തുമ്പപ്പൂവിൻ
പുഞ്ചിരി പോലെ......
അജേഷ്.പി
ഓണക്കാലത്തെ കുറിച്ച് ഓർക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്...! ബാല്യത്തിലെ ഓണക്കാലങ്ങളാണെങ്കിൽ ഓർമകളിൽ ഒരു പൂവിളി ഉയരും... ബാല്യത്തിലെ ഓരോ ഓണവും അത്രമേൽ മനോഹരമാണ്.
എല്ലാ വീടുകളിലും തറയിട്ട് ചാണകമെഴുകി ഞങ്ങൾ കുട്ടികൾ അത്തം മുതൽ തിരുവോണം വരെ ചിലപ്പോൾ പതിനാറാം മകം വരെ വരെ നീളുന്ന പൂവിടൽ.
പൂവിടൽ എന്നാൽ ഇന്നത്തേതുപോലെ തമിഴന്റെ ചെണ്ടുമല്ലിയുടെയും ജമന്തിയുടെയും വാടാമല്ലിയുടെയും മണമുള്ളതല്ല.
നാട്ടുപൂക്കളുടെ മണവും സൗന്ദര്യവും നിറഞ്ഞത്. കുന്നും പാടവും തോടും പറമ്പും കടന്ന് പൂക്കളെ തേടിയുള്ള യാത്ര എത്ര മനോഹരമായിരുന്നു.
സ്കൂൾ വിട്ടു വന്നാൽ എല്ലാവരും പള്ളിയാലിൽ ഹാജരാണ്, കൈയിൽ അഞ്ചോ ആറോ തേക്കിൻ കുമ്പിളുകൾ. സംഘത്തിൽ കുറേപ്പേരുണ്ട് മധു , കണ്ണൻ, ഉണ്ണിക്കുട്ടൻ, രാജു, പ്രേമൻ, പ്രവീൺ, ബൈജു, ബബിത, അജിത, അഭിലാഷ്, സുധി, സുബിത, ഉണ്ണി, സ്കൂൾ പൂട്ടിയാൽ കൊളത്തൂരിൽ നിന്ന് അടുത്ത കാരാടൻ ബസ് പിടിക്കുന്ന മനു പിന്നെ ഞാൻ.അതിൽ പെൺകുട്ടികളും ചെറിയ കുട്ടികളും നാട്ടിലെ പൂവറുക്കാൻ നിയോഗിക്കപ്പെട്ടവരാണ്. അവർ വഴിയരികിലെ ചെമ്പരത്തിയും, കാശിത്തുമ്പയും കുമ്പിളിലാക്കും.
ഞങ്ങൾ മുതിർന്നവരുടെ അന്വേഷണയാത്ര രാമൻ കുഴിയും സീതാപറമ്പും ഉപ്പുഴിയും അമ്പലപ്പറമ്പും കടന്ന് മുന്നേറും. ഇതിൽ ആദ്യം രാമൻ കുഴിയിലേക്കും പിന്നീട് സീതാ പറമ്പിലേക്കുമാണ് പച്ചിലകൾക്കിടയിലേക്കു നൂഴ്ന്നു കയറുക. തൊട്ടുരുമ്മി കിടക്കുന്ന ചെറിയ രണ്ടു കുന്നുകൾക്ക് രാമന്റെയും സീതയുടെയും പേരുകളെങ്ങനെ വന്നു എന്നത് ഇന്നും അത്ഭുതമാണ്.
കുന്നിൻ ചെരുവകൾക്ക് പച്ചിലകൾ ചേർന്നൊരു ഗന്ധമുണ്ട്, കുറ്റിച്ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്കുകൂടി ആ മണം ചേക്കേറും ; അതെ പ്രകൃതിയുടെ മണം. ആ വാസനയോടൊപ്പം കുന്നിൻ ചെരുവിൽ ആദ്യം ഞങ്ങളെ വരവേൽക്കുന്നത് വെൺ പുഞ്ചിരിയുമായി നിൽക്കുന്ന തുമ്പപ്പൂക്കളാണ്. തുമ്പപ്പൂ ഒരു കുമ്പിളാവാൻ കുറേ സമയം പിടിക്കും.
"അതു ഞാൻ കണ്ടത്,
ഇതെന്റെ
എന്നു പറഞ്ഞ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അങ്ങനെ മാറികൊണ്ടിരിക്കും. വശ്യമായി പുഞ്ചിരിച്ച് കുമ്പിളുകളെ മാടി വിളിച്ച് ഓരോ കൂട്ടായ് തെവിടിച്ചിപ്പൂ, തേവിടിശ്ശിപ്പൂ, അരിപ്പൂ എന്നിങ്ങനെ പേരുകളുണ്ടെങ്കിലും ചുണ്ടു ചുവപ്പിച്ച് പുഞ്ചിരിച്ച് കാറ്റത്തിളകിയാടി നിൽക്കുന്ന ആ ചെടി ഞങ്ങൾക്ക് സ്വന്തം തെവിടിച്ചിയാണ്. തെവിടിച്ചിപ്പൂ കുമ്പിൾ വേഗം നിറയും.പിന്നെ നേരെ ഓടുന്നത് പൊരുവിന്റെ പൂക്കൾ തേടിയാണ്. നല്ല മണമുള്ള വെളുത്തപ്പൂ ഇറുക്കാനും നല്ല രസമാണ്.പിന്നെ പതിയെ കയറുന്നത് കാട്ടു തെച്ചി പറിക്കനാണ്, തെച്ചിപ്പൂ പറിക്കുന്നതോടൊപ്പം തെച്ചിപ്പഴത്തിന്റെ ചവർപ്പുള്ള മധുരം എല്ലാവരുടെ നാവിൻ തുമ്പത്തുമുണ്ടാവും. അഞ്ചു തരം പൂവിനാൽ രാമനും സീതയും ഞങ്ങളുടെ കുമ്പിൾ സമൃദ്ധമാക്കും, ഓരോ മുഖത്തും കൈയിലെ കുമ്പിളുകളിലും പുഞ്ചിരിയുടെ പൂക്കളങ്ങൾ വിടരും.
പിന്നെ രാമൻകുഴിയിലെ ചെറിയ പാറയിൽ എല്ലാവരും കൂട്ടമായി ഇരുത്തമാണ്.
പാറയിടുക്കിൽ ഉറവപ്പെട്ടി വരുന്ന തെളനീരിൽ കളിച്ച് മുഖം കഴുകും (ഇന്ന് ആ പാറയിടുക്കും തെളിനീരുറവയും അവിടില്ല ക്വാറി വന്നതോടെ അതും വിസ്മൃതിയിലാണ്ടു). തൊട്ടപ്പുറത്ത് മണ്ണിൽ കുഴികുത്തി ഉറവപ്പൊട്ടുന്ന വെള്ളം ആവോളം കുടിച്ച് ക്ഷീണം തീർത്ത് എല്ലാവരും ചേർന്നൊരു പൂവിളിയാണ്
പൂവേ പൊലി പൂവേ...
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു....
അങ്ങനെ പൂവിളിച്ച് കുന്നിറങ്ങി നേരെ ഉപ്പുഴി പാടത്തേക്ക്.... (പണ്ട് പാടം പൂട്ടുമ്പോൾ ഉപ്പുഴിയിൽ രണ്ടു പോത്തുകളും പൂട്ടുന്നയാളും താഴ്ന്നു പോയിട്ടുണ്ട് എന്നു മുതിർന്നവർ കഥ പറയുന്നത് കേട്ടിട്ടുണ്ട്)
നെല്ലിനിടയിൽ പൊങ്ങി നിൽക്കുന്ന രാഖിപുല്ലിന്റെ വിത്തും പറിച്ച്, അമ്പലക്കുളത്തിലിറങ്ങി ആമ്പൽമൊട്ടും പറിച്ച് അമ്പലപ്പറമ്പിലെ മണമുള്ള മഞ്ഞകോളമ്പി പൂവറുത്ത് അന്തിക്കതിർ ഇരുട്ടിന്റെ കുപ്പായമിട്ടു തുടങ്ങുമ്പോൾ വീട്ടിലേക്ക് തിരിച്ചൊരു നടത്തമാണ്.
എത്രയെത്ര കഥകൾ
വർത്തമാനങ്ങൾ
പിണക്കങ്ങൾ പിറന്നിരിക്കുന്നു
ആ നടത്തത്തിനിടയിൽ,
ഓണക്കോടിയെടുത്തത്, വാഴക്കുല വാങ്ങിയത്, വിരുന്നു പോകുന്നത്, റേഡിയോയിലെ ഓണക്കാലത്തെ പുതിയ 'സിനിമാ ശബ്ദരേഖകളെ പറ്റി,
ബാബു ടാക്കീസിൽ ഓണത്തിനു വരുന്ന സിനിമയെപ്പറ്റി,
നാളെ ഇടാൻ പോകുന്ന പൂക്കളത്തെപ്പറ്റി,
മാളു അമ്മായിയും കല്യാണിയേടത്തിയും
ചാത്തൻകുട്ടിയേട്ടനും
കുഞ്ഞാടിയമ്മാവനും
കുഞ്ഞാളുയേടത്തിയും
കുഞ്ഞുട്ടേട്ടനും
കുഞ്ഞുട്ടിയേട്ടനും
പാടി കളിക്കാൻ പോകുന്ന
പാട്ടുകളെ കുറിച്ച്....
വഴികൾ പലതായ് തിരിഞ്ഞ് ഒറ്റയാകുമ്പോൾ നാളെ ഇടാൻ പോകുന്ന പൂക്കളം മനസ്സിൽ വിടരും
തുമ്പയും, മുക്കുറ്റിയും, തെവിടിച്ചിയും, ചെമ്പരത്തിയും, മത്തൻ പ്പൂവും, പെരുവിൻ പൂവും ആമ്പലും തുടങ്ങി പല പൂക്കൾ നിറയുന്ന നമ്മുടെ പൂക്കളം.
ഓർമകളിൽ ഇതൊല്ലാം നിറയുമ്പോഴും ഇന്ന് ഓണക്കാലത്ത് ഞാനും വാങ്ങുന്നു ഒരു പ്ലാസ്റ്റിക് കൂട് ചെണ്ടുമല്ലിയും വാടാമല്ലിയും.
എങ്കിലും ഇന്നും ആരുമറിയാതെ രണ്ടു പൂ കുമ്പിളിൽ പറിച്ചെടുത്ത് വരുമ്പോൾ മനസ്സിൽ കുട്ടിക്കാലം നിറയും.
അതെ,
ഓണക്കാലങ്ങളെല്ലാം
മനോഹരമായിരുന്നു,
തിരിഞ്ഞു നോക്കുമ്പോൾ
ഇല്ലായ്മകളിലും
സമ്പന്നമായിരുന്നു
ഓണവും
പൂക്കളങ്ങളും.....
തുടരും......
അജേഷ്.പി
ajeshptb@gmail.com
ഓര്മചെപ്പു തുറന്നാല് രസകരമായ എത്ര എത്ര നിമിഷങ്ങൾ അല്ലെ മാഷേ.... ഇനിയും പോരട്ടെ....
മറുപടിഇല്ലാതാക്കൂഗൃഹാതുരത്വമുണർത്തുന്ന വരികളിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിെലൊരു വിങ്ങൽ. കാലചക്രെത്തെ പിന്നിലേക്ക് തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു വെറുതെ ആശിച്ചു. ഒപ്പം ഹതഭാഗ്യരായ ഇന്നിന്റെ ബാല്യത്തെ കാണുമ്പോൾ സങ്കടവും.
മറുപടിഇല്ലാതാക്കൂനല്ലെഴുത്ത് അജേഷേട്ടാ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു ഓണപ്പുലരിയിലൂടെ സഞ്ചരിച്ചപോലെ... അത്രമേൽ ഹൃദ്യമായി എഴുതി.. അടുത്തതിനായി കാത്തിരിക്കുന്നു ❣️❣️😃
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂസ്നേഹം
❣️❣️❣️
👍👍👍👍
മറുപടിഇല്ലാതാക്കൂഅജേഷ് സർ 👍
മറുപടിഇല്ലാതാക്കൂപ്രിയ അജേഷ്.. ആസ്വാദ്യകരമായ ആഖ്യാനം ,
മറുപടിഇല്ലാതാക്കൂവരികൾക്കുള്ളിൽ തെളിഞ്ഞു നിൽക്കുന്ന വിലമതിക്കാനാകാത്ത മാധുര്യമേറും അനുഭവങ്ങൾ, വായിക്കുന്ന ഒരോരുത്തർക്കും സ്വന്തം കഥ പോൽ നുകരാൻ കഴിയും ... അഭിവാദ്യങ്ങൾ ....
നമ്മുടെ കുഞ്ഞു വ ന സുന്ദരി നീലാകാശപ്പൂവിനെ കണ്ടില്ല കുലകുലയായി നിൽക്കുന്ന നീലാകാശപ്പൂവിനെ,,,,,,,
മറുപടിഇല്ലാതാക്കൂഓർമ്മകളിൽ സുഗന്ധം നിറഞ്ഞു നിൽക്കുന്ന ആ പോയ കാലം... മനോഹരമായി എഴുതി...👍👍👍
മറുപടിഇല്ലാതാക്കൂമനോഹരമായ കവിത
മറുപടിഇല്ലാതാക്കൂഓർമ്മകളുടെ ഓണം.
മറുപടിഇല്ലാതാക്കൂജാഗ്രത പാലിച്ചോണം.
ഓണാശംസകൾ...
കുട്ടിക്കാലത്തിലെ ഓണത്തിന്റെ ഓർമകളിക്ക് ഞങ്ങളെ കൊണ്ടുപോയ സാറിനു നന്ദി.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപള്ളിയാല്,രാമൻകുഴി, സീതപറമ്പ്, ഉപ്പുഴി,, അമ്പലപ്പറമ്പ്............ എല്ലാം കണ്മുന്നിൽ കണ്ടപോലെ..... വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന എഴുത്തുരീതി.. ഹൃദയത്തിൽ നിന്നും അടർത്തിയിടുന്ന നന്മകൾ.... ഇനിയും എഴുതുക പട്ടാമ്പിയുടെ, ശങ്കരമംഗലത്തിന്റെ എഴുത്തുകാരനായി അറിയപ്പെടട്ടെ ആശംസകൾ
മറുപടിഇല്ലാതാക്കൂ