ഭവാനിക്ക് ഒരമ്മയുടെ ചേലാണ്
അജേഷ് .പി
തോരാത്ത മഴയും കോടയും പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്ന പകലിലാണ് മുരുകള ഊരിലേക്ക് യാത്ര പുറപ്പെട്ടത്.
സിബിച്ചൻ്റെ ഓട്ടോടാക്സിയിയിൽ ആറു പേർ,
ജയേഷ് മാഷ്
സുബിൻ
ശശികല
ചിഞ്ജു
ശ്രീജ മോഹൻ
എന്നീ സഹഅധ്യാപകരും
കൂടെ ഞാനും.
അട്ടപ്പാടിയിലെത്തി ഇതുവരെ ഒരു സ്ഥലത്തും പോയിരുന്നില്ല.
ഷൈജു മാഷും ഷാർലിൻ മാഷും ഇടയ്ക്കിടെ പറയും
അട്ടപ്പാടിയുടെ മനോഹാരിതയെപ്പറ്റി.
അന്നു മുതൽ ആഗ്രഹിക്കുന്നതാണ് അട്ടപ്പാടിയിലെ ഏതെങ്കിലുമൊരു സ്ഥലത്തേക്ക് പോകണമെന്നത് .
അങ്ങനെയാണ്
മുരുകളയിലേക്ക്
പോകാൻ ആകസ്മികമായി ഒരവസരം കിട്ടിയത്.
ആനവായ്- തുടുക്കി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വനത്തിലൂടെയുള്ള യാത്ര,
പച്ചപ്പിൻ്റെ സൗന്ദര്യം,
സിമൻ്റുകട്ട പാകിയ റോഡിലൂടെ
കയറ്റം കയറി
പതിയെ പതിയെ
മുരുകള ഊരിലേക്ക്
സിമൻ്റുകട്ട പാകിയ ആ റോഡ് ആനവായ് വരെ ഉള്ളതാണ് എന്ന് ജയേഷ് മാഷ് പറഞ്ഞു.
ആദ്യം വണ്ടി കയറി പോയത് തടിക്കുണ്ട് ഊരിലേക്കാണ്,
വഴിയറിയാൻ കയറിയതാണവിടെ,
വഴിയറിഞ്ഞ
സിബിച്ചൻ്റെ വണ്ടി
പിന്നെ നിന്നത്
വിജനമായ ഒരിടത്താണ്.
റോഡിൻ്റെ വലത്തോട്ട് നോക്കി
സിബിച്ചൻ്റെ
വാക്കുകൾ
ഇനി നടക്കണം.
മഴയും
നദിയും
മത്സരിച്ച്
ശബ്ദമുണ്ടാക്കുന്നു....
ചെളിനിറഞ്ഞ കാട്ടുവഴിയിലൂടെയാണ്
യാത്ര
വേനൽകാലത്ത് ഭവാനീ തീരം വരെ ജീപ്പ് പോകും.....
മുന്നേ നടന്ന സിബിച്ചൻ
വഴിയിൽ എന്തോ
ചൂണ്ടി കാണിക്കുന്നു,
ആന ഇറങ്ങിയതിൻ്റെ
കാല്പ്പാടുകളാണ്.
അടുത്തെവിടെയോ
ആനയുണ്ട്,
എവിടെയും നിൽക്കരുത്
നടന്നുകൊണ്ടിരിക്കണം
സിബിച്ചൻ മുന്നറിയിപ്പ് നൽകി.
പെട്ടെന്ന്
എല്ലാവരും
മുഖത്തോട് മുഖം നോക്കി.
സിബിച്ചൻ്റെ
അടുത്ത നിർദ്ദേശത്തിനു മുൻപെ
എല്ലാവരും നിശബ്ദരായി.
പിന്നെയുള്ള നടത്തം
ആരുമൊന്നും മിണ്ടാതെയായിരുന്നു.
പിന്നിൽ അകപ്പെടാതെ
ഒരുമിച്ച് നടക്കാനുള്ള വെപ്രാളം.
ആകെ
കേൾക്കാവുന്ന
ഒച്ച
നദിയുടേത് മാത്രം...
ഇനി ചെറുനാലിപുഴ കടക്കണം,
ചെറിയ ഒഴുക്കുണ്ട്.
വെള്ളത്തിന്
എന്തൊന്നില്ലാത്ത തണുപ്പ്,
കാടിൻ്റെ കുളിര്...
മുട്ടിനൊപ്പം വെള്ളത്തിൽ
പരസ്പരം
കൈകൾ കോർത്ത് പിടിച്ച്
ആ ചെറുപുഴ കടന്നു.
അതുവരെ നടന്നു വന്ന
ചെളിയെല്ലാം
വെള്ളത്തിലലിഞ്ഞപ്പോൾ
ഓരോരുത്തരുടെ കാലിലും
യഥാർത്ഥ വില്ലന്മാരുടെ
രൂപം തെളിഞ്ഞു വന്നു.
അയ്യോ...!
അട്ട.......!
ആദ്യം നിലവിളിച്ചത് ശ്രീജ ടീച്ചറാണെന്നു തോന്നുന്നു.
കാലിൽ
ഇറുകെ പിടിച്ച അട്ടകളിൽ നിന്ന്
രക്ഷയായത്
കൈയിൽ കരുതിയിരുന്ന
സാനിറ്റൈസറും
ഉപ്പുമായിരുന്നു.
കാലുകളിൽ നിന്ന്
ചെറു രക്തപ്പുഴകൾ ഉദ്ഭവിക്കുന്നു.
അതും മൈൻഡ് ചെയ്യാതെ ഒരേ നടത്തം.
ആ നടത്തം
ഭവാനിയുടെ
തീരത്താണ് അവസാനിച്ചത്.
ഇനി ഭവാനിയെ മുറിച്ചുകടക്കണം,
ഒഴുക്കുണ്ട്....
ഒരു തൂക്കുപാലമുണ്ട്,
സിബിച്ചൻ
ദൂരേക്ക് ചൂണ്ടി
വീണ്ടും പറഞ്ഞു.
വീണ്ടും നടക്കണം.
ചെളി നിറഞ്ഞ വഴി
ചെറുകയറ്റം
വീണ്ടും
ചളി നിറഞ്ഞ വഴിയിൽ
ആനയുടെ കാൽപ്പാട്,
ഭയം വർദ്ധിക്കുന്നു.
ഇടയിൽ
വീണുപോയ ഒരു ഊരിൻ്റ അവശിഷ്ടങ്ങൾ .
ആനകളെ പേടിച്ച്
ഊരുപേക്ഷിച്ചു പോയവരുടെ വീടുകളായിരുന്നു അതെല്ലാം.
ഇനിയും
നടക്കണം...
വളർന്നു നിൽക്കുന്ന
പുല്ലുകൾ വകഞ്ഞു മാറ്റി
ഞങ്ങൾ തൂക്കുപാലത്തിലേക്ക് നടന്നു, കൂടെ കുറേ അട്ടകളും,
മനോഹരമായി ഭവാനിക്കു കുറുകെ പണിത തൂക്കുപാലം .പുഴയ്ക്ക് ഒത്ത നടുവിലായി പാലത്തിൽ നിന്നാൽ കാടിനെ വകഞ്ഞു മാറ്റി ഒഴുകുന്ന ഭവാനിയുടെ സൗന്ദര്യം കാണാം.
ചാറ്റൽ മഴയത്തും ആ കാഴ്ച നോക്കി കുറച്ചു നേരം നിന്നുപോയി.
മഴയിരമ്പുന്നുണ്ട്
പുഴയും.
തൂക്കുപാലത്തിനറ്റത്ത് താഴെക്കിറങ്ങാൻ വഴിയില്ല,
സാഹസികമായി താഴേക്കിറങ്ങണം.
പായലുകൾ നിവർത്തി ഉരുണ്ട പാറക്കെട്ടുകൾ നീണ്ടു നിവർന്നു കിടക്കുന്നു,
പതിയെ ഇറങ്ങണം,
അല്ലെങ്കിൽ
അപകടം ഉറപ്പ്,
ആരോ പറഞ്ഞു തീരും മുൻപ്
പാറയിൽ തെന്നി
ശശികല ടീച്ചർ
ഒരു യമണ്ടൻ വീഴ്ച.
മനുഷ്യർക്ക്
വഴികളില്ലാത്ത വികസനത്തെ നോക്കി കുറേ നിന്നു,
ആർക്കു വേണ്ടിയാണ്
ഇത്തരം നിർമ്മാണങ്ങൾ നടത്തുന്നത്...?
താഴേക്കിറങ്ങാൻ ഒരു വഴി പോലും മനസിൽ കാണാത്ത അധികൃതർ.
പ്രയാസപ്പെട്ടു തന്നെ
താഴെ ഇറങ്ങി
മുരുകള
ഇനിയും നടക്കണം,
പാറയിലൂടെ ഉരുസി ഇറങ്ങിയ ചളിപാടുകൾ പലരുടെ വസ്ത്രത്തിലും അട്ടകളെ പോലെ പറ്റിക്കിടക്കുന്നു.
മഴ നനഞ്ഞ വഴികൾ,
ആകാശം മുട്ടുന്ന മരങ്ങൾ,
ചെറു പാറക്കല്ലുകൾ....
മുരുകളയിലേക്കുള്ള
വഴികൾ സാഹസികമെങ്കിലും മനോഹരമാണ്.
ചെറിയ ഒരു കയറ്റം താണ്ടിയപ്പോൾ
മുരുകള ഊരിലെ വീടുകൾ കാണാറായി.
പഴകി ദ്രവിച്ച ഇൻസ്റ്റലേഷനുകൾ...
വിശാലമായ കളിയിടത്തിനരികെ
പൊളിഞ്ഞു വീഴാറായ
ഒരു വീടിൻ്റെ ഫ്രെയിം .
വെളിച്ചം
വീഴാത്ത പകൽ
നിറയെ ആടുകൾ,
പട്ടികൾ.....
ഇതുവരെ
കാണാത്ത കാഴ്ചകൾ,
കുട്ടികൾ....
ദൈന്യതയുടെ
കണ്ണുകൾ.....
കളറു ചേർത്ത്
നാം സൃഷ്ടിച്ച
ആഡംബര ചിത്രങ്ങളുടെ
പിറകിൽ
നിറങ്ങളില്ലാതെ
വരച്ചു വെച്ച ഈ ചിത്രങ്ങൾ
മനസിനെ വല്ലാതെ
അലോസരപ്പെടുത്തുന്നു....
കാതങ്ങളപ്പുറമുള്ള
അങ്ങാടിയിലേക്ക്
എത്ര പോകണം....?
ആശുപത്രിയിലേക്ക്....?
സ്കൂളിലേക്ക്......?
അനേകം
ചോദ്യങ്ങളുടെ
മുന്നിൽ
വലിയ ചോദ്യചിഹ്നമായി
നിൽക്കുന്ന
ത്രാണിയില്ലാത്ത വീടുകൾ....
സമയം
ഓടി നീങ്ങുന്നു....
നടക്കണം
ഇരുട്ടിയാൽ
ആനയിറങ്ങും
നദിയിൽ വെള്ളം കൂടും....
സാഹസികമായി തന്നെ
തൂക്കുപാലത്തിൽ കയറി
ഒരു വട്ടം കൂടി
ഭവാനിയെ നോക്കി,
ഇപ്പോൾ
ഭവാനിക്ക്
ഒരമ്മയുടെ ചേലാണ്.


നല്ലെഴുത്ത്...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഅടപ്പാടിയെന്ന സുന്ദരിയെ അറിയാൻ തുടങ്ങി അല്ലേ ...