സൂരജിൻ്റെ അത്ഭുത യാത്ര
അജേഷ് .പി
ഷാനവാസ് കുലുക്കല്ലൂരിൻ്റെ ബാലസാഹിത്യ നോവലാണ് "സൂരജ് കണ്ട അത്ഭുതലോകം" എന്ന കൃതി. സൂരജ് എന്ന കുട്ടി നരിപ്പാറ എന്ന മലമുകളിലേക്കും അവിടുത്തെ ഗുഹയിലേക്കും നടത്തുന്ന സാഹസിക യാത്രയും അവിടെ അനുഭവിക്കുന്ന അത്ഭുത കാഴ്ചകളുമാണ് ഈ നോവൽ.
അമ്മയും അച്ഛനു കല്യാണത്തിനു പോയ ദിനമാണ് സൂരജ് നരിപ്പാറ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. തൻ്റെ സൈക്കിളിലിലാണ് വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള നരിപ്പാറയിലേക്ക് യാത്ര തിരിക്കുന്നത്. നരിപ്പാറയിൽ നിറയെ അപകടങ്ങളുണ്ട്, കാട്ടുമൃഗങ്ങളുണ്ട് എന്ന അമ്മയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സൂരജ് ഒറ്റയ്ക്ക് നരിപ്പാറ കയറിപ്പോകുന്നത്. ദൂരെ മലമുകളിൽ എത്തിയ സൂരജ് താഴേക്ക് നോക്കുമ്പോൾ കാണുന്നത് മനോഹരമായ പുഴയും ദൂരേക്ക് വഴികാട്ടി കിടക്കുന്ന റെയിൽപ്പാളങ്ങളും, മലകളും, ഗ്രാമത്തിൻ്റെ മനോഹാരിതയുമാണ്...
പതിയെ നരിപ്പാറയിലെ ഗുഹയിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുന്ന അവൻ കാണുന്ന കാഴ്ച,
ഗുഹാമുഖത്ത് മുന്നേ വന്നു പോയ സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ്. ഇത് സൂരജിൻ്റെ മനസ്സിൽ വേദനയുണ്ടാക്കുന്നു. ഗുഹയിലേക്ക് ഇറങ്ങും മുൻപ് അവൻ ആ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഒരു കവറിൽ കെട്ടിവെക്കുന്നു. തിരിച്ചു പോകുമ്പോൾ ഹരിത കർമ്മസേനക്കു കൊണ്ടുപോയി കൊടുക്കുവാൻ. കുട്ടികൾ ചിലപ്പോൾ വലിയ കാര്യങ്ങൾ മുതിർന്നവരെ പഠിപ്പിക്കും എന്നതിന് വലിയ ഉദാഹരണമാണ് ഈ സന്ദർഭം. ഈ നോവൽ വായിക്കുന്നവരിൽ ഒരു വിഭാഗമെങ്കിലും ഈ കാര്യത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കും, ചിലർ മാതൃകയാക്കും തീർച്ച.
ഗുഹയിലേക്ക് കടന്നതും ചൂടിനു ശമനമെന്നോണം ഒരു തണുപ്പ് അവനെ വട്ടം പിടിക്കുന്നു. ബാഗിൽ കരുതിയ പെൻസിൽ ടോർച്ചു തെളിച്ച് ഗുഹയിലൂടെ മുന്നോട്ട് പോകുന്നു. ടോർച്ചിൻ്റെ മങ്ങിയ വെളിച്ചത്തിലവന് ഉറുമ്പുകളെയും, പാറ്റകളെയും, കോട്ടരെമകളെയും മാത്രം കൂട്ടിന് ലഭിക്കുന്നു. പതിയെ ഗുഹയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന സൂരജ് ചെയ്യുന്നത് പുറത്ത് നിന്ന് ഒരു നൂൽ കെട്ടി വഴിയറയാനായി കൂടെ കൊണ്ടു പോകുന്നു എന്നതാണ് , ഓരോ അടി നടക്കുമ്പോഴും അവന് വീടുമായുള്ള ബന്ധം വേർപ്പെട്ട് വേറൊരു ലോകത്ത് താൻ അകപ്പെടുന്നതായി അനുഭവപ്പെടുന്നു.
ഒരു പോലെ തോന്നിക്കുന്ന പല വഴികൾ, നടുഭാഗം മാത്രം ഉയർന്നു നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ
ക്ഷീണം കൊണ്ട് അവൻ ഉറങ്ങി പോകുന്നു. ഉറക്കത്തിലവൻ ഒരു സ്വപ്നം കാണുന്നു.
സുന്ദരമായ വഴിയിലൂടെ നടന്ന് ഒരു തടാകത്തിൽ എത്തിച്ചേരുന്നത്.പാൽ പോലെ വെളുത്ത തടാകം. വീണ്ടും നടന്ന് അവൻ ഒരു ദ്വീപിലെത്തി ചേരുന്നു. അവിടുത്തെ മണൽ മുഴുവൻ സ്വർണമായിരുന്നു.പുന്തോട്ടങ്ങൾ, അരുമമൃഗങ്ങൾ, മനോഹരമായി ഒഴുകുന്ന നദികൾ, സുഗന്ധപൂരിതമായ കുളിർക്കാറ്റ്.....
ഒരു ദിവസം മുഴുവൻ അവൻ വിശപ്പും ദാഹവും അറിയാതെ അവിടം നടന്നു കാണുന്നു... സ്വപ്നത്തിലൊടുവിൽ ഒരു ഭീകരജീവിയവനെ പിടിക്കാൻ ഉയർന്നു വരുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന അവൻ വീണ്ടും നടക്കുന്നു പുറത്തേക്കുള്ള വഴിയറിയാതെ ആ ഗുഹയിൽപെട്ടു പോകുന്നു. ഇടയിൽ വലിയൊരു അപകടം പിണയുന്നു. ആ അപകടലോകത്തു നിന്ന് അവനെ രക്ഷിച്ച് കൊണ്ടു പോകുന്നത് സുന്ദരനായ സുപുക്ഷരൻ എന്ന നന്മ പക്ഷത്തുള്ള മനുഷ്യനാണ്. വീണ്ടും നന്മയുടെ ലോകത്തെ അത്ഭുത കാഴ്ചകളാണ് അവനെ കാത്തിരിക്കുന്നത്.ആ മനോഹര രാജ്യം അവസാനിക്കുന്നിടത്തു നിന്ന് വീണ്ടും ഒരു ഭീകരജീവി അവനെ കൊത്തി പറക്കുന്നു. ഒടുവിൽ അപകടങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ട് പുറത്തേക്കുള്ള വഴി കാണിക്കുന്നത് ചൂളം വിളിക്കുന്ന തീവണ്ടിയാണ്....
ബാലസാഹിത്യ കൃതികൾക്കുണ്ടാവേണ്ട ചില പ്രത്യേകതകളാണ് വായനക്കാരനെ ഫാൻ്റസിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോവുകയെന്നതും, അതുപോലെ വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കുകയെന്നതും . സൂരജിൻ്റെ ഈ യാത്രയിൽ ഇതുരണ്ടുമുണ്ട്.കൂടാതെ ലളിതമായ ഭാഷയിലെ ആഖ്യാനം ഈ കൃതിയിലേക്ക് നമ്മെ അടുപ്പിക്കുന്നു. ജീവിതത്തിൽ നാം പുലർത്തേണ്ട നല്ല മാതൃകകളുണ്ട് സന്ദേശങ്ങളുണ്ട് ഈ പുസ്തകത്തിൽ. .
സൂരജിൻ്റെ ഈ യാത്രയിൽ എഴുത്തുകാരൻ തൻ്റെ നാടിൻ്റെ മനോഹാരിത നിറച്ചു വെയ്ക്കുന്നുണ്ട്. റെയിലും,നിലമ്പൂരിലേക്കു പോകുന്ന തീവണ്ടിയും,രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കാൻ വന്ന റെയിൽവേഗേറ്റും, ഗ്രാമത്തിലെ സ്കൂളും, മണിയേട്ടൻ്റെ കടയിലെ നെയ്യപ്പത്തിൻ്റെ രുചിയും, എല്ലാം ഈ നോവലിൽ അനുഭവിച്ചറിയാം....
"വായന എന്നത് ഒരു ജോലിയായി അല്ലെങ്കിൽ കടമയായി കുട്ടികൾക്ക് നൽകരുത്. അത് സമ്മാനമായി നൽകണം."
അമേരിക്കൻ എഴുത്തുകാരിയായ കേറ്റ്ഡികാമില്ലോയുടെ ഈ അഭിപ്രായം പോലെ തന്നെ കുട്ടികൾക്കുള്ള സമ്മാനമാണ് ഷാനവാസ് കുലുക്കല്ലൂരിൻ്റെ ഈ ബാലസാഹിത്യ നോവൽ. വായനക്കു ശേഷവും സൂരജും നരിപ്പാറകുന്നും, ആ ഗ്രാമവും നമ്മുടെ കൂടെ തന്നെയുണ്ടാവും.
©️അജേഷ് പി
ajeshptb@gmail.com


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ