2020 ജൂലൈ 18, ശനിയാഴ്‌ച

ബ്ലാക്ക് ആൻറ് വൈറ്റ് ടെലിവിഷൻ ചിന്തകൾ


ബ്ലാക്ക് ആൻറ് വൈറ്റ്  ടെലിവിഷൻ ചിന്തകൾ
അജേഷ്.പി.


ഞായറാഴ്ച പുലർന്നാൽ
എണീറ്റ്  ആദ്യമോടുക വല്യച്ഛൻ്റെ വീട്ടിലേക്ക് പത്രം നോക്കാനാണ്, ഇന്നത്തെ ടി.വി പരിപാടികളുടെ പേജ് കണ്ടെത്തി  ഇന്നത്തെ ടി.വി സിനിമ ഏതാണെന്ന്  വായിച്ചെടുക്കും. സിനിമ ബ്ലാക്ക് ആൻ്റ് വൈറ്റാണേൽ മുഖത്തെ സന്തോഷമപ്പോൾ അല്പം കുറയും, എങ്കിലും ഒരു സിനിമ കാണാമല്ലോ എന്ന മോഹം മനസ്സിൽ നിറയും.

നാട്ടിലന്ന് ടിവിയുള്ള വീടുകൾ നന്നെ കുറവ്, വിരലിലെണ്ണാവുന്നവയിൽ  പലതും ബ്ലാക്ക് ആൻറ് വൈറ്റ് ടി വി കളും.
ഞായറാഴ്ച രാവിലെ 9.30 ന് മഹാഭാരതം സീരിയൽ മുതലാണ് ടി.വി.കാഴ്ചകളിലേക്ക് പ്രായഭേദമന്യേ  ഒരു നാടാകെ ഓടുന്നത്. പിന്നീട് വൈകിട്ടത്തെ സിനിമ കാണാനുള്ള തിരക്കാണ്, ഗൾഫുകാരുള്ള ചുരുക്കം വീട്ടിൽ മാത്രമേ അന്നു നാട്ടിൽ ടീവിയൊള്ളു .

ആകാശത്തേക്കുയർന്നു നിൽക്കുന്ന ആൻറിനകൾ അധികമൊന്നുമില്ലാത്ത ഒരു ഗ്രാമമായിരുന്നു പണ്ട് ഞങ്ങളുടേത്, അതു കൊണ്ട് തന്നെ ഞായറാഴ്ചകളിൽ ടി വി കാണാൻ ഓടി നടക്കും, അന്ന് ദൂരദർശൻ ചാനൽ മാത്രമാണ്, അതിൽ ഞായറാഴ്ചയിലെ കാലത്തെ ഒരു സീരിയലും വൈകിട്ടത്തെ സിനിമയും, വെള്ളിയാഴ്ചയിലെ ചിത്ര ഗീതവും, ബുധനാഴ്ചയിലെ മൗഗ്ലിയിലും, വാർത്തകളിലും മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു മലയാളം പരിപാടികൾ, അതിൽ ഞായറാഴ്ച്ചത്തെ സിനിമ കാണുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.

നീണ്ട കോലായിലേക്ക് തുറന്നിരിക്കുന്ന മുറിയിലാണ് ചിറ്റാനിപ്പാറ വിജയേട്ടൻ്റെ വീട്ടിലെ കളർ  ടി.വി ഇരിക്കുന്നത്, 9.30 ആവുമ്പോഴെക്ക് കോലായ നിറയും, ശബ്ദമടക്കി മഹാഭാരതം കാണും, ശബ്ദമുണ്ടാക്കിയാൽ ടി.വിയിലെ ശബ്ദം കേൾക്കില്ല, ആദ്യം വരുന്നവർക്ക് ആദ്യം നിലത്ത് സീറ്റ് കിട്ടും, എങ്കിലും അയൽപക്കക്കാർക്ക് അവിടെ മുൻഗണനയുണ്ടായിരുന്നു , പിന്നൊരു കളർ ടിവിയുള്ളത് കള്ളിത്തൊടിയിലാണ്, അവിടെ മുൻഗണനയുള്ളവർക്ക് പാറുച്ചേമയുടെ കാരുണ്യത്തിൽ അകത്തിരിക്കാം, ബൈജുവും, സന്തോഷുമായിരുന്നു അവിടുത്തെ കാര്യക്കാർ അവർ അകത്തിരുന്ന് ടി.വി.കാണും. ബാക്കിയുള്ള ഞങ്ങളടങ്ങുന്ന ഒരു വലിയ കൂട്ടം ഒരു ചെറു ഗ്രില്ലിൻ്റെ പഴുതുകളിലൂടെ കണ്ണുവെച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും അവരുടെ സ്റ്റണ്ടും, പ്രണയവും, തമാശകളും നിന്നുകൊണ്ട് ആസ്വദിക്കും.

ബ്ലാക്ക് ആൻ്റ് വൈറ്റങ്കിലും ഇരുന്നു കാണാൻ അനുവാദമുള്ള വീടായിരുന്നു ചിന്നേട്ടൻ്റെ തുടുപ്പാട്ടിൽ വീട് അവിടെ പരിഗണനകളൊന്നുമില്ല, തിങ്ങി നിറഞ്ഞ കോലായിലേക്ക് എല്ലാവർക്കും വരാം ടിവി കാണാം. നഖക്ഷതങ്ങളും, രാജശില്പിയും കണ്ടത് അവിടുരുന്നാണ്.
അതു കഴിഞ്ഞാണ് അമ്പലപ്പറമ്പിൽ സുരേട്ടൻ്റെ വീട്ടിൽ ബ്ളാക്ക് ആൻറ് വൈറ്റ്  ടിവിയെത്തുന്നത്, സിനിമയും ക്രിക്കറ്റും അല്ലം സന്തോഷത്തോടെ കണ്ട വീടും അതു തന്നെ.

ഇങ്ങനെയൊക്കെയാണ് ടി.വി എന്ന കാഴ്ചപ്പെട്ടിയിലെ ദൂരദർശൻ പരിപാടികൾ  കണ്ടിരുന്നതെങ്കിലും,
ശിവരാത്രിക്കും, ഓണത്തിനും മറ്റ് വിശേഷങ്ങൾക്കും ഉണ്ണിയേട്ടൻ്റെ  വക ടി.വി യും വിസി ആറും വാടകക്ക് എടുത്ത് രാത്രിയിൽ സിനിമാ പ്രദർശനമുണ്ടാകും അവരുടെ വീട്ടുമുറ്റത്ത്, രാത്രി 8 നു തുടങ്ങുന്ന സിനിമക്ക് ആളുകൾ തിങ്ങി നിറഞ്ഞാൽ മൂപ്പര്
സിനിമ പകുതിയിലെത്തിയാൽ  പതിയെ സിനിമാ കാസറ്റ് നിർത്തി,സ്വന്തം കല്യാണ കാസറ്റ് പ്രദർശിപ്പിച്ചു മുന്നിലൊരു കസേരയും ഇട്ടങ്ങിരിക്കും, ഭാവഭേദങ്ങൾ മുഖത്ത് മിന്നി മറയും.

ഉണ്യേ, ആ സിനിമ മുഴുവനാക്ക് ...
എന്ന പറച്ചിലു കേട്ടാൽ
ഉണ്ണിയേട്ടൻ പറയും
"ഇതില് കുറെ മരിച്ച ആളുകളുണ്ട്, അവരെ ഒക്കെ കാണാൻ ഇട്ടതാ ഈ കല്യാണ കാസറ്റ്, അവരെ കാണേണ്ടേ.....?

അതോടെ ചോദ്യങ്ങൾ ഇല്ലാതാവും,

അങ്ങനെ ഓരോ വിശേഷാവസരങ്ങളിലും ഞങ്ങൾ ഉണ്ണിയേട്ടൻ്റെയും മംഗലേച്ചിയുടെയും താലിക്കെട്ടും, കല്യാണസദ്യയും കണ്ടു, കൂടെ കുറച്ച് സിനിമകളും,
ആയിരപ്പറയും, ആര്യനും, കിരീടവും തുടങ്ങി എത്ര സിനിമകൾ.,,,
പിന്നെ ക്രിക്കറ്റ് ഹരം തലക്കു പിടിക്കുമ്പോഴെക്കും നിസാറിൻ്റെ വീട്ടിലും, ഫഹദിൻ്റെ വീട്ടിലും ടി വി എത്തിയിരുന്നു വലിയ ആശ്വാസമായിരുന്നു അത്. അവിടങ്ങളിൽ രാവിലെ മുതൽ തുടങ്ങുന്ന കളി കാണാൻ ഒരു വലിയ കൂട്ടമുണ്ടാകും, ഒത്തുചേരലിൻ്റെ വലിയ സന്തോഷമുണ്ടായിരുന്നു അവിടങ്ങളിൽ.

ടി വി വെച്ചോ എന്ന് ഇടയ്ക്കിടെ പോയി നോക്കി നിരാശരായി ടിവിയുള്ള വീടുകളിൽ നിന്നും ഇറങ്ങി വരേണ്ട എത്രയോ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ബാല്യത്തിന്, എങ്കിലും
ടി.വി കാണുക എന്ന ആഗ്രഹം അത്രമേൽ വലുതായിരുന്നു അന്ന്.

നമ്മുടെ വീടുകളിൽ കാഴ്ചയുടെ വസന്തമൊരുക്കുന്ന ടെലിവിഷൻ ഇന്ന് ബ്ളാക്ക് ആൻ്റ് വൈറ്റ് കാലഘട്ടത്തിൽ നിന്ന് ഒരുപാടു മുന്നേറി ഇന്ന് ആൻഡ്രോയിഡ് വേർഷനിൽ എത്തിനിൽക്കുന്നു.
എങ്കിലും ഒരു ഞായറാഴ്ചയെത്തിയാൽ ഓടി നടന്ന വീടുകളെത്ര, എന്ന ചിന്ത മനസിൽ നിറയുന്നു,
കണ്ടു തീർത്ത സിനിമകളുടെ കഥകൾ എത്ര നാൾ പറഞ്ഞു നടന്നിരിക്കുന്നു......

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി പല കുട്ടികളും ടിവിയിലാതെ വിഷമിക്കുന്നു,
ഈ വേളയിൽ ടി.വി.കാണാൻ നടന്ന ബാല്യം, ഓർമകളിൽ അവരിലൊരാളാക്കുന്നു തിരിച്ചു കിട്ടാത്ത ആ ബാല്യത്തേയും...

അജേഷ്.പി
ajeshptb@gmail.com


തുടരും....

7 അഭിപ്രായങ്ങൾ:

  1. ക്രിക്കറ്റും സിനിമയും ഉളളം കയ്യിലെത്തി... ഓർമ്മകൾക്കാണ് വീര്യം കൂടുതൽ... എന്തിനേക്കാളും... നന്ദി...

    മറുപടിഇല്ലാതാക്കൂ
  2. ക്രിക്കറ്റും സിനിമയും ഉളളം കയ്യിലെത്തി... ഓർമ്മകൾക്കാണ് വീര്യം കൂടുതൽ... എന്തിനേക്കാളും... നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. Ajeshettante anubhavangalil Oru pakuthiyolam ethaanenkilum njangalude baltathinum kazhinjittubd enkilum valare pettennu thanne swantham veedukalil Oru second hand color tv vannathode athu avasaanichu . Enkilum we ormakal marakkaan kazhiyaathathaanu , Enkilum janmanaattile balyakala smaranakal chikanjeduthu njangalude balyathilekku kondupoyi Oru nalla grihathuruthwam sammanicha ajeshettante eee nalla rachanakku orupaadu abhinandhanangal

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്.പഴയ കാലത്തേക്ക് ഒരു തിരിച്ചുപോക്ക്.....

    മറുപടിഇല്ലാതാക്കൂ
  5. പഴയ കാലത്തെ ഓർമ്മകൾ ഉണർത്തിയതിന് ഒരുപാട് നന്ദി. സ്കൂളിലെ കുട്ടികളിൽ ചുരുക്കം ചിലർക്ക് Tv സൗകര്യo ഇല്ല എന്നറിഞ്ഞപ്പോൾ രണ്ടു പേരെയെങ്കിലും അവ ലഭ്യമാക്കാൻ സഹായിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു ഈ നിമിഷത്തിൽ .

    മറുപടിഇല്ലാതാക്കൂ
  6. സിനിമക്കിടയിൽ കല്യാണ കാസറ്റ് തിരുകുന്ന ഉണ്യേട്ടന് നല്ല നമസ്കാരം.

    മറുപടിഇല്ലാതാക്കൂ
  7. സിനിമക്കിടയിൽ കല്യാണ കാസറ്റ് തിരുകുന്ന ഉണ്യേട്ടന് നല്ല നമസ്കാരം.

    മറുപടിഇല്ലാതാക്കൂ

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...