ്റെ പണിക്കിടയിൽ അയാൾ എത്ര സൂക്ഷ്മമായാണ് എലികളെയും അണ്ണാൻ മാരെയും നിരീക്ഷിക്കുന്നത്. വേനൽകാലത്തെ പ്രധാന പണികളിലൊന്ന് ഓടിട്ട വീടുകൾ പൊളിച്ചു മേയലാണ് ഓരോ വീടുകൾ പൊളിച്ചുമാറ്റുമ്പോഴും ഈ ജീവികൾ ഒളിച്ചു കടത്തിയ പല സാധനങ്ങളും മേൽക്കൂരയിൽ കണ്ടെത്തുന്നു, വളകൾ ഷഡ്ഡികൾ കൺമഷിപാത്രങ്ങൾ അങ്ങനെ നീളുന്നു ആ സാധനങ്ങൾ....കാറ്റിന് കശുമാങ്ങേടെ ഗന്ധമുണ്ട് എന്ന ഭാഗം വായിച്ചെടുക്കുമ്പോൾ സ്വന്തം കുട്ടിക്കാലത്തേക്ക് നമ്മളും യാത്ര പോകും. പറങ്കുച്ചി (കശുമാവ്) കാടുകൾ താണ്ടി കശുവണ്ടി തെരഞ്ഞ് കണ്ടെത്തി വിറ്റ് കാശുകാരനായ ആ പഴയ കാലം എന്നിലേക്കും കടന്നു വരുന്നു....

ശരാശരി മലയാളിയുടെ വീട് എന്ന സങ്കൽപ്പത്തെ കുറിച്ച് നമുക്കറിവുള്ളതാണ്. കടമാണെങ്കിലും രണ്ടു നില വേണം, ജീവിതകാലം മുഴുവൻ തലമുറകൾ കടത്തിലാവണം എന്ന തരത്തിലാണ് വീടുവെയ്പ്പ് ആ സങ്കൽപ്പത്തെ എത്ര മനോഹരമായാണ് എഴുത്തുകാരൻ പൊളിച്ചെഴുതുന്നത്. വയൽക്കരയിലെ ഓടിട്ട ചെറിയ വീട് തനിക്കും കുടുംബത്തിനും താമസിക്കാൻ ധാരാളം എന്നദ്ദേഹം പറയുന്നു.

ഒപ്പം ഇങ്ങനെയും ഉറുമ്പുകളുടെ മണ്ണിനടിയിലെ കൊട്ടാരങ്ങൾ, മരക്കൊമ്പത്തെ കിളി വീടുകൾ അതെല്ലാം കാണുവാനും ചിന്തിക്കുവാനും നമുക്ക് ഇടം നൽകുന്നു.

നന്ദിയംകോട്ടെയും, കൂറ്റനാട്ടേയും, പെരിങ്ങോട്ടെയും, വാ വന്നൂരിലെയും പല മനുഷ്യജീവിതങ്ങളെ നമുക്ക് മുന്നിൽ ഈ പുസ്തകം വരച്ചുകാട്ടുന്നു.

പറയുവാൻ ഒത്തിരി പേരും ഒത്തിരി കാര്യങ്ങളുമുണ്ട്..

കല്യാണ വീടുകൾ ,പണിയിടങ്ങൾ, ഭാരതപ്പുഴ, മദ്യ മണക്കുന്ന രാത്രികൾ, ചക്കക്കുരു മുളച്ചുപൊന്തിയ അടുക്കള, അങ്ങനെയങ്ങനെ ഓർമ്മകളുടെ ദേശങ്ങൾ പലതായി വരച്ചു ചേർക്കുന്നു.

വിനു എന്ന കൂട്ടുകാരനും ഞാവൽ പഴവും ഓർമ്മകളിൽ മായാതെ നിൽക്കും, സുധാകരേട്ടനും അമ്മയും ഭാര്യയും ഇന്നും ഓരോ ഗ്രാമത്തിലുമുണ്ട്. ഉണ്ണിക്കൃഷ്ണനളിയൻ ഗ്രാമത്തിലെ ദുബായ് ക്കാരുടെ പ്രതിനിധിയാണ്. xxx സിഗരറ്റും സ്പ്രേമണക്കുന്ന ദേഹവും. ടേപ്പ് റെക്കോർഡറും കൊണ്ട് നടക്കുന്ന ഗൾഫുക്കാർ  ഇന്നലെയെന്ന പോലെ ഓർമകളിൽ ഓടിയെത്തുന്നു.

ബ്രേക്ക് സുരയും കൂട്ടരും, വേശു ചേച്ചിയും മണിയേട്ടനും,ആരോരുമില്ലാതെ കൂറ്റനാട് അങ്ങാടിയിൽ നടന്നിരുന്ന രാമുവും, മംഗലാപുരത്തെ കോൺട്രാക്ടറും നാട്ടിൽ ഒരാളും അംഗീകരിക്കാത്തയാളുമായ മാനുവേട്ടനും, അക്ഷരത്തോടൊപ്പം അന്നവും പാകം ചെയ്ത് തൻ്റെ കുട്ടികൾക്ക് നൽകുന്ന പേരറിയാ മാഷും, തെരുവു സർക്കസുക്കാരും, അവിൽ വിൽപ്പനക്കാരൻ വേലുവും തുടങ്ങി പല ആളുകളും നമുക്കു ചുറ്റും ജീവിച്ചിരുന്നവരോട് സാമ്യം തോന്നും.

പലപ്പോഴും പറ്റിക്കപ്പെട്ട പണിക്കാരനാവുന്നു കവി. കവിതയെഴുത്തും, തൻ്റെ ആദ്യ കാവ്യസമാഹാരത്തെയും ഓർത്തെടുക്കുന്നു പല ഭാഗങ്ങളിൽ....

ജീവിതം ഒരു സമരമാണ് രാജേഷ് നന്ദിയംകോട് എന്ന എഴുത്തുകാരന്, തൻ്റെ തൊഴിൽ ആയുധങ്ങൾ പോലെ എഴുത്തും ആ സമരത്തെ മുന്നോട്ട്  നയിക്കാനുള്ള ഉപകരണമാണ്.

വായിക്കുക ഈ ഓർമ്മപ്പുസ്തകം.  നിങ്ങളും ഞാനും നടന്നു വന്ന വഴികളിലെ ഇന്നലെകളുടെ തനിപ്പകർപ്പുകൾ കൂടിയാണത്......


©️ അജേഷ് പി                                                                      ajeshptb@gmail.com 


2024 ഫെബ്രുവരി 13, ചൊവ്വാഴ്ച

ഒരു റേഡിയോ കഥ



ഒരു റേഡിയോ കഥ 
അജേഷ് പി

വീട്ടിൽ റേഡിയോ വാങ്ങാൻ ഞാൻ കാരണക്കാരനായ കഥ അമ്മ ഇടയ്ക്കിടെ ഇപ്പോഴും ഓർമ്മയിൽ നിന്നെടുത്ത് പറയാറുണ്ട്. മുകളിലെ ബന്ധുവീട്ടിലാണ്  ആദ്യമായി ഞങ്ങളുടെ പ്രദേശത്ത് റേഡിയോ വരുന്നത്. വലിയ കൗതുകമായിരുന്നു റേഡിയോ കേൾക്കാൻ. ആദ്യമായി റേഡിയോ എന്ന അത്ഭുതപ്പെട്ടി കണ്ടപ്പോൾ വലിയ വിസ്മയമായിരുന്നു. റേഡിയോ പരിപാടികളുടെ സമയത്ത് കൃത്യമായി എല്ലാവരും വൈകുന്നേരങ്ങളിലെ പണികൾ കഴിഞ്ഞ് അവിടെ ഹാജരാകും. മുതിർന്നവരും കുട്ടികളുമെല്ലാം ഉണ്ടാകും ഹാജരായവരുടെ കൂട്ടത്തിൽ.


 ഒരിക്കൽ റേഡിയോ കേൾക്കാൻ വേണ്ടി വേണ്ടി പോയ സമയത്ത് റേഡിയോ ശബ്ദം കൂട്ടാൻ വേണ്ടി അറിയാതെ റേഡിയോയുടെ നോബ് ഞാൻ പിടിച്ചു തിരിക്കുകയുണ്ടായത്രെ, അന്നെനിക്ക് നാല് വയസാണെത്രെ പ്രായം. അതിനവിടെ നിന്ന് കുറേ വഴക്ക് കേട്ടു ഞാൻ കരഞ്ഞു വീട്ടിലേക്കോടി. ആ കരച്ചിൽ വൈകിട്ട് പണി കഴിഞ്ഞു വന്ന അച്ഛനറിഞ്ഞു. ആദ്യം എന്നെക്കുറിച്ച് വഴക്ക് പറഞ്ഞെങ്കിലും, അവർ എന്നെ വഴക്ക് പറഞ്ഞത് അച്ഛനു സഹിച്ചില്ല.അന്ന് രാത്രി ആരുടെയൊക്കെയോ കയ്യിൽ നിന്ന് കാശ് കടം വാങ്ങി ഒരു പുതിയ റേഡിയോ വീട്ടിലെത്തി..



റേഡിയോ വന്നതിനുശേഷം അതായി വീട്ടിലെ സമയപെട്ടിയും എന്നു പറയാം. അന്ന് ക്ലോക്കൊന്നും വീട്ടിലില്ല. രാവിലത്തെ പ്രാദേശിക വാർത്തയും, സംസ്കൃത വാർത്തയും, സുഭാഷിതവുമെല്ലാം ദിനചര്യകളെ കൂടി  ഓർമിപ്പിക്കാനുള്ള പരിപാടികളായിരുന്നു. രാവിലെ സുഭാഷിതം കേട്ടാണ് കവുങ്ങിന്റെ പാളകുത്തിയുണ്ടാക്കിയ പാത്രത്തിൽ നിന്ന് ഉമിക്കരിയും' വാരി തിണ്ടത്തിരിക്കുന്ന സോപ്പും എടുത്ത് കുളത്തിലേക്ക് കുളിക്കാനോടുക. 


ഇന്നത്തെ പോലെ എല്ലായിപ്പോഴും ഒന്നും പ്രക്ഷേപണമില്ലാത്ത ആകാശവാണി സ്റ്റേഷൻ സമയബന്ധിതമായ പരിപാടികൾ കേൾക്കാൻ വേണ്ടി സമയത്തെ കാത്തിരിക്കും രാവിലത്തെ പരിപാടികൾ എട്ടുമണിക്ക് അവസാനിച്ചാൽ പിന്നീട് 12 മണിക്കാണ് സ്റ്റേഷൻ തുറക്കുക. കൃഷിഫാമിൽ നിന്നുള്ള സൈറനാണ്  ഉച്ചക്ക് റേഡിയോ ഓണാക്കാനുള്ള നേരം കേൾപ്പിക്കുക ഒരു പ്രത്യേക താളത്തോത്തോടെ സ്റ്റേഷൻ തുറക്കും പിന്നീട് വാർത്തകളും മാപ്പിളപ്പാട്ടും ആദിതാ ഇവും  ചലച്ചിത്ര ഗാനങ്ങളുമായിആയി രണ്ടു മണിവരെ പരിപാടികൾ.


നാലു മണിയായാൽ സിലോൺ സ്റ്റേഷനുവേണ്ടി സൂചി അഡ്ജസ്റ്റ് ചെയ്തു തുടങ്ങും ചെറിയ ആൻറണിയിൽ ഒരു വയറു കഷണം തൂക്കി വീടിൻ്റെ ഇറയത്ത് മൂലയിൽ തൂക്കം. വേണോ വേണ്ടയോ എന്ന തരത്തിൽ സ്റ്റേഷനിൽ നിന്ന് പാട്ടുകൾ ഒഴുകിയെത്തും


പിന്നീട് രാത്രിയാണ് റേഡിയോ തുറക്കുക, കൃഷിപാഠവും യുവവാണിയും ചലച്ചിത്ര ഗാനങ്ങളും, വാർത്തയും നാടകവും അങ്ങനെ മനോഹരമായ റേഡിയോ പരിപാടികൾ.


 ഓണത്തിനും വിഷുവിനും ഇടക്ക് ഞായറാഴ്ചകളിലും ചലച്ചിത്ര ശബ്ദരേഖകൾ കേൾക്കാം. ഒരു സിനിമ കാണുന്നതുപോലെ ആ ശബ്ദരേഖ കേൾക്കാൻ റേഡിയോക്കു ചുറ്റുമിരിക്കും, സിനിമാ രംഗങ്ങൾ മനസിൽ തളിയും.


 തെരഞ്ഞെടുപ്പ് കാലത്ത് ഫലം അറിയുന്ന ദിവസമായാൽ രാവിലെ മുതൽ പിറ്റേന്ന് പുലർച്ചെ വരെ റേഡിയോക്കു മുന്നിലായിരിക്കും. മണിക്കൂറുകൾ ഇടവിട്ട് ഇടവിട്ട് വരുന്ന തെരഞ്ഞെടുപ്പ് വാർത്തകൾ കേൾക്കാൻ. അത്രയും കൗതുകമായിരുന്നു എനിക്കും എൻറെ നാട്ടുകാർക്കും റേഡിയോ . 


റേഡിയോയിലേക്ക് കത്തയച്ച്  കത്ത് വായിക്കുന്ന സമയത്ത് പേരുകൾ കേൾക്കാൻ കാത്തിരുന്ന നിമിഷങ്ങൾ സ്വന്തം പേര് കേൾക്കുമ്പോൾ ഉള്ള അതിയായ സന്തോഷം. എല്ലാ ആഴ്ചയിലും റേഡിയോയിൽ കത്തുകൾ വായിക്കുമ്പോൾ ആവർത്തിച്ചു കേട്ട ഒരു പേര് കുഞ്ഞിപ്പ പന്താവൂർ എന്ന പേരായിരുന്നു. എത്ര മനോഹരമായിരുന്നു റേഡിയോ കാലം.


 പറയുന്നത് കേട്ടിട്ടുണ്ട് റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് വേണമായിരുന്ന ഒരു പഴയ  കാലത്തെക്കുറിച്ച്. എംടിയുടെയും മറ്റും കഥകളിലും എഴുത്തുകളിലും റേഡിയോയെക്കുറിച്ച് എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്.


പുത്തൻ മാധ്യങ്ങൾക്ക്  വഴിമാറിയിട്ടും വാർത്തകൾ കേൾക്കാൻ, തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക്,  കൗതുക വാർത്തകൾ അറിയാൻ, പാട്ടു കേൾക്കാൻ, കഥ കേൾക്കാൻ, കവിത കേൾക്കാൻ ,തീവണ്ടി സമയമറിയാൻ.... എത്രയോ കാലം നമുക്കിടയിൽ റേഡിയോ ഉണ്ടായിരുന്നു..... 


ഒരിക്കൽ മലയാളിയുടെ ദിനചര്യയുടെ ഭാഗം തന്നെയായിരുന്നു മാർക്കോണിയുടെ റേഡിയോ......


 ©️ അജേഷ് പി                                    ajeshptb@gmail.com

2024 ജനുവരി 22, തിങ്കളാഴ്‌ച

ജീവിതം ഓരോ കഥകളാണ്


 ജീവിതം ഓരോ കഥകളാണ്
 അജേഷ്  .പി


മ്മളെല്ലാം ഓരോ കഥകളാണ്, പക്ഷേ ആ കഥകൾ നമ്മൾ അടയാളപ്പെടുത്തുന്നില്ല എന്നു മാത്രം. വഴിവക്കിൽ, അടുക്കളപ്പുറത്ത്, കോലായിൽ, കിടപ്പുമുറിയിൽ, വേലിക്കപ്പുറം, അങ്ങനെ അങ്ങനെ എത്ര കഥകളാണ് നമുക്ക് ചുറ്റും. എത്ര കഥകൾ കേട്ടു, അനുഭവിച്ചു  അങ്ങനെ ജീവിതങ്ങൾ വലിയ വലിയ അനുഭവങ്ങളായി കഥകളായി  മാറുന്നു. എന്നാൽ ഈ കേട്ടകഥകളെ, അറിഞ്ഞ കഥകളെ തനിക്ക് ചുറ്റും കടന്നുപോയ മനുഷ്യരെ കഥയുടെ ഭാഗമാക്കുകയാണ് "കനലുകൾ'' " എന്ന കഥാസമാഹാരത്തിലൂടെ ഉഷ സുധാകരൻ എന്ന കഥാകാരി.

പഠിക്കുമ്പോൾ മനോരാജ്യം കണ്ടിരുന്ന ഒരു കൊച്ചു പെൺകുട്ടി തനിക്ക് കിട്ടിയ കുറെ കഥകളെ അടുക്കിപ്പെറുക്കി വയ്ക്കുന്നത് മുതിർന്നപ്പോഴാണ്. ശരിക്കും പറഞ്ഞാൽ നമ്മൾ അടച്ചിരുന്ന കോവിഡ് കാലത്ത്, ഒറ്റയായി പോകുമ്പോൾ നമുക്കുചുറ്റും കഥകൾ നിറഞ്ഞാടും..!  ആ ഏകാന്തതയിൽ ഉഷ സുധാകരനു കൂട്ടു വന്നത് കുറച്ചു കഥാപാത്രങ്ങളും അവർ കൊണ്ടുവന്നുകൊടുത്ത കഥകളുമാണ്. അത് കഥാകാരിയുടെ മനോരാജ്യത്തിലിരുന്ന്  വെട്ടിയൊതുക്കി നമുക്ക് വായിക്കാനുള്ള ചിന്തിക്കാനുള്ള നല്ല അനുഭവങ്ങളാക്കി മാറ്റി തന്നിരിക്കുന്നു.

സരളമായ ഭാഷയിൽ ഒഴുക്കോടെ ആ കഥകൾ നമ്മളോട് സംവദിക്കുന്നു. ജീവിതം വലിയൊരു കനലാണ് എന്ന് ബോധ്യപ്പെടുത്തുന്നു. അതിങ്ങനെ കെട്ടുപോകാതെ ആളിത്തീരാതെ നീറിക്കൊണ്ടേയിരിക്കും മറ്റുള്ളവർക്കായി. ഈ കഥകൾ പലതും  നമുക്കുചുറ്റും നാം കണ്ട പല ജീവിതങ്ങളുടെയും അനുഭവങ്ങളുടെയുമാണ്.

പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക ഈ കഥകളുടെ മനോഹാരിതയെ കുറിച്ച് പറഞ്ഞുവെക്കുന്നുണ്ട്. ആർക്കും കയറിച്ചെല്ലാവുന്ന ഭാഷ, നമുക്ക് നിത്യപരിചിതങ്ങളായ കഥാപരിസരങ്ങൾ, കഥാപാത്രങ്ങൾ... നമ്മുക്കിടയിലെ ജീവിതങ്ങളുടെ നേർചിത്രങ്ങളാണ് ഈ കഥകൾ.

"കനലുകൾ " എന്ന ഈ കഥാസമാഹാരത്തിൽ 18 കഥകളാണുള്ളത്. എല്ലാ കഥകളും നമുക്ക് ചിരപരിചിതമായ  വഴികളിലൂടെയുള്ള യാത്രയാണ്. പക്ഷേ ഈ ജീവിതങ്ങളെ നമ്മളൊന്നും അത്ര ഗൗനിക്കാറില്ല എന്നുമാത്രം. ഇവിടെയാണ് കഥാകാരി തന്റെ കഥകളെയും കഥാപാത്രങ്ങളെയും കണ്ടുമുട്ടുന്നത്.

"കഥകളും വേശമ്മാളും " എന്ന കഥയോടെയാണ് ഈ സമാഹാരത്തിൻ്റെ തുടക്കം. അനേകം കഥകളായി വർത്തമാനങ്ങളായി ആയി മാറുന്ന വേശമ്മാൾ എന്ന തമിഴ് പെൺകുട്ടി ചൊല്ലൂര് എന്ന ഗ്രാമത്തിലെത്തുന്നത് ഭർത്താവായ തിമ്മപട്ടരുടെ കൂടെയാണ്. സ്വന്തമായി കണ്മഷി ഉണ്ടാക്കി കണ്ണ് എഴുതിയ വേശമ്മാൾ ഭർത്താവിൻ്റെ മരണത്തിനു ശേഷവും ആ ജീവിതചര്യ തുടരുന്നു. ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ്  ചായക്കടയും പലഹാരക്കടയും  ജീവിതത്തിന്റെ ഭാഗമാക്കുന്നത്.  ജീവിതത്തിൻ്റെ പലഘട്ടങ്ങളിലും വേശമ്മാൾ നിറമുള്ള കഥകളായി നാട്ടിലെ പലയിടത്തുമുണ്ട്. നാട്ടിലെ പാവപ്പെട്ട സ്ത്രീകളെ സ്ത്രീകളെ കൈ മറന്ന് സഹായിക്കുന്നു. തന്നോട് ലോഹ്യം കൂടാൻ എത്തുന്നവരുടെ മനസ്സിലിരിപ്പ് കണ്ട് അവരെ ആട്ടിപ്പായിക്കുന്നു. മൂന്നു പ്രസവിച്ച വേശമ്മാൾ തന്റെ തലതിരിഞ്ഞു പോയ മകൻ മുസ്ലീം സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വരുമ്പോൾ സ്നേഹത്തോടെ അവളെ  സ്വീകരിക്കുന്നു. ആ സംഭവത്തിൽ അയൽക്കാര്യം നാട്ടുകാരും ഒറ്റപ്പെടുത്തുമ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നു.  തൻ്റെ ഭർത്താവ് തിമ്മപട്ടര് മരിക്കുമ്പോൾ തളർന്നു പോകുന്ന വേശമ്മാൾ മകൻ്റെ കുഞ്ഞിൻ്റെ  ജനനത്തിലൂടെ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കുന്നു. കഥകളായി വേശമ്മാൾ  നാട്ടിലെ ജനങ്ങളിൽ ജീവിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കി ദിനങ്ങൾ കടന്നു പോകുന്ന ഗ്രാമത്തിന്റെ ചിത്രം ഈ കഥയിൽ കാണാം. വേശമ്മാളെപോലെ നമ്മളെല്ലാം ആരുടെയെങ്കിലും വർത്തമാനങ്ങളിലെ കഥകളും കഥാപാത്രങ്ങളും തന്നെയാണ് എന്ന ചിന്ത ഈ കഥ പറഞ്ഞു വെയ്ക്കുന്നു.

മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും ഒടുവിൽ ഭാരമായി മാറുകയും ചെയ്യുന്ന കഥാപാത്രങ്ങളെ നമ്മൾ പലയിടത്തും വായിച്ചും കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുണ്ട് .ഭാണ്ഡകെട്ട് എന്ന കഥയിലെ ലക്ഷ്മണൻ കാർത്ത  പെങ്ങൾക്കും മകനും വേണ്ടി തന്റെ ജീവിതം മറന്നു പോയ കഥാപാത്രമാണ്. ഒടുവിൽ വയസായ കാലത്ത് മരുമകന്റെ ഭാര്യയുടെ കുത്തുവാക്ക് കേട്ട് എല്ലാ ഉപേക്ഷിച്ച് ഒരു പുലർച്ചയ്ക്ക് വീടുവിട്ടിറങ്ങുന്നു. ലക്ഷ്മണൻ കാർത്ത റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുക്കുമ്പോൾ പറയുന്നത് "ഈ ട്രെയിനിന്റെ അവസാനം വരെ " എന്നാണ്. പ്ലാറ്റ്ഫോറത്തിലെ മുറുക്കാൻ കറയുള്ള പല്ലു കാട്ടിച്ചിരിക്കുന്ന സ്ത്രീയുടെ ചോദ്യം ലക്ഷ്മണൻ കാർത്തയെ വിട്ട് നമ്മിലേക്ക് കൂടിയാണ് കൊള്ളുന്നത്. കഥയുടെ ശീർഷകം പോലെ, വയസ്സാകുമ്പോൾ എല്ലാവരും എറിഞ്ഞു കളയുന്ന കഥകൾ മാത്രമുള്ള ഭാണ്ഡക്കെട്ടുകൾ മാത്രമാകുന്നു.

മനസ്സ് എന്ന കഥയിൽ ഒരിക്കൽ അധികപ്പറ്റായി മാറിയ ശ്രീകലയുടെ ചിന്തകളിലൂടെയാണ് ഇതൾ വിരിയുന്നത്. ശിഥിലമാക്കപ്പെട്ട ഒരു ബന്ധത്തിലേക്ക് അധികപ്പറ്റായി കയറി അവിടെ നിന്നും പുറത്താക്കപ്പെട്ട തന്റെ ജീവിതത്തെ ഓർത്തെടുക്കുകയാണ്, അവസാനമായി മകനോടുത്ത് രോഗിയായ അയാളെ കാണാൻ പോകുന്ന കാർ യാത്രയിൽ അവൾ. 

സീൽ എന്ന കഥയിലെ പോസ്റ്റ് ഓഫീസിലെ കത്തുകൾക്ക് മുദ്രകുത്തുന്ന റസിയ എന്ന കഥാപാത്രം വർത്തമാനകാല ജീവിതത്തിന്റെ നേർസാക്ഷ്യമാകുന്നു. ഭർത്താവിനാലും വീട്ടുകാരാലും വഞ്ചിക്കപ്പെട്ടു പോകുന്ന പുതിയകാലത്തെ സ്ത്രീ ജീവിതത്തെ വരച്ചുകാട്ടുന്നു റസിയ. കത്തുകളിൽ കുത്തുന്നുവെങ്കിലും ആ അടയാളം വയ്ക്കൽ വന്നുവീഴുന്നത് വർത്തമാനകാലത്തിൽ ജീവിക്കുന്ന സ്ത്രീവിരുദ്ധമായ ചിന്തകളുള്ള ഓരോ മനുഷ്യരുടെയും മുഖത്താണ്. പറ്റിക്കപ്പെട്ടു പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കാലത്തിനു നേരെയുള്ള ചാപ്പ കുത്തലാകുന്നു സീൽ എന്ന കഥ.

കനൽ എന്ന കഥ ശബ്ദിക്കേണ്ട സമയത്ത്   ഊമകളായി നടിക്കുന്ന  മനുഷ്യരുടെ കഥയാണ്. തനിക്ക് ചുറ്റുമുള്ള  സഹജീവികളുടെ വേദനകളെ അറിഞ്ഞ് ജീവിക്കാനും ആ വേദനകളിൽ അവർക്ക് താങ്ങായി മാറാൻ പറ്റുകയും ചെയ്യുക എന്നതാണ് വലിയ കർത്തവ്യം. പക്ഷേ പുതിയ ലോകത്ത് മറ്റുള്ളവരുടെ വേദന അന്യരുടെ  മാത്രം വേദനയാണ്. തപ്സി എന്ന ബംഗാളി പെൺകുട്ടിയുടെ ആത്മഹത്യ പോലും മിയ എന്ന യുവ ഡോക്ടറുടെ നിശബ്ദതയുടെ ശമ്പളമാണ്. ആവശ്യമുള്ളപ്പോൾ മറ്റുള്ളവർക്ക് വേണ്ടി ഇടപെടുക അതിനു പകരം ആപത്തിലവർ  നഷ്ടപ്പെട്ടു പോകുമ്പോൾ അതിൽ വിലപിക്കുന്നത് നീതിയല്ല. തപ്സി എന്ന ബംഗാളി പെൺകുട്ടി പണ്ടെങ്ങോ തങ്ങളുടെ കൂടെ എടുത്ത ഫോട്ടോ സൂക്ഷിച്ചു വെച്ച് കാണിച്ചുതരുന്നത് അവൾക്കുള്ള ഒരു പ്രതീക്ഷയുടെ അടയാളമായിട്ടാണ്. പക്ഷെ ആ ഫോട്ടോ മിയയുടെ ഭർത്താവിന് വിനോദയാത്രയ്ക്കിടയിൽ വെറുതെ രസത്തിനു സംഭവിച്ചു പോയ വെറും കൗതുകം മാത്രമാകുന്നു.  കെട്ടിടത്തിന്റെ ഉയരങ്ങളിൽ നിന്ന് വീണു മരിച്ച/ കൊലചെയ്യപ്പെട്ട തപ്സിക്ക് അത് അടഞ്ഞുപോയ തൻ്റെ  ജീവിതത്തിലേക്കുള്ള അവസാന താക്കോലായിരുന്നു; പക്ഷേ സ്വന്തം ജീവിതത്തിൽ മാത്രം അഭിരമിക്കുന്നവർക്ക് എന്ത് ഭൂതകാല ഓർമ്മകളുടെ ചൂടും കുളിരും,  തപ്സിയിൽ നിന്ന് നമ്മുടെ ഉള്ളിലേക്ക് തറച്ചു വെയ്ക്കപ്പെട്ട "കനൽ " ആകുന്നു ഈ കഥ. തപ്സിയുടെ ഈ കഥയെ വിട്ട് നമ്മൾ പോയാലും അവൾ നമ്മുടെ മനസ്സിൽ  വേദനയായി നീറിക്കൊണ്ടേയിരിക്കും.

തനിയാവർത്തനം എന്ന കഥ തിരിച്ചറിയുമ്പോഴേക്കും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുന്ന പ്രകടിപ്പിക്കാത്ത സ്നേഹത്തിന്റെയും, ജീവിതത്തിന്റെയും കഥയാണ്. ശങ്കരമേനോനും അങ്ങേ വീട്ടിലെ കള്ളുകുടിയന്റെ ഭാര്യയും തനിയാവർത്തനങ്ങളിലെ ജിവിക്കുന്ന ഇരകളായി അവശേഷിക്കുന്നു. നൊമ്പരപെയ്ത്ത് എന്ന കഥ ചേച്ചിയമ്മയുടെയും കുഞ്ഞനിയന്റെയും സ്നേഹബന്ധത്തിൻ്റെതാണ്. ഉത്തരം എന്ന മക്കൾ മനസിലാക്കാതെ ഏകാന്തതയിൽ പെട്ടു പോകുന്ന അമ്മയുടെയും, ഏകാന്തതയിൽ വർത്തമാനങ്ങളുമായി വന്നു പോകുന്ന ജോസവങ്കിളിൻ്റെയും കഥയാണ്. കീർത്തിയെന്ന മകൾ അമ്മയുടെ ജോസഫങ്കളുമായി ഒന്നിച്ചു ജീവിക്കാനുള്ള  ആഗ്രഹത്തെ സ്വന്തം ജീവിതം കൈവിട്ടു പോകുമ്പോളും നാണക്കേടായി കാണുന്നു, പിന്നീട്  വിചിന്തനത്തിൻ്റെ ഭാഗമായി അമ്മയെ മനസിലാക്കി അമ്മയുടെ ആഗ്രഹത്തെ അംഗീകരിക്കുന്ന മകളായി മാറുന്നു.

തന്നെ വേദനിപ്പിച്ചവരെയും തിരിച്ച് നന്നായി സ്നേഹിക്കുക എന്ന ചിന്ത നമ്മിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ് തായ്‌വീടിലെ അലമേലു. സ്ത്രീക്ക് സ്നേഹിക്കാൻ മാത്രമാണ് നന്നായി അറിയുക, സ്നേഹത്താൽ വഞ്ചിക്കപ്പെട്ടവളാണെങ്കിലും  സ്നേഹത്തെ ആവോളം നൽകൽ മാത്രമാണ് ഏറ്റവും പ്രധാനം എന്ന് അലമേലു കാണിച്ചുതരുന്നു. അമ്മയായ തായമ്മയെ  വിട്ട് ഒറ്റയാകുമ്പോഴും  തന്നെ വഞ്ചിച്ച  പുരുഷൻറെ അച്ഛനെ വരെ സംരക്ഷിക്കുന്ന  മനുഷ്യസ്നേഹിയാകുന്നു അലമേലു എന്ന കഥാപാത്രം.

ഉടുപ്പ് എന്ന ചെറിയ കഥ വലിയ അർത്ഥതലങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു. അന്ധവിശ്വാസങ്ങളുടെ ചരടുകൾ നമ്മുടെ അരയിലും കൈയിലും കഴുത്തിലുമൊക്കെ  ആരും കാണാത്ത തരത്തിൽ കനത്ത കിടപ്പുണ്ടെന്ന് ഈ കഥ നമ്മളെ ഓർമ്മപ്പെടുത്തുന്നു. ഫോട്ടോ എന്നത് നമ്മുടെ സമൂഹത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടജീവിതങ്ങളുടെ പകർപ്പാണ്. ഹൈദ്രോസിക്കായുടെ കച്ചവടം, വാസ്തവം, പോക്കറ്റ്, എന്താ കഴിച്ചത്, കവറിട്ട പുസ്തകം, പായസ പാത്രം എന്നിങ്ങനെ പല കഥകൾ  ജീവിതങ്ങളെ പറഞ്ഞും ചിന്തിപ്പിച്ചും ഈ സമാഹാരത്തിൽ ഇനിയുമുണ്ട്. 


വർത്തമാനകാല ജീവിതത്തിൽ അറ്റു പോകുന്ന ബന്ധങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെയും, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെയും ഉഷാ സുധാകരൻ്റെ മിക്ക കഥകളിലും കണ്ടെത്താം ഫ്ലാറ്റ് ജീവിതവും നാഗര ചിന്തയും ബന്ധങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, ഒരു ഫ്ലാറ്റിന്റെ നാല് ചുവരുകൾക്ക് നടുവിൽ ഘടിപ്പിച്ച ജാലകത്തിലൂടെ കണ്ട് അവ കഥകളായി, ഒറ്റയായി പോകുന്നവരുടെ നൊമ്പരങ്ങളായി നമ്മിലേക്ക് കൊടുത്തയക്കുന്നു.  കനലുകൾ വായിക്കുക.... 

നമ്മളും കഥകളാണ് ജീവിതത്തിൽ കഥകൾ തുടർന്നു കൊണ്ടേയിരിക്കും...




©️അജേഷ്.പി

9846979674

ajeshptb@gmail.com 

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...