2020 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

പുഞ്ചപ്പാടത്തെ മറഡോണമാർ

 



പുഞ്ചപ്പാടത്തെ മറഡോണമാർഅജേഷ്.പി


കുട്ടിക്കാലം മനോഹരമാകുന്നത് കുറേ കളികളും കുസൃതികളും കൂടെ ചേരുമ്പോഴാണ്, വെറും കുട്ടികളാവലല്ല, കളിച്ചു രസിച്ചു കുട്ടികളാവുമ്പോഴാണ് ഓർമ്മകളുടെ മനോഹര കളിയിടങ്ങൾ വീണ്ടും മനസിൽ നിറയുന്നത്.അതെ കുട്ടിക്കാലത്തെ കളിയിടങ്ങളിലേക്ക് മനസുകൊണ്ടെങ്കിലും തിരിഞ്ഞു നടക്കാൻ എന്തു രസമാണ്..!

വീട്ടുമ്മറത്ത്  കുട്ടികൾക്കു കളിക്കാൻ പ്ലാവില പാത്രങ്ങൾ കുത്തി കൊടുക്കുമ്പോഴാണ് വീണ്ടും ആ കുട്ടിക്കാലത്തിൻ്റെ നിഷ്കളങ്കതയിലേക്ക്; നന്മയിലേക്ക് ഞാൻ വീണ്ടുമോടിപോയതും, ഈ കുറിപ്പെഴുതാൻ തോന്നിയതും.

മുറ്റത്തു നിന്നു തന്നെ ആ കളിവിശേഷങ്ങളിലേക്ക് യാത്ര തുടരാം, ഉച്ചതിരിഞ്ഞാൽ  വലിയ വീട്ടുമുറ്റങ്ങളിലേതെങ്കിലും ഒന്നിൽ എല്ലാവരും ഒത്തുകൂടും, ആൺ പെൺ വേർത്തിരിവില്ലാതെ കക്കുകളിക്കാനുള്ള തിരക്കിലാവും, പൂഴി നിറഞ്ഞ മുറ്റങ്ങളിൽ വലിയ ചതുരക്കള്ളികൾ കാലുകൊണ്ട് വരച്ചു ചേർക്കും, നാലു കള്ളിയോ എട്ടുക്കള്ളിയോ ഏതാണൊ കൂടുതൽ കളിക്കാനുള്ള ആളുകൾ എന്നു നോക്കി കളിക്കാനാരംഭിക്കും. ആൺ - പെൺ ഭേദമില്ലാതെ നടക്കുന്ന കളിയിൽ ചിലപ്പോൾ മുതിർന്നവരും കൂടും. മുതിർന്നവർ കളിക്കാനിറങ്ങുന്നത് ഏറെ ഇഷ്മാണ്, അന്നത്തെ മുതിർന്നവരുടെ  ഉള്ളിലെ ആ കുട്ടിത്തം ഇന്നാണ് അറിയാൻ കഴിയുന്നത്.

കുറച്ച് നടന്നാൽ മുണ്ടേട്ടൻ്റെ വീടാകും.ആ വീടിൻ്റെ പുറകിലെ വേലിക്കരികിൽ വലിയ പ്ലാവുണ്ട് തണൽ വിരിച്ച്, ഓണക്കാലമായാൽ വലിയ ഉഞ്ഞാലിട്ട് ആകാശത്തേക്ക് കുതിക്കും ആ പ്ലാവിൽ നിന്ന്.മറ്റു സമയങ്ങളി ലവിടെ ആൺ-പെൺ. വ്യത്യാസമില്ലാതെ കൊത്തങ്കൽ കളിയാണ് (കല്ലുകളി), ആറാട്ടും, അഞ്ചുകല്ലും, ഏഴുകല്ലുമായി വലിപ്പചെറുപ്പമില്ലാതെ കളിക്കും, കൈകളുടെ വലുപ്പമനുസരിച്ച്  കല്ലുകൾ വാരുന്നവർ, കൈവഴക്കത്തിനനുസരിച്ച് ദൂരെയുള്ള കല്ലുകൾ ചേർത്തു കൈപ്പിടിയിലൊതുക്കുന്നവർ കല്ലുകളി ഒരു കലയായി മനസിൽ ഇന്നും നിറഞ്ഞു നിൽപ്പുണ്ട്. പക്ഷെ, ഇന്നത്തെ ബാല്യത്തിന് അന്യമായ നാടൻ കളി, കല്ലാടുന്നിടത്ത് നെല്ലാടില്ല എന്ന ചൊല്ലുണ്ട്, പക്ഷെ കല്ലാടിയിരുന്ന കാലത്ത് നെല്ലുണ്ടായിരുന്നു, ഇന്ന് കല്ലുമില്ല നെല്ലുമില്ല.

രാമൻകുഴിയിലേക്ക് കടന്നാൽ വലിയ പറങ്കുച്ചികൾ (പറങ്കിമാവ്) ശിഖരങ്ങൾ മണ്ണിലേക്ക് ചായ്ച്ച് തണലുവിരിച്ച് നിൽപ്പുണ്ടാവും. അതിലൊന്നിൽ കോ ലേറാണ് അടുത്ത കളി, ഒരാൾ ഒരു കോൽ (വടി) നിലത്തുവെച്ച് കാവൽ നിൽക്കും മരത്തിലുള്ളവരെ തൊടാൻ ശ്രമിക്കും, അപ്പോഴേക്ക് ആരെങ്കിലുമൊരാൾ വന്ന് വടിയെടുത്ത് ദൂരേക്ക് എറിയും, ആ വടി താഴെ നിൽക്കുന്നവൻ പോയി എടുത്തു കൊണ്ട് വന്ന് വീണ്ടും ഒരാളെ തൊടാൻ ശ്രമിക്കും  അങ്ങനെ കളി കൊഴുക്കും. ഒരു കോൽ, പടർന്നു പന്തലിച്ച തണൽമരം നിരവധിയാളുകൾ  മനോഹരമായ കളി, ഇന്നു പറങ്കുച്ചികളില്ല രാമൻകുഴിയിൽ കുറ്റിച്ചെടികൾ മാത്രം.

കാരകളിയും, തൊട്ടുകളിയും ,ചട്ടിപ്പന്തും, ഏറു പന്തും ഒളിച്ചുകളിയുമായി പാടത്തേക്കാണ് അടുത്ത പോക്ക്, ഏറുകൊണ്ട് പുറം തിണർക്കും, ഒളിച്ചുകളിയിൽ വീണ്ടും വീണ്ടും എണ്ണും, എത്ര വെച്ചാലും താഴേക്ക് തന്നെ വീഴുന്ന ചട്ടിപ്പൊട്ടുകൾ, മാങ്ങയണ്ടിയും വളഞ്ഞ കോലും, 

ഇടയ്ക്ക് കട്ടിയുള്ള കുഞ്ഞു റബർ പന്തു കൊണ്ട് ഫുട്ബാളകാം കളി, ആ കുഞ്ഞുപന്ത് കളിക്കിടയിൽ അഞ്ചാം നമ്പർ ഫുട്ബാളായി രൂപാന്തരപ്പെടും, പത്രത്തിൽ ചിത്രം കണ്ട് വായിച്ചറിഞ്ഞ മറഡോണയും ഹിഗ്വിറ്റയും, ബാറ്റിസ്റ്റ്യൂട്ടയും ആ  കട്ടകൾ വിണ്ട പാടത്ത്  കളിക്കാനിറങ്ങും. 

ചൊട്ടയും മണിയും, ഗോലിയും മുറ്റത്തൊ,ചെമൺ റോഡിലോ ആകും കളിക്കുക.. മാരുതിയും, ചുവരേറും, കുഴി നിറക്കലും, സേവിയും പെട്ടിയുമായി ട്രൗസറിൻ്റെ പോക്കറ്റ് നിറച്ച പളുങ്കുഗോലികൾ...

നാട്ടിലെ റോഡുപണിക്കാദ്യമായ് വന്ന തവക്കൽ ലോറിയും ലോറിയെ അനുകരിച്ച് ചെരുപ്പു കൊണ്ട് വെട്ടിയെടുത്ത ചക്രം കൊണ്ട് തീർത്ത കളിവണ്ടികൾ,

കളിവീടുകൾ, പ്ലാവില പാത്രങ്ങൾ...

ബാല്യം ഓർമ്മകളുടെ വലിയൊരു ഖനിയാണെന്നും, മനോഹാരമാണെന്നും ടെലിവിഷനു മുൻപിലും, മൊബൈലിനു മുൻപിലും കുഞ്ഞുങ്ങളെ പിടിച്ചിരുത്തു മ്പോൾ നാം തിരിച്ചറിയണം,

മണ്ണിൽ കളിച്ചും,വെയിലത്തോടിയും, മാങ്ങപ്പറിച്ചും രുചിച്ചു. വർത്തമാനത്തിലെ ബാല്യങ്ങളും കളിക്കട്ടെ, നാടിൻ്റെ മണമുള്ള കളികൾ...

അങ്ങനെ നന്മയുള്ള കാലം ഒരിക്കൽ അവരും ഓർത്തെടുക്കട്ടെ...

(തുടരും)

അജേഷ്.പി                 ajeshptb@gmail.com

3 അഭിപ്രായങ്ങൾ:

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...