സൊറപറഞ്ഞ
കല്യാണതലേന്നുകൾ
അജേഷ്.പി
ബാല്യത്തിൽ നാട്ടിലെ കല്യാണ തലേന്നുകൾ, കല്യാണ ദിവസങ്ങളേക്കാൾ രസകരമായിരുന്നു.
തലേന്ന് രാവിലെ മുതൽ ഒരുക്കങ്ങളാണ് പന്തലിടുക എന്ന പ്രാഥമികമായ കാര്യങ്ങളിൽ തുടങ്ങും കല്യാണങ്ങളിലെ നാടിൻ്റെ കൂട്ടായ്മ.
നാട്ടിലെ വീടുകളിലെ എന്തെങ്കിലുമൊരു സാധനം മനുഷ്യരെ പോലെ തന്നെ സജീവമായി കല്യാണത്തിരക്കിലുണ്ടാവും. (ചെമ്പാവാം ചിരവയാകാം, സാരിയാകാം, പിച്ചാത്തിയാകം, വാഴയിലയാകാം).
പന്തലിടുക എന്നത് നാട്ടിലെ ചെറുപ്പക്കാരുടെ ജോലിയാണ്. മുളവെട്ടി തടുക്കിട്ട് മനോഹരമാക്കിയ ഇക്കോ ഫ്രണ്ട്ലി പന്തൽ,
ഇന്ത് പട്ടയും, വാഴപ്പിണ്ടിയും കുരുത്തോലയും കൊണ്ട് മനോഹരമാക്കും, നാട്ടിലെ ചേച്ചിമാരുടെ സാരികൾ വാങ്ങി മേൽക്കൂരയിലെ കലാവിരുതുകൾ.
ഉച്ചത്തിരിഞ്ഞാൽ സി.എം.ബി ക്കാരൻ്റെ മൈക്ക് സെറ്റ് വരും. മരത്തിൻ്റെ ഏറ്റവും ഉയരത്തിലേക്ക് മൈക്ക് സെറ്റുകാരൻ കോളമ്പി മൈക്കയുമായി വലിഞ്ഞു കേറുന്നതു കാണാൻ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ അടുത്തുണ്ടാവും.
മൈക്ക് സെറ്റുകാരൻ മൈക്ക് ശരിയാക്കുന്നത് അത്ഭുതത്തോടെ നോക്കും. ടെസ്റ്ററും ചെവിയിൽ തിരുകി അയാളൊരു ഹീറോ പരിവേഷത്തോടെ ഹലോ, ഹലോ മൈക്ക് ചെക്ക് മൈക്ക് ചെക്ക് എന്നു പറഞ്ഞ് മൈക്കിൻ്റെ സൗണ്ട് ക്ലാരിറ്റി ചെക്കു ചെയ്ത് കല്യാണ വീട്ടിലാകെ നിറഞ്ഞു നിൽക്കും.
പിന്നെ അയാളുടെ ആംബ്ലി ഫെയർ തിരിക്കലിനൊപ്പം ഉച്ചത്തിലങ്ങനെ ഗ്രാമം മുഴുവൻ പാട്ടുകൾ പരക്കും.
പതിയെ കല്യാണ വീടുകൾ ആഘോഷത്തിൻ്റെ തിരയിളക്കത്തിലേക്ക് പതിയെ നീങ്ങും.
വൈകുന്നേരത്തോടെ ഉണ്ണത്ത് മനയിലേക്ക് "ചരക്ക് " ( ഉരുളി) എടുക്കാനുള്ള പോക്കാണ്. ഉണ്ണിയേട്ടൻ്റെ ടമ്പോയിൽ കയറി ഞങ്ങളും പോകും.
അന്നത്തെ നാട്ടിലെ കരുത്തൻമാർ ഗോപാലേട്ടനും മുത്തുവേട്ടനുമൊക്കെയാണ്, അവർ അനായാസേന ആ വലിയ ഉരുളി ഏറ്റി വണ്ടിയിലാക്കും,
അവിടെ നിന്ന്
വന്നു കഴിഞ്ഞാൽ അടുത്ത പണി അമ്മിയും ചിരവകളും മറ്റുള്ള വീട്ടുകളിൽ നിന്ന് കൊണ്ടുവരലാണ് പണി കരിക്കട്ട കൊണ്ട് അടയാളം വെച്ചു വന്ന ചിരവകളും അമ്മികളും കല്യാണ വീട്ടിൽ വീണ്ടും കണ്ടുമുട്ടും.
ഇലമുറിക്കാൻ വീടായ വീടുകളൊക്കെ കയറിയിറങ്ങും.
ഇരുട്ടി തുടങ്ങിയാൽ നാട്ടിലുള്ളവർ പതിയെ കല്യാണ തിരക്കിലേക്കെത്താൻ തുടങ്ങും, ആ സമയത്താണ് അടുത്തുള്ള കടകളിൽ നിന്നും കൊണ്ടു വന്ന്, മുക്കിൽ ഇരിക്കുന്ന പെട്രോൾമാക്സുകൾ രംഗപ്രവേശനം ചെയ്യുക.
പെട്രോൾ മാക്സുകൾ അങ്ങനെ എല്ലാവർക്കും കത്തിക്കാനാവില്ല, അതിലും വിദഗ്ദരുണ്ട്, അവരാണ് രാത്രിയിൽ ആ വീട്ടിൽ ഹാജരായ പെൺമണികൾക്കിടയിലെ മറ്റൊരു ഹീറോ,
പിന്നെ ബാറ്ററിയിലോടുന്ന മൈക്ക് സെറ്റിൽ നാട്ടിലെ കുഞ്ഞു കലാകാരൻമാരുടെ കലാപ്രകടനങ്ങളാണ്, കൃഷ്ണദാസേട്ടനും, ഉണ്ണിയേട്ടനുമാണ് സ്ഥിരം ഗായകർ, പിന്നെ റീന, കൗസല്യ, സീത, അനി, സിലേഷ് തുടങ്ങിയവരും പാടും.
"കിഴക്കേ മലയിൽ ഉദിച്ചു സൂര്യൻ......
എന്നു തുടങ്ങുന്ന മനോഹരഗാനം നാട്ടിലെ എല്ലാ കല്യാണതലേന്നുകളിലും ഗ്രാമം ഒന്നാകെ പാടി,
കലാപരിപാടികൾക്കിടയിൽ ഒരു പുറത്ത് നാളത്തെ കല്യാണ സദ്യക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടാവും,
പച്ചക്കറികൾ അവിയലിനും, സാമ്പാറിനും, കൂട്ടുകറിക്കും, കാളനും, ഓലനുമുള്ള കഷ്ണങ്ങളായി രൂപന്തരപ്പെടുന്നു, നാളികേരം ചിരവുന്നു,
അമ്മിയിൽ ഒരേ താളത്തിലങ്ങനെ
അരവ് മുറുകുന്നു,
പായസത്തിനുള്ള തേങ്ങപ്പാൽ ഒരു തോർത്തുമുണ്ടിൽ ഉറവയെടുക്കുന്നു....
അങ്ങനെ പാചകമേളം തകൃതിയാവുന്നു,
നാട്ടിലെ വെപ്പുക്കാരായ ചിന്നേട്ടനും, പ്രഭേട്ടനും നാട്ടുകാരും ചേരുമ്പോൾ സദ്യവട്ടങ്ങളങ്ങനെ തയ്യാറാവുന്നു. കറികൾ അടുപ്പത്ത് തിളക്കുന്നതോടൊപ്പം
ഒരു പുറത്ത് സൊറ പറച്ചിലിൻ്റെ മേളമാവും,
കാജാബീഡി പുകയിൽ കേശവേട്ടൻ, കുഞ്ഞുട്ടിയേട്ടൻ, സുബ്രേട്ടൻ (മെമ്പർ), കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം പറയുന്ന അബ്ദുക്ക, ഹമീദ്ക്ക അങ്ങനെ നിരവധിപേർ..
പലപ്പോഴും അവരുടെ സൊറയിൽ നാട്ടിലുണ്ടായ തമാശകളെല്ലാം പൊന്തി വന്ന് കൂട്ടച്ചിരികൾ സൃഷ്ടിക്കും,
സുബ്രേട്ടൻ അച്ഛനെ തിരഞ്ഞ് പോയ കഥയും,
പയംകുളത്തിൽ സൈക്കിൾ മുങ്ങിയ കഥയും,
കേശവേട്ടൻ കല്യാണം ക്ഷണിക്കാൻ പോയ കഥയും,
എല്ലാ കല്യാണ പന്തലുകളിലും
തലേന്ന് കൂട്ടച്ചിരികളുടെ മാലപ്പടക്കംപ്പൊട്ടിച്ച് സൂപ്പർ ഹിറ്റായി ഓടും, അങ്ങനെ പായസ ഉരുളി തിളച്ചു മണം പരന്നു തുടങ്ങുമ്പോൾ നാലുമണി ബാങ്കു ഉയരും,
അങ്ങനെ ഒരു കല്യാണതലേന്ന് ഏറ്റവും മനോഹരമായി അവസാനിക്കും.
കല്യാണ ദിവസത്തേക്കാളും
കുട്ടിക്കാലത്ത് മനോഹരമായി തോന്നിയിട്ടുള്ളത് ഇത്തരം കല്യാണ തലേന്നുകൾ തന്നെയാണ്,
ഇവൻ മാനേജ്മെൻ്റിനും, കാറ്ററിംഗ് സർവ്വീസിനും വഴിമാറിയ ഇന്നത്തെ കല്യാണതലേന്നുകളിൽ
ഇത്തരം രസങ്ങളില്ല,
സാധനം സെറ്റപ്പല്ലേ...?
എന്നൊരു വാക്കല്ലാതെ
ഓർത്തുവെപ്പിനൊന്നുമില്ല,
ഇന്നത്തെ
കുട്ടിക്കാലത്തിനൊന്നും
നൽകുന്നുമില്ല നമ്മൾ,
വഴിയറിയാത്ത ദിക്കിലെ
കല്യാണങ്ങൾക്ക് മൈക്ക് കെട്ടി വഴി കാണിച്ച അന്നത്തെ
കല്യാണപുരകളിൽ
നിന്ന് പലതും
കിട്ടിയിരുന്നു.
അളവില്ലാത്ത സൗഹൃദങ്ങളിൽ
ഒരുമയുടെ
മനോഹരഗാഥകൾ,
കാലം മാറുന്നു
ചിന്തകൾ മാറുന്നു
നമ്മളും മാറുന്നു.
അജേഷ് .പി
ajeshptb@gmail.com

നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂNannayittun
മറുപടിഇല്ലാതാക്കൂനല്ല ഓർമ്മകൾ അജേഷ്
മറുപടിഇല്ലാതാക്കൂവായിക്കുമ്പോൾ ആ കാലത്ത് ഞാനും ഉണ്ടായിരുന്നു എന്ന പോലെ തോന്നുന്നു മാഷേ. നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ