അജേഷ് പി.
(താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)
ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട് തന്റെ കഥകളെഴുതുന്നത്. താനൊരു പച്ച മനുഷ്യനാണ്, തനിക്കു ചുറ്റും നിരന്തരം ഇടപെടുന്നത് അതിസാധാരണ മനുഷ്യരാണ്, താൻ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികളാണ്. അവർക്കുളളതു കൂടിയായാണ് താജിഷിന്റെ ഓരോ രചനകളും. അതുകൊണ്ട് തന്റെ താജിഷ് എന്ന അധ്യാപകന്റെ എഴുത്തുകളെല്ലാം ജനപ്രിയമാണ്.
ആ ലാളിത്യത്തിന്റെ ഭാഷയിൽ അയാൾ പറക്കുളം കുന്നിന്റെ ഉച്ചിയിലിരുന്ന് ജീവിതങ്ങളെ കാണുന്നു. തൻറെ ഹൃദയത്തെ മുറിക്കാൻ ശേഷിയുള്ള ജീവിതാനുഭവങ്ങളെ അയാൾ കഥകളും കവിതകളുമാക്കുന്നു. താജിഷ് ചേക്കോടിന്റെ ഏറ്റവും പുതിയ കഥാസാമാഹാരമാണ് ടീച്ചറമ്മ. ഇതു താൻ നിത്യ ജീവിതത്തിൽ കണ്ട ചില ജീവിതാനുഭവങ്ങൾ തന്നെയാണ്. കാഴ്ചയിൽ, മനസിലാക്കലിൽ ചില അനുഭവങ്ങളുണ്ട് മനസ്സിനെ പിടിച്ച് ഉലയ്ക്കുന്നത്, അത്തരം കാഴ്ചകൾ അനുഭവിക്കുമ്പോൾ മനസ് നീറുമ്പോൾ ആ നീറ്റൽ കഥകൾക്ക് തീവ്രത കൂട്ടും. അത്തരത്തിലുള്ള നാല് കഥകളുടെ സമാഹാരമാണ് ടീച്ചറമ്മ. നമ്മളിൽ ചിലർ നടന്നുപോയ വഴികളിലെ ചില കാഴ്ചകളും അനുഭവങ്ങളുമുണ്ടിതിൽ. പക്ഷേ അത് നമുക്ക് കഥകളാക്കാൻ കഴിഞ്ഞില്ല, താജിഷ് അവ ഹൃദയസ്പർശിയായ കഥകളാക്കി വായനക്കാരനു മുന്നിൽ കൊണ്ടുവന്നു വെയ്ക്കുന്നു.
ഈ സമാഹാരത്തിലെ ആദ്യ കഥയാണ് "നേരവകാശികൾ" ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് ഒരു ഞണ്ടും, പണം കൊണ്ട് എല്ലാം നേടിയെടുക്കാം എന്നു കരുതുന്ന വൈശാഖനും. ഇതൊന്നാന്തരമൊരു പാരിസ്ഥി കഥയാണ്. സബ് രജിസ്ട്രാർ ഓഫീസിൽ പോയി മുദ്രപത്രത്തിൽ ആധാരം ചെയ്താൽ ആ മണ്ണ് തന്റെതുമാത്രമായി എന്നു വിശ്വസിക്കുന്ന ആർത്തിയുള്ള മനുഷ്യന്റെ മുഖത്തടിക്കുന്ന കഥയാണിത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി മതിലുകെട്ടി തിരിച്ചെടുത്താൽ തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന മനുഷ്യന്റെ മിഥ്യാ ബോധത്തിനു മുകളിലാണ് ഞണ്ട് പ്രളയ സമയത്ത് ഇരിപ്പുറപ്പിക്കുന്നത്. നമ്മളേക്കാൾ മുന്നേ മണ്ണിൽ പാർപ്പ് തുടങ്ങിയ മറ്റ് ജീവികളുണ്ടാവില്ലെ...? അവരുടേതല്ല ഭൂമി എന്ന് പറയാനാകുമോ..? വലിയ പരിസ്ഥിതി ചിന്തകളാണ് ഈ കഥ മുന്നോട്ട് വെയ്ക്കുന്നത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും മനുഷ്യന്റെ സൃഷ്ടികൾ തന്നെയെന്ന് ഈ കഥയും പറഞ്ഞു വെയ്ക്കുന്നു.
"തേവർ" എന്ന കഥ, കണ്ടു മറന്ന ജീവിതങ്ങളിൽ നിന്ന് ഉരുക്കി തിളക്കം വെപ്പിച്ച കഥയാണ്. വിദ്യാലയങ്ങളിലെ ആഘാഷങ്ങളിലും, കലോത്സവങ്ങളിലും, പഠനയാത്രകൾക്കിടയിലും പാർശ്വവത്കരിക്കപ്പെട്ടു പോകുന്ന ഒരു വിഭാഗം കുട്ടികളുണ്ട്. അവരെ ഓർമ്മപ്പെടുത്തുന്നു ഈ കഥ. വീട്ടിലെ ദാരിദ്ര്യവും കഷ്ടപാടും, രക്ഷിതാവിന്റെ മദ്യപാനവും മറ്റും കുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്. അത്തരം കുട്ടികളെ ശങ്കരൻ മാഷും ഭാര്യ ശ്രീദേവി ടീച്ചറും ഇല്ലായ്മകളിലും മകൻ അപ്പുവിന്റെ ഓർമപെടുത്തലിലൂടെ ചേർത്തുപിടിക്കുന്നു. താജിഷ് എന്ന അധ്യാപകന്റെ സ്കൂൾ അനുഭവങ്ങളുടെ നേർക്കാഴ്ച തന്നെയാണീ കഥ. നാട്ടിൻ പുറത്തിന്റെ നന്മകളും, കളങ്കവും, അസൂയകളും, അവരുടേതായ നാട്ടു വിശ്വാസങ്ങളുമുണ്ട് ഈ കഥയിൽ. ജീവിതത്തിന്റെ ചൂടുള്ള കഥയാണ് പുളിപ്പൂമ്പാറ്റ.വളരെ ചെറിയ കഥ എന്നാൽ അതിന്റെ ആശയം കൊണ്ട്, കാലിക പ്രസക്തി കൊണ്ട് ഏറെ ഉയർന്നു നിൽക്കുന്ന കഥ. വർണ്ണചിറകുകൾ വീശി കൂട്ടുകാർക്കൊപ്പം സ്കൂൾ പൂന്തോപ്പിൽ പറന്നു നടന്ന മുംതാസിന്റെ കഥയാണിത്. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. നാടകങ്ങളിൽ അവൾക്ക് ഏറെ ഇഷ്ടം ഡോക്ടറുടെ വേഷമായിരുന്നു. അവൾ സ്വപ്നം കണ്ടതും ഒരു ഡോക്ടറാവാൻ തന്നെ. പത്താം ക്ലാസ് അവൾ ഫുൾ എ പ്ലസോടെ പാസ്സായി. എന്നിട്ടും....
അവൾക്ക് ചെറുപ്രായത്തിൽ തന്നെ വിധിച്ചത് രണ്ടാം കെട്ടുകാരന്റെ വീട്ടിലെ നാലു ചുവരുകൾക്കുള്ളിലെ ജീവിതമാണ്. ഒന്നാമതായിരുന്ന എത്ര പുള്ളിപ്പൂമ്പാറ്റകളാണ് വർണ്ണച്ചിറകുകൾ നഷ്ടപ്പെട്ട് ഇപ്പോഴും അദൃശ്യമായ ചരടുകളിൽ കുടുങ്ങി കിടക്കുന്നത്. കവി കുരീപ്പുഴയുടെ "പുയാപ്ല" എന്ന കവിതയോട് ചേർത്തു വായിക്കാവുന്ന കഥയാണിത്.
നമ്മൾ പഠിച്ചയിടങ്ങളിൽ എവിടെ നിന്നെങ്കിലും സ്റ്റേഹത്തിന്റെ മണമുള്ള ടീച്ചറമ്മമാരെ നമ്മൾ കണ്ടറിഞ്ഞിട്ടുണ്ടാവും, അവരുടെ വാത്സല്യം നേരിട്ടനുഭവിച്ചിട്ടുണ്ടാവും. അത്തരത്തിലൊരു അധ്യാപികയെ "ടീച്ചറമ്മ " എന്ന കഥയിൽ കാണാം. 25 വർഷത്തെ അനുഭവമുള്ള ഒരു ടീച്ചർ ഒന്നാം ക്ലാസിലെ കുട്ടികളെ സഹിക്കാൻ കഴിയാഞ്ഞ് സ്ഥലം മാറി പോയ ഒഴിവിലേക്ക് വന്ന ലീല ടീച്ചറാണ് കഥയിലെ ടീച്ചറമ്മ. ടീച്ചർ അവരെ സ്നേഹിച്ചും കഥ പറഞ്ഞും അവരുടെ അമ്മയാകുന്നു. അമ്മയുപേക്ഷിച്ചു പോയ മധുവിന് ടീച്ചർ അമ്മയാകുന്നു. വിശന്ന് വലഞ്ഞ അവന് ടീച്ചർ നൽകിയ അടയുടെ സ്വാദ് മുതിർന്നിട്ടും മാഞ്ഞു പോകാതെയവൻ സൂക്ഷിക്കുന്നു…
ചെറിയ നാലു കഥകളുടെ കൂട്ടാണ് ഈ പുസ്തകമെങ്കിലും, ഈ കഥകളെല്ലാം ഓരോ പാഠങ്ങളാണ്. മനസിൽ സൂക്ഷിക്കേണ്ട പാഠങ്ങൾ. ഈ കഥകളിൽ സ്നേഹമുണ്ട്, മധു അനുഭവിച്ച സ്നേഹമഴയുടെ കുളിരുണ്ട്, പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചറിവുകളുണ്ട്, നിസഹയരായി പോകുന്ന കുഞ്ഞു മനസുകളുടെ നെമ്പരമുണ്ട്, അധ്യാപകരുടെ നിറഞ്ഞ സ്നേഹമുണ്ട്..അയാൾ ഇനിയും പറക്കുളം കുന്നിന്റെ മുകളിലിരുന്ന് ജീവിതം കാണും. കഥകളിൽ കണ്ണാന്തളികളെ തിരയും, പരിസ്ഥിതി ചൂഷണങ്ങൾക്കെതിരെ നാവുയർത്തും, കഥകൾ കൊണ്ട് ക്ലാസ് മുറികളിൽ കുട്ടികളെ ചേർത്തു നിർത്തും, അതിസാധാരണക്കാരായ മനുഷ്യർക്കിടയിലെ വർത്തമാനങ്ങൾ കേൾപ്പിക്കും. ടീച്ചറമ്മ എല്ലാവർക്കും നല്ല വായനാനുഭവമാകട്ടെ…



നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ