2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ഗുണ്ടുണ്ടാക്കിയ ചിരി


 ഗുണ്ടുണ്ടാക്കിയ ചിരി
അജേഷ്.പി


കുറച്ച് കാലങ്ങൾക്കു മുന്നെയുള്ള സംഭവമാണ്,

ഒരു വിഷുത്തലേന്ന് നാട്ടിൽ പടക്കങ്ങൾ മാറി മാറി പൊട്ടുന്നു. വാണങ്ങൾ പതിയെ ഉയർന്ന് ആകാശത്ത് ചിത്രം വരയ്ക്കുന്നു. മേശപ്പുക്കൾ ചിലത് വർണം വിതറുന്നു ചിലത് പൊട്ടി തെറിക്കുന്നു. പൂത്തിരികൾ പുഞ്ചിരിക്കുന്നു. ഞങ്ങൾ നാലുപേർ (ഞാൻ, വിവേകാനന്ദൻ, പ്രവീൺ, രാജു ) ഇതും പറഞ്ഞ് റേഡിലിരിപ്പാണ്.

ഇത്തവണ സതിയുടെ വീട്ടിൽ നല്ല സ്ട്രോംഗ് പൊട്ടാണല്ലോ....?

കാതടിപ്പിക്കുന്ന ഗുണ്ടിന്റെ ഒച്ച കേട്ട് രാജു പറഞ്ഞു.

അത് കുഞ്ഞാമിയേട്ടൻ ക്വാറിയിലെ വെടിമരുന്നു കൊണ്ടുണ്ടാക്കിയ കുഴി മിന്നിയാകും.

കൂട്ടത്തിൽ ആരോ പറഞ്ഞു.

ഞങ്ങളും റോഡിലിരുന്ന് ഓലപ്പടക്കം കത്തിച്ച് വായുവിലേക്കെറിഞ്ഞു.

പടക്കത്തിന്റെ ഉഗ്രശബ്ദത്തോടൊപ്പം 

ഉച്ചത്തിലൊരു നിലവിളി!

അതെ 

സതിയുടെ വീട്ടിൽ നിന്നാണ് കരച്ചിൽ

ഓടി വീടെത്തിയപ്പോൾ 

കണ്ടത് കുഞ്ഞാമിയേട്ടന്റെ കൈയിൽ ചോര....

മുപ്പർക്കത് നെവർ മൈൻഡ്,

കിട്ടിയ വണ്ടിയിൽ പട്ടാമ്പി നിളയിലേക്ക്....

അപകടത്തിന്റെ ഗുരുതരാവസ്ഥ കണ്ടപ്പോൾ ഡോക്ടർ എഴുത്തു തന്നു അൽഷിഫ പെരിന്തൽമണ്ണ. രാത്രി അടുത്ത വണ്ടിയിൽ പെരിന്തൽമണ്ണക്ക്,

റോഡുവക്കിലെ വീട്ടുമുറ്റങ്ങളിൽ പൂത്തിരി കത്തുന്നു, മേശപ്പൂത്തിരി ഉയരുന്നു, ചീനിപ്പടക്കങ്ങൾ കലപില കൂട്ടുന്നു.

അൽ ഷിഫയിലെത്തിയപ്പോൾ സർജറി വേണം വിരലുകൾ ചിലത്ത് അറ്റിരിക്കുന്നു.. കാലത്തെ സർജറി നടക്കൂ.

പണിതീരാത്ത അൽഷിഫയുടെ മുന്നിലെ മെറ്റൽ കൂമ്പാരത്തിൽ വിഷുത്തലേന്ന് അർദ്ധരാത്രി കുറച്ച് ലുങ്കി മുണ്ടുകാർ ആകാശം നോക്കി കിടന്നു, 

കുറേ ചിരിച്ച്

വർത്തമാനം പറഞ്ഞ്,

ഗുണ്ട് കൈയിൽ പിടിച്ച്

വിളക്ക് മുകളിലെക്കെറിഞ്ഞമൂപ്പരുടെ മായാവിദ്യയെ പറ്റി അത്ഭുതപ്പെട്ട്, രാത്രിയിൽ തട്ടുകടയിൽ നിന്നും കിട്ടിയ രണ്ടു ബ്രഡും ഓരോ ഓംലറ്റും പാതി വയറിലങ്ങനെ വിശപ്പിന്റെ വിളി തുടരുന്നുണ്ട്, പൂച്ചയുറക്കത്തിന്റെ അവസാനത്തിൽ വിഷുക്കണ്ണി,റിസപ്ഷനിൽ ഉറക്കം തൂങ്ങുന്ന ആശുപത്രി ജീവനക്കാരികൾ!


ഇന്ന് വിഷുവല്ലേ...

എല്ലാരും വീട്ടിൽ പൊയ്ക്കോളു.,,

കാലത്തെത്തിയ

മൂപ്പരുടെ സഹോദരന്റെ ഉപദേശം.


9 മണിക്ക് പട്ടാമ്പി ബസിൽ ലുങ്കിയും ടീ ഷർട്ടുമിട്ട് 4 പേർ പിൻസീറ്റിൽ.

നാലു ശങ്കരമംഗലം,

ഈ വിഷുവായിട്ടും ഇന്നും ഇങ്ങള് പെയിന്റ് പണിക്ക് പോവാണോ.,,,?(അന്ന് നമ്മുടെ നാട്ടിൽ ബംഗാളികൾ ( അതിഥി തൊഴിലാളികൾ ) വ്യാപകമല്ല) കണ്ടക്ടറുടെ ചോദ്യം.

അയാൾടെ വർത്താനം കേട്ടപ്പോൾ ദേഷ്യം വന്നു. മുഷിഞ്ഞ വസ്ത്രങ്ങളിലേക്ക് പരസ്പരം നോക്കിയപ്പോൾ ദേഷ്യം കൂട്ടച്ചിരിയായി.

ഇന്നും പടക്കം പൊട്ടുമ്പോൾ

മനസ്സിൽ നന്നായി കത്തുന്ന

ഒരു വിളക്ക് ആകാശത്തേക്കുയരും 

പിന്നെ ചുണ്ടത്ത് അതൊരു പൂത്തിരിയായ് മാറും..

NB :പേരുകളിൽ ചിലത് സാങ്കല്പികം.

അജേഷ്.പി

ajeshptb@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...