വി.എസ്
ഒരു സമരക്കുറിപ്പ്
അജേഷ് .പി
പട്ടാമ്പി കോളേജിലെ ബി.എ പഠന കാലത്ത് പി.ഡി.സുബീഷ് ആയിരുന്നു sfi യൂണിറ്റ് സെക്രട്ടറി പ്രസിഡണ്ട് പ്രകാശനും ആ സമയത്താണ് sfi യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കൽ ഉപവാസ സമരം നടക്കുന്നത്. പട്ടാമ്പിയിൽ നിന്ന് ഉപരോധത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഞാനും ഉൾപ്പെട്ടു. കൂടെ സുഭീഷ്,പ്രകാശൻ, പ്രമോദ്, ധന്യ, വരുൺ, അനൂപ്, രാകേഷ്.......
ആദ്യമായണ് തിരുവനന്തപുരത്തേക്ക് പോകാൻ എനിക്ക് അവസരം ലഭിക്കുന്നത്. ആ ആകാംക്ഷ യാത്രയിലുണ്ട്. തലേന്ന് രാത്രി പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പാലക്കാട്ടെ സമര സഖാക്കൾ അമൃതയിൽ പാട്ടുപാടി, കഥ പറഞ്ഞ്, രാഷ്ട്രീയം പറഞ്ഞ് അങ്ങനെയങ്ങനെ......
തിരുവനന്തപുരത്ത് എത്തിയ ഞങ്ങൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് ' പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാനുമെല്ലാം മുഴുവൻ ഏർപ്പാടും ചെയ്തിരുന്നത്.
ഉച്ചതിരിഞ്ഞായിരുന്നു ഉപരോധം തുടങ്ങുന്നത്, അതുകൊണ്ട് തന്നെ തിരുവനന്തപുരത്തൊരു കറക്കമായിരുന്നു ഉച്ചവരെയുള്ള പദ്ധതി. തിരുവനന്തപുരം മൃഗശാലയും ,പ്ലാനിറ്റോറിയത്തിൻ്റെ പുതുമകളും അത്ഭുതങ്ങളും ആദ്യമായി കണ്ടു.....
ഉച്ചതിരിഞ്ഞ് സെക്രട്ടേറിയറ്റു പടിക്കൽ 24 മണിക്കൂർ ഉപവാസ സമരത്തിനായി പതിനാല് ജില്ലകളിലെ സഖാക്കളും എത്തിചേർന്നിരിക്കുന്നു ...
വിദ്യാർത്ഥികളുടെ മുദ്രാവാക്യത്തിൻ്റെ അലയൊലികൾ.....
സമരം ഉദ്ഘാടനം ചെയ്യുന്നത് പുന്നപ്ര വയലാർ സമര നായകനും അന്നത്തെ പ്രതിപക്ഷനേതാവുമായ സഖാവ്. വി.എസ് അച്ച്യുതാനന്ദൻ. മുദ്രാവാക്യത്തിൻ്റെ മുഴക്കങ്ങൾ.......
പെട്ടെന്നാണ് മഴ തകർത്തു ചെയ്യാൻ തുടങ്ങിയത്.....
ഉടനെ സമര സഖാക്കൾക്കായി ഒരു താൽകാലിക പന്തലൊരുക്കാൻ ഒരു ടാർപായ സഖാക്കൾ വലിച്ചു പിടിച്ചത് , ഉടനെ അവിടെ സമരത്തിന് അടുത്തു നിന്ന ഒരു സംഘം പോലീസുകാർ ടാർപായ പന്തൽ പൊളിക്കണമെന്ന വാശിയിലായി ഞങ്ങളുമായി പിടിവലിയായി. അകാരണമായാണ് പോലീസ് അത്തരത്തിലൊരു നടപടിയിലേക്ക് മുതിർന്നത്. ആ പോലീസ് സംഘർഷത്തിലേക്കാണ് വി.എസ് വന്നിറങ്ങുന്നത്. മഴയത്ത് തീപ്പൊരികൾ പാറി വീഴുന്ന പ്രസംഗം. പ്രസംഗത്തിനൊടുവിൽ സഖാവ് പ്രഖ്യാപിക്കുന്നു, യു.ഡി എഫ് ൻ്റെ പോലീസിൻ്റെ അതിക്രമം കുട്ടികൾക്കു നേരെ വേണ്ട.....
ഞാനും ഇവരോടൊപ്പം ഉപവാസമിരിക്കുന്നു.
അങ്ങനെ സഖാവ് വി.എസും ആ സമരത്തിൻ്റെ ഭാഗമായി, ബഹു മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും, പി.ബി.അംഗങ്ങളായ സഖാവ്.കോടിയേരിയും സഖാവ്.എം.എ.ബേബിയും,
ആ സമരത്തിനെത്തി പ്രഭാഷണങ്ങളിലൂടെ ഞങ്ങളിൽ ആവേശവും സമരാഗ്നിയും നിറച്ചു.
മഴയിലും മഴ കരുതി വെച്ച തണുപ്പിലും സെക്രട്ടേറിയേറ്റിന് പുറത്ത് റോഡുവക്കിൽ ഞങ്ങൾക്കൊപ്പം ഒരു രാത്രിയും പകലും സഖാവ്. വി എസ്.....
വെറുമൊരു പലകയിൽ ഒരു വിരിയിൽ ഒരു പുതപ്പിൽ ഞങ്ങളോടൊപ്പം....
കൊടിയ മർദ്ദനങ്ങളും
ഐതിഹാസിക സമരങ്ങളും നയിച്ച
സഖാവ് .....
അദ്ദേഹത്തിൻ്റെ സമരവീര്യത്തെ തോൽപ്പിക്കാൻ ആ മഴയ്ക്കും, തണുപ്പിനും അതിനുമപ്പുറം അന്നത്തെ ഭരണകൂടത്തിനൊ പോലീസിനൊ ആകുമോ....!
സമര യൗവനത്തിന്
പിറന്നാൾ ആശംസകൾ
( സമരത്തിൻ്റെ ഒരു ഫോട്ടോയുള്ള സ്റ്റുഡൻ്റ് മാസിക കുറേ നാൾ കൈയിലുണ്ടായിരുന്നു. എങ്ങോ നഷ്ടപ്പെട്ടു )
ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്
